Web Desk

ന്യൂഡൽഹി

February 11, 2021, 10:50 pm

യഥാർത്ഥ വില മറച്ചുവയ്ക്കുന്നു; ഡീലർമാരും ജനങ്ങളെ കൊള്ളയടിക്കുന്നു

Janayugom Online

യഥാർഥ വില മറച്ചു വച്ച് പെട്രോൾ പമ്പുകൾ ഉപഭോക്താക്കളിൽ നിന്ന് അമിത ചാർജ് ഈടാക്കുന്ന സംഭവങ്ങൾ വ്യാപകമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). എണ്ണ വില കുറയുന്ന ദിവസങ്ങളിൽ അത് കൃത്യമായി അപ്ഡേറ്റ് ചെയ്യാതെ ഇത്തരം തട്ടിപ്പുകൾ പമ്പുകൾ നടത്തി വരുന്നു എന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഫെബ്രുവരി 9 ന് പാർലമെന്റിൽ അവതരിപ്പിച്ച 2020ലെ സിഎജി റിപ്പോർട്ട് നമ്പർ 18 ലാണ് ഈ വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് സർക്കാർ എണ്ണ വിതരണ കമ്പനികളുടെ നിയന്ത്രണത്തിലുള്ള 55,013 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 188 ഔട്ട്‌ലെറ്റുകൾ (ഓട്ടോമേറ്റഡ് — 61, നോൺ ഓട്ടോമേറ്റഡ് — 127) തിരഞ്ഞെടുത്താണ് ഓഡിറ്റ് നടത്തിയത്. ഇതിൽ 91 എണ്ണത്തിലായി (ഇന്ത്യൻ ഓയിൽ 40, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 35, ഭാരത് പെട്രോളിയത്തിന്റെ 16) അമിതചാർജ് ഈടാക്കുന്ന 3,463 സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പെട്രോൾ ഡീസൽ വിലയിലെ പരിഷ്കരണങ്ങൾ പ്രസിദ്ധീകരിക്കുന്നത് എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ്. വില കുറയുന്ന സമയങ്ങളിൽ പമ്പുകൾ ഈ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നുണ്ട് എന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. ഡീലർമാർ മനഃപൂർവം പമ്പുകളിൽ വില അപ്ഡേറ്റ് ചെയ്യാതിരിക്കുന്ന സംഭവങ്ങൾ, കണക്റ്റിവിറ്റിയുടെ അഭാവം, ഓട്ടമേറ്റഡ് സംവിധാനത്തിലെ അപാകതകൾ മുതലായവ കാരണം അമിത ചാർജ് ഈടാക്കുന്ന സംഭവങ്ങൾ വളരെ കാലമായി നിലനിൽക്കുന്നു. ദിവസേനയുള്ള വിലമാറ്റം, കണക്റ്റിവിറ്റിയുടെ അഭാവം, ഷിഫ്റ്റുകളായുള്ള റീട്ടെയിൽ ഔട്ട്‍ലെറ്റുകളുടെ പ്രവർത്തനം, പ്രിന്ററുകളുടെ തകരാറ് ഒക്കെ കാരണമാണ് വില അപ്ഡേറ്റ് ചെയ്യുന്നതിൽ താളപ്പിഴ ഉണ്ടാകുന്നതെന്നാണ് കമ്പനികൾ വിശദീകരിക്കുന്നത്.

മികച്ച കണക്റ്റിവിറ്റി സംവിധാനങ്ങൾ ഒരുക്കി ഓട്ടോമാറ്റിക്കായി വില പരിഷ്ടകരിക്കുന്ന ആപ്ലിക്കേഷനുകൾ റീട്ടെയിൽ ഔ‍ട്ട്‍ലെറ്റുകളിൽ സ്ഥാപിക്കുന്നത് വഴി വില കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നത് ഉറപ്പാക്കാമെന്ന് സിഎജി റിപ്പോർട്ട് നിരീക്ഷിക്കുന്നു. എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെയും ഓട്ടോമേഷൻ 2018 ഡിസംബറോടെ പൂർത്തിയാക്കണമെന്ന് നേരത്തെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നിർദേശം നൽകിയിരുന്നതണ്. എന്നാൽ 2017 ജൂൺ വരെ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) 43 ശതമാനം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ മാത്രമാണ് ഓട്ടോമേറ്റ് ചെയ്തത്. 2018 ഡിസംബറോടെ 80 ശതമാനം ഔട്ട്‌ലെറ്റുകളുടെ മാത്രമെ ഓട്ടോമേഷൻ സംവിധാനങ്ങൾ നടപ്പാക്കിയുള്ളു എന്നും സിഎജി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വില പുതുക്കാൻ മണിക്കൂറുകൾ

വില കൂടുന്ന സന്ദർഭങ്ങളിൽ രാവിലെ 6 മണിക്ക് മണിക്കൂറുകൾ മുമ്പുതന്നെ പുതുക്കിയ സന്ദർഭങ്ങളുണ്ട്. വില കുറയുന്ന സന്ദർഭങ്ങളിൽ രാവിലെ 6 ന് ശേഷം മണിക്കൂറുകൾ താമസിച്ചതായും സിഎജി കണ്ടെത്തി.
ഡീലർമാർ സ്വയം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന നോൺ ഓട്ടോമാറ്റിക് പമ്പുകളിലാണ് അമിത ചാർജ് ഈടാക്കുന്ന കൂടുതൽ സംഭവങ്ങൾ കണ്ടെത്തിയത്. ഓട്ടോമാറ്റിക് പമ്പുകളിലാകട്ടെ കണക്ടിവിറ്റി സംവിധാനത്തിലെയും ആപ്ലിക്കേഷനുകളിലെയും തകരാറുകൾ കാരണം പലയിടത്തും വില പ്രഖ്യാപിച്ചതിന് ശേഷം അത് അപ്ഡേറ്റാകുന്നതിൽ കാലതാമസം നേരിടുന്നുണ്ട്.

ENGLISH SUMMARY:Hiding the real price; Deal­ers also rob people
you may also like this video