Monday
18 Feb 2019

കശ്മീരിന്റെ കണ്ണുനീരായി ഹിബയെന്ന പെണ്‍കുഞ്ഞ്

By: Web Desk | Monday 26 November 2018 10:37 PM IST

പത്തൊമ്പത് മാസം മാത്രം പ്രായമായ ഹിബ എന്ന കശ്മീരി കുട്ടി എല്ലാവരെയും കണ്ണീരണിയിപ്പിക്കുകയാണ്. ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഹിബയുടെ നിലവിളി നമ്മുടെയെല്ലാം ഹൃദയം പിളര്‍ക്കുന്നതാണ്. അക്രമകാരികള്‍ക്കെതിരെ പെല്ലറ്റ് പ്രയോഗിക്കാന്‍ തുടങ്ങിയതിന് ശേഷം രണ്ടു വര്‍ഷത്തിനിടെ പരിക്കേല്‍ക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞവളാണ് ഹിബ. നൂറുകണക്കിന് പേരുടെ കണ്ണുകളാണ് പെല്ലറ്റ് പ്രയോഗത്തില്‍ നഷ്ടമായത്. അക്കൂട്ടത്തില്‍ ഹിബയും. ആഴത്തില്‍ പതിച്ചതിനാല്‍ ഭാഗികമായി അവള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്. ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടാനുള്ള പരിശ്രമത്തിലാണ് അവര്‍. ഞായറാഴ്ച രാവിലെയാണ് ഈ പെണ്‍കുട്ടിക്ക് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്. സംഘര്‍ഷം കനത്ത ഷോപ്പിയാന്‍ ജില്ലയിലെ കപ്രാന്‍ വില്ലേജില്‍ നിന്ന് അവളെയുമെടുത്ത് കുടുംബം പലായനത്തിന് ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയുണ്ടായത്.

കണ്ണീര്‍വാതകപ്രയോഗമുണ്ടായതിനാല്‍ ഒന്നും കാണാനാവാത്ത സാഹചര്യമായിരുന്നു. ഹിബയ്ക്കും അഞ്ചുവയസുള്ള സഹോദരനും കണ്ണീര്‍വാതകം ശ്വസിച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വീട്ടിനകത്തുതന്നെ മരിച്ചുപോകുമെന്നുപോലും കരുതി. അതിനിടയിലാണ് പെല്ലറ്റ് ആക്രമണത്തില്‍ മകള്‍ക്ക് പരിക്കേറ്റത്. കണ്ണീര്‍വാതകപ്രയോഗം കാരണം ശക്തമായ പുകയായതിനാല്‍ പെല്ലറ്റ് പ്രയോഗം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഹിബയുടെ അമ്മയുടെ വാക്കുകളാണിത്.

കുട്ടികളടക്കമുള്ള ആയിരക്കണക്കിന് പേരാണ് പെല്ലറ്റ് പ്രയോഗത്തില്‍ കണ്ണ് നഷ്ടപ്പെട്ടവരായി കശ്മീരിലുള്ളത്. മാരകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആയുധം 2010 മുതലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രയോഗിച്ചു തുടങ്ങിയത്. എന്നാല്‍ 2016 മുതലാണ് വ്യാപകമായ പ്രയോഗം തുടങ്ങിയത്. ഭീകരവാദം ഇല്ലാതാക്കുന്നതിന് ഒറ്റമൂലിയായി നോട്ടുപിന്‍വലിക്കാന്‍ നരേന്ദ്രമോഡി തീരുമാനിച്ച വര്‍ഷം കൂടിയാണത്. ഔദ്യോഗിക കണക്കുകളനുസരിച്ച് 2010 ന് ശേഷം പെല്ലറ്റ് പ്രയോഗത്തില്‍ കാഴ്ച നഷ്ടപ്പെട്ടവരോ കണ്ണിന് മാരകമായി പരിക്കു പറ്റിയവരോ ആയവരുടെ എണ്ണം 1528 ആണ് ഇതില്‍ 1352 ഉം സംഭവിച്ചത് 2016 ന് ശേഷമായിരുന്നു. എന്നാല്‍ അനൗദ്യോഗിക കണക്കുകളനുസരിച്ച് ആകെ എണ്ണം 2000 ത്തിലധികമാണ്.

