Thursday
14 Nov 2019

‘ഭിന്നിപ്പിന്റെ നായകന്‍’ നരേന്ദ്രമോഡി വീണ്ടും അവരോധിക്കപ്പെട്ടാല്‍

By: Web Desk | Sunday 19 May 2019 9:54 PM IST


aravindakshakan2002 ലെ ഗോദ്ര കലാപങ്ങള്‍ക്കുശേഷമുണ്ടായ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് താനെന്നും മാത്രമല്ല കൊള്ള, അതിക്രമങ്ങള്‍, കല്ലേറ്, മോഷണം തുടങ്ങിയവയാണ് തനിക്കെതിരായി ചുമത്തപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഒന്നര പതിറ്റാണ്ടോളം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ആനന്ദ് ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന മിതേഷ് പട്ടേല്‍ തന്റെ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഏറ്റുപറഞ്ഞിരിക്കുന്നത്. മിതേഷ് പട്ടേലിനെതിരെയുള്ള കുറ്റപത്രങ്ങള്‍ അങ്ങനെയിരിക്കെ, ഏതെങ്കിലും സമയത്ത് ഇതില്‍ നിന്നെല്ലാം അദ്ദേഹം ഒഴിവാക്കപ്പെടുകയും നിരപരാധിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം മറ്റൊന്നാണ്. 2010 ല്‍ ആനന്ദിലെ സെഷന്‍സ് കോടതി അദ്ദേഹത്തെ തീര്‍ത്തും കുറ്റവിമുക്തനാക്കുകയാണ് ചെയ്തതെങ്കിലും 2011 ല്‍ പൊടുന്നനെ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ തന്നെ ഇതിനെതിരെ തെറ്റുതിരുത്തലിന്റെ പ്രതീതി ജനിപ്പിക്കുന്നവിധം ഒരു അപ്പീല്‍ ഫയല്‍ ചെയ്യുകയാണുണ്ടായത്. ഇതിന്റെ അര്‍ഥം മിതേഷ് പട്ടേല്‍ നിരപരാധിയായി എന്നല്ല. കാരണം അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ എഴുതിത്തള്ളപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗുജറാത്തിലെ ബിജെപി നേതൃത്വം (അമിത് ഷായുടെയും മോഡിയുടെയും അറിവോടുകൂടി) ആനന്ദില്‍ നിന്നും ബിജെപി ടിക്കറ്റില്‍ അദ്ദേഹത്തെ മത്സരിപ്പിച്ചിരിക്കുന്നത്.
നിയമപരമായി ഈ നടപടിയില്‍ തെറ്റില്ല. കാരണം, അപ്പീലില്‍ തീരുമാനമാകും വരെ 2010 ലെ സെഷന്‍സ് കോടതി വിധിക്ക് സാധുതയില്ലല്ലോ. ജനാധിപത്യപരവും ഉദാരവുമായ നിയമവ്യവസ്ഥ നിലവിലുള്ളിടത്തോളം കാലം ഇതായിരിക്കും സ്ഥിതി. പക്ഷേ, ഒരു കാര്യമുണ്ട്, ഈ പ്രക്രിയയില്‍ ധാര്‍മ്മികത എന്നൊന്നുണ്ടോ? ബിജെപി-സംഘപരിവാര്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും സ്ഥാനമില്ലെന്നാണോ നാം മനസിലാക്കേണ്ടത്? എങ്കില്‍, അത് തുറന്നുപറയുകതന്നെ വേണം. ഇതേ മോഡിയും അമിത് ഷായും തന്നെയാണ് 1984 ലെ സിഖ് കൂട്ടക്കൊലയ്ക്കുള്ള മുഴുവന്‍ ഉത്തരവാദിത്തവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ വ്യഗ്രത കാട്ടുന്നത്. 