Web Desk

കോതമംഗലം

June 04, 2020, 7:35 pm

ഓൺലൈൻ പഠനം സാധ്യമാകാതെ ഭിന്നശേഷിക്കാർ വലയുന്നു

Janayugom Online

ഓൺലൈൻ പഠനവും സാമൂഹിക അകലം പാലിക്കലും പ്രാവർത്തികമാക്കാനാകാതെ ബഡ്സ് സ്പെഷ്യൽ സ്കൂൾ
വിദ്യാർത്ഥികളുടെ മാതാപിതാക്കളും അദ്ധ്യാപകരും ആശയ കുഴപ്പത്തിൽ. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിവിധ തരം കളികളിലൂടെയും ഫിസിയോ തെറാപ്പിലൂടെയും ആയിരുന്നു അദ്ധ്യാപകർ പഠിപ്പിച്ചിരുന്നത്. കൊവിഡ് ഭീതിയിൽ ലോക് ഡൗൺ വന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കാൻ കഴിയാതെ വന്നതോടെ വിദ്യാർത്ഥികളുടെ മാതാപിതാക്കളും അദ്ധ്യാപകരും ആശങ്കയിലാണ്. കോതമംഗലം കോവിഡ് 19 ൻ്റെ പശ്ചാതലത്തിൽ വിദ്യാഭ്യാസ മേഘലയിൽ സർക്കാർ ഓൺ ലൈൻ പഠനരീതികൾ നടപ്പാക്കി വരുന്നു. ഗവൺമെന്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും അല്ലാത്തവർക്കും ഓൺലൈൻ സൗകര്യമൊരുക്കി വരുന്നു. എന്നാൽ ഓൺലൈൻ സംവിധാനങ്ങളൊ, ലാപ് ടോപ്പൊ, മൊബൈലോ അതിൻ്റെ സാങ്കേതിക വിദ്യകളോ ഒന്നും അറിയാത്ത ഒരു വിഭാഗത്തിൽപ്പെട്ടവരാണ് ഭിന്നശേഷിക്കാരിൽ ഭൂരിപക്ഷവും.

ഇപ്പോഴത്തെ പഠന രീതികളോടൊന്നും സഹകരിക്കാൻ കഴിയാത്ത ഇവരെ ഏത് രീതിയിൽ പഠിപ്പിക്കാൻ കഴിയുമെന്ന ചിന്തയിലാണ് ഭിന്ന ശേഷി സ്കൂളിലെ ജീവനക്കാർ. ക്ലാസ് മുറിക്കൾക്ക് അകത്തും പുറത്തുമായി പരിചയസമ്പന്നരായ ഒരു കൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഇത്തരക്കാരുടെ പഠനം നടന്നു വന്നിരുന്നത്. കോവിഡിൻ്റെ പശ്ചാതലത്തിൽ ഓൺലൈൻ സംവിധാനം ഒരുക്കാൻ പല സ്പെപെഷ്യൽ സ്കൂളുകളുകൾക്കും സാധിച്ചിട്ടില്ല. ഭിന്നശേഷിക്കാരായ ചില കുട്ടികളുടെ വീട്ടിൽ ചെന്ന് അദ്ധ്യാപകർ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ വിജയമായില്ല. എല്ലാ കുട്ടികളുടെയും വീട്ടിൽ ചെന്ന് ക്ലാസ് എടുക്കൽ പ്രായോഗികമല്ല. കോവിഡിൻ്റെ പശ്ചാതലത്തിൽ വീടുകൾ സന്ദർശിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ വീടുകളിൽ ചെന്ന് എങ്ങിനെ പഠിപ്പിക്കാൻ കഴിയുമെന്നാണ് അദ്ധ്യാപകർ ചോദിക്കുന്നത്.

പല പല വിനോദങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്നത്. മൊബൈലിലൂടെയുള്ള പഠനം
സാധ്യമല്ലാത്ത സാഹചര്യത്തിൽ ഇക്കൂട്ടരുടെ വിദ്യാഭ്യാസ സ്വപ്നത്തിന് ഉതകുന്ന രീതിയിൽ സർക്കാർ നടപടിയുണ്ടാകണമെന്നാണ് ഭിന്നശേഷി സ്കൂളിലെ അദ്ധ്യാപകരുടെ ആവശ്യം. സ്കൂളിൽ പോകാതെ വീട്ടിലിരുന്നു പഠിക്കാൻ ഞങ്ങൾക്കു താൽപര്യമില്ലെന്ന് ചിലർ.സ്കൂൾ ബസ് വരട്ടെയെന്നും ടീച്ചർ പഠിപ്പിച്ചാൽ മതിയെന്നും വേറെ ചിലർ.
ബഡ്സ് സ്പെഷ്യൽ സ്കൂൾ എന്നറിയപ്പെടുന്ന വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാഠ്യങ്ങൾക്കു മുന്നിൽ പതറിപ്പോയ നിമിഷങ്ങളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്.

ക്ഷേമവും പഠനവും അന്വേഷിച്ചെത്തിയ ടീച്ചറോട് സ്കൂൾ എന്താ തുറക്കാത്തേ എന്ന ഒറ്റ ചോദ്യം മാത്രം ചോദിച്ച് തല കുമ്പിട്ടിരിക്കുന്നവരുമുണ്ടെന്ന് പല്ലാരിമംഗലം ബഡ്സ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീകല റെജി പറഞ്ഞു. സ്കൂളിൽ എത്തിയിരുന്നപ്പോൾ നിത്യവും ഫിസിയോ തെറാപ്പി ചെയ്യിപ്പിക്കുന്നതിനാൽ നടക്കാൻ ശേഷി നേടിയ വിദ്യാർത്ഥി സ്കൂളിൽ എത്താൻ കഴിയാതെ വന്നതോടെ ഇപ്പോൾ നടക്കാൻ കഴിയാത്ത സ്ഥിതിയിലായെന്നും അദ്ധ്യാപിക പറഞ്ഞു. മാനസിക — ശാരീരിക ബുദ്ധിമുട്ടുള്ള ഇവരെ എങ്ങനെ വീടുകളിൽ പരിശീലിപ്പിക്കുമെന്ന ആശയകുഴപ്പവും നിലനിൽക്കുന്നു. തങ്ങളാൽ കഴിയുന്നത്ര വീടുകളിൽ നേരിട്ടെത്തി പരിശീലിപ്പിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. 60 കുട്ടികൾ പല്ലാരിമംഗലം ബഡ്സ്‌ സ്കൂകൂളിലുണ്ട് .ലോക് ഡൗണിൽ ഇളവ് നൽകി സ്കൂൾ പ്രവർത്തനം ആരംഭിച്ചാൽ അല്ലാതെ ഭിന്നശേഷിക്കാരായ ഇവർക്ക് മാനസികവും ശാരീരികവുമായ പരിശീലനം നൽകൽ പൂർണമായി നിർവഹിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

ENGLISH SUMMARY: het­ero­ge­neous are unable to do online study
You may also like this video