വളരെ വ്യത്യസ്തമായ ആയുധപ്രയോഗമാണ് പെല്ലറ്റ് ഉപയോഗത്തിലൂടെ നടക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കണ്ണുകള്‍ക്കാണ് മാരകമായി പരിക്കേല്‍ക്കുക. നേത്രപടലം, ആന്തരികഭാഗം എന്നിവയ്ക്ക് എളുപ്പത്തില്‍ മാരകമായി പരിക്കേല്‍ക്കുന്നതിന് കാരണമാകുന്നു. കണ്ണില്‍ നിന്ന് വെള്ളം ചാടുകയും പുകയുകയും ചെയ്യുകയാണ് ആദ്യം അനുഭവപ്പെടുകയെങ്കിലും അകത്തുകടക്കുന്ന സ്ഫടികസമാനമായ വസ്തുക്കള്‍ കണ്ണിനകത്തുകടന്ന് കാഴ്ചശക്തിയെ ബാധിക്കുന്നു. എന്നിങ്ങനെയാണ് ഇതിന്റെ അനന്തരഫലങ്ങളായി ആഗോള ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. അമേരിക്കയില്‍ നിന്നുള്ള ഗ്ലോബല്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് പെല്ലറ്റ് പ്രയോഗം നേരിടേണ്ടി വരുന്ന കണ്ണുകള്‍ക്ക് സാധാരണ നിലയിലുള്ള കാഴ്ച ശക്തി തിരിച്ചുകിട്ടുക പ്രയാസമാണെന്നാണ്. സൂക്ഷ്മ ശസ്ത്രക്രിയാമാര്‍ഗങ്ങളുടെ അഭാവം കാരണം കാഴ്ചശക്തി കൂടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ജേണല്‍ ഓഫ് ഇവല്യൂഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് ഡന്റല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ പറയുന്നത്. പെല്ലറ്റ് പ്രയോഗത്തിനിരയായവരില്‍ 84 ശതമാനത്തിനും വ്യത്യസ്ത തോതിലുള്ള കാഴ്ചവൈകല്യങ്ങളുണ്ടെന്നും പഠനങ്ങളുണ്ടായിട്ടുണ്ട്. ഈയൊരു പട്ടികയിലേക്ക് 19 മാസം മാത്രം പ്രായമുള്ളൊരു പെണ്‍കുഞ്ഞുകൂടിയെത്തിയിരിക്കുന്നു.
ഏറ്റവുമധികം ആക്രമണങ്ങള്‍ക്ക് വേദിയാകാറുള്ള കശ്മീരിലെ ഭീകരരുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുകയാണ് നോട്ടുപിന്‍വലിക്കലിനുള്ള കാരണങ്ങളിലൊന്നായി നരേന്ദ്രമോഡി വിശദീകരിച്ചിരുന്നത്. അതുകൊണ്ടൊന്നും ഒരു ഫലവുമുണ്ടായിട്ടില്ലെന്നാണ് അനുഭവകഥകള്‍ നമ്മോട് പറയുന്നത്. ഈ വര്‍ഷം മാത്രം കശ്മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചത് 400 ലധികം പേരാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളില്‍ പറയുന്നത്. പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. 2008 ല്‍ 505 പേര്‍ മരിച്ചതാണ് ഇതുവരെയുള്ള ഏറ്റവും ഉര്‍ന്ന നിരക്ക്. ഈ വര്‍ഷം മരിച്ചവരില്‍ പകുതിയോളമാണ് ഭീകരരുടെ എണ്ണം, ബാക്കിയത്രയും സാധാരണക്കാരോ സുരക്ഷാ വിഭാഗത്തില്‍പ്പെട്ടവരോ ആണ്. എല്ലാദിവസവും കശ്മീരില്‍ നിന്ന് ഭീകരരുമായുള്ള ഏറ്റുമുട്ടലിന്റെ വാര്‍ത്തകളെത്തുന്നുണ്ട്. ഓരോ ദിവസവും ഭീകരര്‍ക്കൊപ്പം സാധാരണക്കാരും സുരക്ഷാ ജീവനക്കാരും കൊല്ലപ്പെടുന്നുമുണ്ട്. ഇനിയും ഇതിന് അവസാനമില്ലേയെന്ന ചോദ്യമുയരുമ്പോള്‍ കശ്മീര്‍ പ്രശ്‌നത്തെ സാമുദായികമായി കാണാന്‍ മാത്രം ശ്രമിക്കുന്ന കേന്ദ്രഭരണാധികാരികളില്‍ നിന്ന് നമുക്ക് ഉത്തരം പ്രതീക്ഷിക്കുകവയ്യ. സമവായത്തിലൂടെ രാഷ്ട്രീയപരിഹാരം കാണമെന്ന മഹാഭൂരിപക്ഷത്തിന്റെയും ആവശ്യത്തിന് മുമ്പില്‍ നിസംഗതയോടെ കേന്ദ്രഭരണാധികാരികള്‍ നില്‍ക്കുമ്പോള്‍ അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി, കണ്ണില്ലാത്ത ക്രൂരതയെ ഓര്‍മപ്പെടുത്തി ഹിബ നമുക്കെല്ലാം മുന്നില്‍ കാഴ്ചയില്ലാതെ – അല്ലെങ്കില്‍ കാഴ്ച വൈകല്യത്തോടെ ജീവിക്കും.

Related News