2002 ലെ ഗുജറാത്തിലെ നരഹത്യയില്‍ നിന്നും തന്ത്രപൂര്‍വമല്ലെ മോഡിയും കൂട്ടരും രക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രഗ്യാസിങ് ഠാക്കൂറിന്റെ കാര്യമെടുക്കുക. 2008 ലെ മാലേഗാവ് ബോംബിങ് കേസില്‍ നിരവധി പേരുടെ ജീവനെടുത്തതിനെ തുടര്‍ന്ന് ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ വ്യാജ സന്യാസിനിയാണല്ലൊ ഈ മഹതി. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണെന്നു പറയപ്പെടുന്നു. ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന ക്രിമിനല്‍ കേസുകളിലൊന്നും ശിക്ഷയര്‍ഹിക്കുന്ന വ്യക്തമായ തെളിവ് കണ്ടെത്താനായില്ലെന്ന പേരില്‍ എന്‍ഐഎ പ്രഗ്യക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം യുഎപിഎ വകുപ്പുകള്‍ അനുസരിച്ച് നിരവധി കുറ്റങ്ങള്‍ക്ക് ഇവര്‍ ഇപ്പോഴും വിചാരണ നേരിട്ടുവരികയാണ്. ശിക്ഷിക്കപ്പെടാത്തതിനാല്‍ ഈ മഹതി ‘നിരപരാധി’യാണ്. സാങ്കേതികമായി ഇവരുടെ സ്ഥാനാര്‍ഥിത്വമോ അവരെ പ്രത്യേകം കണ്ടെത്തി സ്ഥാനാര്‍ഥിയാക്കിയ ബിജെപി നേതൃത്വത്തിന്റെ നടപടിയോ സാങ്കേതികമായി തെറ്റാകുന്നില്ല. എന്നാല്‍ ധാര്‍മികമായി ശരിയാകുന്നുമില്ല.
മിതേഷ് പട്ടേല്‍, പ്രഗ്യാസിങ് ഠാക്കൂര്‍ തുടങ്ങി ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്നും ഇനിയും മോചനം നേടിയിട്ടില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കുമ്പോള്‍ അര്‍ഹരായ നിരവധി പാര്‍ട്ടി നേതാക്കള്‍ തഴയപ്പെട്ടിരിക്കുകകൂടി ചെയ്തിരിക്കുകയാണ്. ബിജെപി-സംഘപരിവാര്‍ നേതൃത്വത്തിനറിയാം, മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം ഏതു ഹീനമാര്‍ഗത്തിലൂടെയും കൈവരിക്കുക സാധ്യമാണെന്ന്. അല്ലെങ്കില്‍ പിന്നെ ഹേമന്ത് കര്‍ക്കരെയെപ്പോലെ വീരമൃത്യു വരിച്ച ധീരനായ ഒരു പൊലീസ് ഓഫീസറെ അപമാനിച്ച ഒരു ക്രിമിനല്‍ കുറ്റാരോപിതയായ വനിതയെ സ്ഥാനാര്‍ഥിയാക്കിയതിന്റെ ലക്ഷ്യമെന്താണ്? രാഷ്ട്രീയ ധാര്‍മ്മികതയുടെയും ഹിന്ദുത്വത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുന്ന സംഘപരിവാര്‍ നേതൃത്വം തന്നെ ഇതിന് മറുപടി പറയണം. നിരവധി ബിജെപി സ്ഥാനാര്‍ഥികള്‍ യുക്തിസഹമായി ചിന്തിക്കുന്ന മനുഷ്യസമൂഹത്തിന്റെ സന്തതികളല്ലെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിയുകയും ചെയ്യാം. മോഡിയുടെ ഭീകരവാദത്തിനെതിരായ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നതിനുള്ള തെളിവല്ലെ, ശ്രീലങ്കന്‍ തമിഴ് ഭീകരവാദികളില്‍ നിന്നും ആവേശം പകര്‍ന്നുകിട്ടിയതിനെ തുടര്‍ന്ന് നടത്തിയ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ നിസാരവല്‍ക്കരിക്കുകയും അദ്ദേഹത്തെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത്.
രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വത്തെ ചോദ്യം ചെയ്യുന്ന ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കനേഡിയന്‍ പൗരനായ നടന്‍ അക്ഷയ്കുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നല്‍കിയ നടപടിയെപ്പറ്റി എന്തേ ഇന്നും മൗനം പാലിക്കുന്നു? താന്‍ വോട്ടു രേഖപ്പെടുത്താതിരുന്നത് കനേഡിയന്‍ പൗരനായതുകൊണ്ടാണെന്ന് അക്ഷയ്കുമാര്‍ തന്നെ ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. 2016 ലെ ‘റുസ്തം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ്കുമാറിന് അവാര്‍ഡ് കിട്ടിയത്. ഇന്ത്യന്‍ പൗരത്വമില്ലാത്ത ഈ നടനുമായി മാധ്യമ കൂടിക്കാഴ്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ഇത്തരം വസ്തുതകളൊന്നും അറിഞ്ഞില്ലെന്നുവരുമോ? ഇതേ പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ഒരു ബംഗ്ലാദേശ് കലാകാരന്‍ പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിക്കായി പ്രചാരണത്തിനു വന്നിരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിസ നിഷേധിച്ച് അദ്ദേഹത്തെ മടക്കി അയച്ചത്. ഇത്തരം നടപടികളിലൊന്നിലും സിഇസി ബിജെപി നേതൃത്വത്തിന്റെ വിവേചനപരമായ സമീപനവും രാഷ്ട്രീയമായ അധാര്‍മ്മികതയും കാണുന്നില്ല.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 52 ശതമാനം മുസ്‌ലിം ഇതര സമുദായത്തില്‍പ്പെടുന്ന വോട്ടര്‍മാരാണെന്ന വസ്തുത മറച്ചുവച്ച് രാഹുല്‍ഗാന്ധി അവിടെ നിന്നും മത്സരിക്കുന്നത് ഹിന്ദു വോട്ടര്‍മാരെ ഭയന്നിട്ടാണെന്ന് പ്രചരിപ്പിക്കുന്നതിലും സിഇസി തെറ്റുകാണുന്നില്ല. അതേ അവസരത്തില്‍ നരേന്ദ്രമോഡി മത്സരിക്കുന്നത് ക്ഷേത്രങ്ങളുടെ നഗരമായ വാരണാസിയില്‍ നിന്നും അമിത് ഷാ മത്സരിക്കുന്നത് ഗുജറാത്തിലെ വംശഹത്യാ കേന്ദ്രമായിരുന്ന അഹമ്മദാബാദില്‍ നിന്നും ആണെന്നോര്‍ക്കുക. ഈ വംശഹത്യയില്‍ നേരിട്ടോ, അല്ലാതെയോ പങ്കാളിത്തമുണ്ടെന്നതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റാരോപിതരായ ഇരുവരും (ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതിനാല്‍ മാത്രം) നിരപരാധികളുടെ വേഷം സ്വയം ധരിച്ച് മത്സരിക്കുകയാണ്. എന്തിനെന്നോ? 130 കോടിയില്‍പ്പരം വരുന്ന ഇന്ത്യയിലെ ജനങ്ങളെ ഭരിക്കാന്‍, ആത്മാവ് നഷ്ടപ്പെട്ടവര്‍ക്ക് ഇതിനുള്ള ധാര്‍മ്മികമായ അവകാശമുണ്ടോ? ഇല്ലേ ഇല്ല.
