ഷി‘യാസി‘നൊപ്പം ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിനുമേല്‍ നിവിന്‍പോളിയുടെ കൈയൊപ്പ്.

Web Desk
Posted on February 10, 2018, 10:04 pm

യാസിൻ

സ്വന്തം ജീവിതത്തോടു ബന്ധപ്പെട്ടതായതിനാൽ  ഹേയ് ജൂഡ് സിനിമയെപ്പറ്റി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്. വൈകാതെ അതില്‍ന്മേല്‍ നടന്‍ നിവിന്‍പോളിയുടെ ഒരു ഷെയര്‍. സെയ്ത് ഷിയാസിന്റെ പോസ്റ്റ് വൈറലാകുന്നു.

സമൂഹം പരിഹസിച്ച് ഒഴിവാക്കാന്‍ ശ്രമിക്കുന്ന ചില ജീവിതങ്ങള്‍ എത്രമാത്രം വിലപ്പെട്ടതെന്ന സന്ദേശം ഹേയ് ജൂഡ് എന്ന സിനിമ പകരുന്നു. കുട്ടികളുടെ ന്യൂനതകള്‍ മറികടക്കാന്‍ അവരെ പ്രാപ്തരാക്കാന്‍ രക്ഷിതാക്കള്‍ എങ്ങനെ ശ്രമിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുമെന്ന് തിരുവനന്തപുരം പരണിയം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പ്രസിദ്ധ ഫൊട്ടോഗ്രാഫറുമായ ഷിയാസ് പറയുന്നു. സിനിമ കണ്ടു സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ അതിനോട് ഇഷ്ടം തോന്നി. അതെപ്പറ്റി കുറിച്ച ഫേയ്‌സ് ബുക്ക്‌പോസ്റ്റ് നടനും ഹേയ് ജൂഡ് നായകനുമായ നിവിന്‍പോളി ഷെയര്‍ചെയ്തു. അതാണ് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിച്ചത്. ഷിയാസിന്റെ പോസ്റ്റ് ഇതാണ്.…

ഹേയ് ജൂഡ്‌ കണ്ടു. ഓട്ടിസത്തിനു സമാനമായ അവസ്ഥയിലുള്ള ഒരു യുവാവിന്റെ ജീവിതം ഏറെ സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക്‌ ശേഷമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്‌. നിങ്ങളുടെ വീട്ടിലോ പരിസരത്തോ അല്ലെങ്കിൽ ഒരിക്കലെങ്കിലും ഇത്തരം വ്യക്തികളെ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലോ ഈ ചിത്രം നിങ്ങൾ നിർബന്ധമായും കാണണം.

അത്തരക്കാർ അവരുടെ ഒരോ ദിവസവും എന്ത്‌ കഷ്ടപ്പെട്ടാണ് മുന്നോട്ട് കൊണ്ട്‌ പോകുന്നത് എന്നത്‌ ഈ സിനിമയിൽ വ്യക്തമായി പകർത്തിയിട്ടുണ്ട്. ശ്രീ. ശ്യാമപ്രസാദിന്റെയും നിവിൻ പോളിയുടെ കരിയറിലെ മികച്ച ഒരു സിനിമ തന്നെയാണിത്.

ഒരു സിനിമ എന്നതിനപ്പുറം ഏറെ സാമൂഹിക പ്രതിബദ്ധതയോടെ നമ്മുടെ ജനങ്ങൾക്ക് ഏറെ പരിചിതമായിട്ടില്ലാത്ത ഒരു വിഷയം തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നതിൽ ഈ സിനിമയുടെ പിന്നണിയിലുള്ളവർക്ക്‌ അഭിമാനിക്കാം.

ഓട്ടിസം ബാധിതനായ ഒരു കുട്ടിയുടെ പിതാവ്‌ എന്ന രീതിയിൽ വിലയിരുത്തിയാൽ ഈ സിനിമയുടെ പ്രേക്ഷകനായി തിയേറ്ററിൽ എത്തിയ ശേഷം ഒരു നിമിഷം പോലും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞില്ല; മറിച്ച് സവിശേഷ ശേഷികളുള്ള എന്റെ മകനെയോർത്ത് എനിക്ക്‌ അഭിമാനിക്കാനായി.

എന്നെപ്പോലെ മക്കളുടെ അവസ്ഥ ഓർത്ത്‌ ആകുലപ്പെടുന്നവർക്ക്‌ ചെറിയ തോതിലാണ് എങ്കിൽ പോലും ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ കഴിയുന്ന രീതിയിൽ ഈ സിനിമ യാഥാർത്ഥ്യമാക്കിയവരോട് ഞങ്ങളെപ്പോലുള്ള രക്ഷകർത്താക്കൾ കടപ്പെട്ടിരിക്കുന്നു.

Hey Yasin you can..You will…
#Heyjude

ആദ്യത്തെ കുട്ടിയായ യാസിന് മൈല്‍ഡ് ഓട്ടിസം ഉണ്ടെന്നറിഞ്ഞിട്ടും ഷിയാസും ഭാര്യ  നിസാനയും തളര്‍ന്നില്ല. അവന് ഏകാന്തതയുണ്ടാകാതിരിക്കാനാണ് പിന്നീട് യസ്‌നയും യാസിറും ജീവിതത്തിലേക്ക് എത്തിയത്. കുമാരപുരം ഗവ.യുപി സ്‌കൂളിലെ മൂന്നാംക്‌ളാസ് വിദ്യാര്‍ഥിയായ യാസിന് കംപ്യൂട്ടറില്‍ ചിത്രം വരക്കുന്നതിലാണ് താല്‍പര്യം. അത് പരമാവധി പോഷിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഷിയാസ് അഭിപ്രായപ്പെട്ടു.

ഓട്ടിസം പോലുള്ള തകരാറുകളുള്ള കുട്ടികളുമായെത്തുന്നവരെ ആരോഗ്യരംഗത്തും നന്നായി ചൂഷണം ചെയ്യുന്നുണ്ട്. മരുന്നും മന്ത്രവുമായി ധാരാളം പണം ചിലവാക്കുന്നതില്‍ അര്‍ത്ഥമില്ല.
പരിശീലനത്തിലൂടെ മാത്രമേ ഭിന്നശേഷിവിഭാഗത്തെ മികവിലേക്കു നയിക്കാനാകൂ. അത് സാധ്യമാവുകയും ചെയ്യും. ചിലപ്രത്യേക കഴിവുകള്‍ തെളിച്ചെടുക്കാനാവും. പൊട്ടനും പ്രാന്തനുമാക്കി തള്ളിമാറ്റാതെ അവരെ കൈപിടിച്ചുനയിക്കാനാദ്യം തയ്യാറാവേണ്ടത് വീട്ടുകാരാണ്. അങ്ങനെയുള്ള വീട്ടുകാര്‍ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് ഈ സിനിമ ഷിയാസ് പറഞ്ഞു.