ഇന്ത്യന്‍ ജനതയ്ക്ക് നല്ലകാലം വാഗ്ദാനം നല്‍കി മോഡി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തരകടം 56.69 ലക്ഷം കോടി രൂപയായിരുന്നത് 2018 സെപ്റ്റംബറില്‍ 82.03 ലക്ഷം കോടിയായും ഇപ്പോള്‍ 84.14 ലക്ഷം കോടി രൂപയായും വര്‍ധിച്ചിരിക്കുന്നു. അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ആഭ്യന്തര കടബാധ്യതാ വര്‍ധന 57 ശതമാനം. ഒരു ശരാശരി ഇന്ത്യക്കാരന്റെ വാര്‍ഷിക വരുമാനം 19.77 ലക്ഷം രൂപ മാത്രമാണെന്ന പശ്ചാത്തലവും ഈ കണക്കുകളോടൊപ്പം ചേര്‍ത്തുകാണണം. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ ധനശേഷിയൊന്നു നോക്കുക. 2014 ല്‍ 16-ാം ലോക്‌സഭയിലെ 543 അംഗങ്ങളില്‍ 422 പേരും കോടീശ്വരന്മാരായിരുന്നു. ഇന്ത്യന്‍ ജനസംഖ്യയെടുത്താല്‍ കോടീശ്വരന്മാര്‍ ഒരു ശതമാനം മാത്രമാണെന്നിരിക്കെ, അതില്‍ 77.71 ശതമാനം പേര്‍ ലോക്‌സഭയിലെത്തി. 1952ല്‍ ഒന്നാം ലോക്‌സഭാ രൂപീകൃതമാകുമ്പോള്‍ മൊത്തം 489 എംപിമാരുണ്ടായിരുന്നതില്‍ 9 ശതമാനം മാത്രമേ കോടീശ്വരന്മാരായുണ്ടായിരുന്നുള്ളു. കോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും എണ്ണം കുത്തനെ ഉയര്‍ന്നത് 1990 കള്‍ക്കു ശേഷമാണെന്നത് നിസാരമായി കാണരുത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെയും ജനാധിപത്യവ്യവസ്ഥയുടെയും നാഴികക്കല്ലായിരുന്നു 1990 എന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യം തന്നെയാണ്. അതുപോലെതന്നെ, 16-ാം ലോക്‌സഭയുടെ രൂപീകരണം പൂര്‍ത്തിയായതോടെ ബിജെപി തനിച്ച് ഭരണമേല്‍ക്കാന്‍ കഴിയുന്നത്ര ഭൂരിപക്ഷം നേടിയിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റില്‍ ബിജെപിക്ക് മൊത്തം 274 എം പിമാരുണ്ടായിരുന്നതില്‍ 234 പേരും കോടീശ്വരന്മാരായിരുന്നെങ്കില്‍ ലോക്‌സഭയിലെ 44 കോണ്‍ഗ്രസ് എം പിമാരില്‍ 34 പേരും കോടീശ്വരന്മാരുടെ കൂട്ടത്തിലായിരുന്നു. ഇക്കൂട്ടരെല്ലാം സിഇസി നിര്‍ണയിച്ചിരിക്കുന്ന 70 ലക്ഷം രൂപ മാത്രം ചെലവാക്കി പാര്‍ലമെന്റിലെത്തിയതാണെന്ന് അരിയാഹാരം ഒരുനേരമെങ്കിലും കഴിക്കുന്നവരാരും സ്വപ്‌നം കാണുകപോലുമുണ്ടാവില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിറഞ്ഞാടുന്നത് ജനകീയ താല്‍പര്യസംരക്ഷണ യത്‌നങ്ങളല്ല, പണാധിപത്യ താല്‍പര്യസംരക്ഷണവും കോര്‍പ്പറേറ്റ് താല്‍പര്യ സംരക്ഷണവുമാണെന്ന് പറയുന്നത് വെറുതെയല്ല.
ഇന്ത്യന്‍ സൈന്യത്തിന്റെ പേരില്‍ വോട്ടുതേടുന്ന ജനാധിപത്യവിരുദ്ധവും ഹീനവുമായ തന്ത്രം തുടര്‍ച്ചയായി പ്രയോഗിച്ചുവരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും 1999 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തുണ്ടായ ഏതാനും ചില സംഭവങ്ങള്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നിപ്പോവുന്നു. അന്നാണ് കാര്‍ഗില്‍ യുദ്ധം നടക്കുന്നതും ഇന്ത്യയിലെ സൈനികര്‍ രാജ്യത്തിന്റെ ആത്മാക്കളായി മാറുന്നതും മറ്റേതൊരു യുദ്ധത്തിലും എന്നപോലെ. ഇന്ത്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതും യുദ്ധം നടക്കുന്നതിനിടയ്ക്കാണ്. എന്നാല്‍, അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ഇന്ത്യാ-പാക് യുദ്ധത്തെയും സൈനികരുടെ ത്യാഗങ്ങളെയും തെരഞ്ഞെടുപ്പു പ്രചാരണവുമായി കൂട്ടിക്കുഴയ്ക്കുകയായിരുന്നില്ല ചെയ്തത്. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്കായി ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നതിനെ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനോട് വാജ്‌പേയ് ഉപമിച്ചതായും ഓര്‍ക്കുന്നില്ല. സത്യമെന്തെന്നറിയാന്‍ താല്‍പര്യമുള്ള ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍, പ്രധാനമന്ത്രി മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷാ എങ്കിലും, അക്കാലത്ത് ഹരിയാനയില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന ഒരു തെരഞ്ഞെടുപ്പു യോഗത്തിനു മുമ്പു നടന്നൊരു സംഭവം ഓര്‍ക്കുന്നതു നന്നായിരിക്കും. വാജ്‌പേയ് പങ്കെടുത്തൊരു പരിപാടിയുടെ വേദിക്കു പിന്നില്‍ കെട്ടിയിരുന്നൊരു കര്‍ട്ടനില്‍ ഇന്ത്യയുടെ വിവിധ സൈനിക തലവന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഇത് കണ്ടയുടന്‍തന്നെ വാജ്‌പേയ് പറഞ്ഞതെന്തായിരുന്നെന്നോ? ‘അരുത്, ഇങ്ങനെ ചെയ്യുന്നത് ശരിയല്ല’ എന്നായിരുന്നു. ഉടന്‍തന്നെ സംഘാടകര്‍ ആ ബാക്ക് ഡ്രോപ് നീക്കം ചെയ്യുകയാണുണ്ടായത്. വാജ്‌പേയുടെ വാക്കുകളും പ്രവര്‍ത്തികളും രാഷ്ട്രീയ ധാര്‍മ്മികതയുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണിന്നും.
എന്നാല്‍, ഇന്നത്തെ സ്ഥിതിയോ? ബാബറി മസ്ജിദ് തകര്‍ത്തത് ആര്‍എസ്എസ്-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കര്‍സേവകരായി ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍സിങ് തുടങ്ങിയവരുടെ നേതൃത്വത്തിലാണെന്ന വാര്‍ത്ത അറിയാനിടവന്ന വാജ്‌പേയുടെ ആദ്യത്തെ പ്രതികരണമെന്തായിരുന്നു എന്നോ? ‘ഈ നടപടി ഒഴിവാക്കാമായിരുന്നു’ എന്നുതന്നെ. ഇന്നിപ്പോള്‍ യുപി മുഖ്യന്‍ ആദിത്യനാഥ് മുതല്‍ പ്രധാനമന്ത്രി മോഡി വരെ ഏതുവിധേനയും തര്‍ക്കഭൂമിയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന അഭിപ്രായക്കാരാണ്. ഇതില്‍ നാളിതുവരെ പ്രതിബധന്ധമായിരിക്കുന്നത് സുപ്രീംകോടതിയുടെ നിലപാടാണ്. മോഡി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ അങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കട്ടെ, ക്ഷേത്ര നിര്‍മാണം നടക്കുകതന്നെ ചെയ്യും. അതോടെ ‘ടൈം’ വാരികയുടെ ഏറ്റവുമൊടുവില്‍ പുറത്തുവന്ന പതിപ്പിന്റെ കവര്‍‌സ്റ്റോറിയില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതുപോലെ ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ തലവനായി ‘ഭിന്നിപ്പിന്റെ നായകന്‍’ ആയ നരേന്ദ്രമോഡി തന്നെ അവരോധിക്കപ്പെട്ടേക്കാം.

(അവസാനിച്ചു)