ഡോ. വിഷ്ണു ആര്‍എസ്, എംഡി ഡിഎം

കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്‌യൂടി ആശുപത്രി, പട്ടം

December 26, 2020, 6:47 pm

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വൃക്കകളും

Janayugom Online

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്നത് പോലെയുള്ള ഒരു ചോദ്യമാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെയും വൃക്കകളുടെ കാര്യത്തിലും നമ്മള്‍ പലപ്പോഴും അഭിമുഖീകരിക്കേണ്ടിവരുന്നത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കാലക്രമേണ വൃക്കകള്‍ക്ക് അസുഖം ഉണ്ടാക്കാറുണ്ട്. അതുപോലെ വൃക്കകള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ കാലക്രമേണ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കാറുണ്ട്. ഹൃദയത്തില്‍ നിന്ന് പമ്പ് ചെയ്യപ്പെടുന്ന രക്തം, രക്തക്കുഴലിലൂടെ ഒഴുകുമ്പോള്‍ അതിന്റെ ഭിത്തികളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം എന്ന് പറയുന്നത്. സിസ്റ്റോളിക് ബിപി 120 ല്‍ താഴെയും ഡയസ്റ്റോളിക് ബിപി 80 ല്‍ താഴെയും (bp <120/80) ആയതിനെ പാകമായ രക്തസമ്മര്‍ദ്ദം (nor­mal bp) എന്ന് പറയുന്നു. ബിപി 120–139/80–89 നെ പ്രീ ഹൈപ്പര്‍ടെന്‍ഷന്‍ എന്നും സിസ്റ്റോളിക് ബിപി 140 ന് മുകളിലും ഡയസ്റ്റോളിക് ബിപി 90ന് മുകളിലും ഉള്ളതിനെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (hyper­ten­sion) എന്നും വിളിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രധാനമായും രണ്ടായിത്തിരിക്കാം. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും കണ്ടുപിടിക്കാന്‍ കഴിയാതെ വരുന്ന പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍ (pri­ma­ry hyper­ten­sion) അഥവാ എസ്സെന്‍ഷ്യല്‍ ഹൈപ്പര്‍ടെന്‍ഷന്‍ (essen­s­tial hyper­ten­sion). ഇത് സാധാരണയായി പാരമ്പര്യമായി കണ്ടുവരുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ഇതിന് കാരണമാകാറുണ്ട്. സെക്കന്ററി ഹൈപ്പര്‍ടെന്‍ഷന്‍ (sec­ondary hyper­ten­sion) എന്ന് പറയുന്നത് ശരീരത്തിലുണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ വരുത്തുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയാണ്. വൃക്ക സംബന്ധമായ രോഗങ്ങളാണ് 80% സെക്കന്ററി ഹൈപ്പര്‍ടെന്‍ഷനും കാരണമായി വരുന്നത്. മറ്റ് കാരണങ്ങള്‍ ഫിയോക്രോമോസൈറ്റോമ (pheochro­mo­cy­toma), കുഷിംഗ് സിന്‍ട്രോം (cushinig syn­drom), മഹാധമനിയിലുണ്ടാകുന്ന ചുരുക്കം (coarc­tion of aor­ta), തൈറോയിഡിന്റെ അസുഖങ്ങള്‍ (thy­roid dis­eases) തുടങ്ങിയവയാണ്.

വൃക്കകള്‍ക്കുണ്ടാകുന്ന അസുഖങ്ങളും ആരംഭത്തില്‍ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നു. വൃക്കയിലേക്കുള്ള രക്തക്കുഴല്‍ ചുരുങ്ങുന്ന അസുഖമായ റീനല്‍ ആര്‍ട്ടി സ്റ്റിനോസിസ് (renal artey steno­cis) നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലുള്ള (uncon­trolled BP) രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നു. സ്ഥായിയായ വൃക്കസ്തംഭനം (chron­ic kid­ny dis­ease) ഉള്ള മിക്കവരിലും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കണ്ടുവരുന്നു.

പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്റെ കാര്യത്തില്‍ പാരമ്പര്യത്തേയും അമിതമായ ഉപ്പിന്റെ ഉപയോഗത്തെയുമാണ് പ്രധാന കാരണമായി പറയുന്നത്. എങ്കിലും അമിതമായി കഴിക്കുന്ന ഉപ്പിനെ മൂത്രത്തിലൂടെ പുറന്തള്ളാന്‍ വൃക്കകള്‍ ചില രാസവസ്തുക്കള്‍ (ren­im, angiotensin) ഉണ്ടാക്കുന്നു. ഇവയാണ് പ്രൈമറി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.

ഇനി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളെ ബാധിച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയാമെന്ന് നോക്കാം. മൂത്രത്തിലുണ്ടാകുന്ന പത, കാലിലും മുഖത്തുമുണ്ടാകുന്ന നീര് എന്നിവ വൃക്കരോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ്. വൃക്കരോഗം മോശമാകുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, ശരീരത്തിലാകമാനം നീരുണ്ടാകുക, ശ്വാസംമുട്ടല്‍ ഉണ്ടാകുക, ചൊറിച്ചില്‍, വിളര്‍ച്ച, എല്ലുകളുടെ തേയ്മാനം ഇവ ഉണ്ടാകുന്നു. ഇങ്ങനെയെന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള ഡോക്ടറെകണ്ടു വൃക്കരോഗം കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ നടത്തേണ്ടതാണ്. രക്തത്തിലെ ക്രിയേറ്റിന്‍ (s.creatinine), മൂത്ര പരിശോധന (unin rou­tine exam­i­na­tion) എന്നിവ ആദ്യമായി ചെയ്യണം.

ക്രിയേറ്റിന്‍ കൂടിയാലോ മൂത്ത്തില്‍ പ്രോട്ടീന്‍ കണ്ടാലോ വൃക്കരോഗ വിദഗ്ദനെ കാണിച്ച് വിശദമായ പരിശോധനകള്‍ നടത്തണം. 24 മണിക്കൂര്‍ കൊണ്ട് ശേഖരിച്ച് പ്രോട്ടീന്റെ അളവ് നോക്കുന്ന 24 hour urin pro­tein, വൃക്കകളുടെയും രക്തക്കുഴലുകളുടെയും കുറിച്ച് പഠിക്കുന്ന അള്‍ട്രസൗണ്ട് സ്‌കാന്‍, ഡോപ്‌ളര്‍ സ്റ്റഡി തുടങ്ങിയവയും ചെയ്യറുണ്ട്. വൃക്കകളുടെ അസുഖമാണ് ഉര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നതെങ്ങില്‍ വൃക്കയില്‍ നിന്നും കോശമെടുത്ത് പരിശോധിക്കാറുണ്ട് (kid­ny biopsy).

ഇനിയെങ്ങനെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കകളെ ബാധിക്കാതെ നോക്കാമെന്ന് പരിശോധിക്കാം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കണ്ടുപിടിച്ചാല്‍ ഉടനെതന്നെ വൃക്കകള്‍ക്ക് അസുഖമില്ലെന്ന് ഉറപ്പു വരുത്തണം. നേരത്തെ സൂചിപ്പിച്ചത് പോലെ s.creatinine ഉം URE ഉം ചെയ്യണം. വൃക്കകളുടെ അസുഖമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നതെന്ന് കണ്ടാല്‍ അത് ചികിത്സിച്ച് ഭേദപ്പെടുത്തുമ്പോള്‍ രക്ത സമ്മര്‍ദ്ദം നിയന്ത്രണത്തിലാകുകയോ മോശപ്പെടാതിരിക്കുകയോ ചെയ്യും. ഇനി പ്രത്യേകിച്ച് കാരണങ്ങള്‍ ഇല്ലാത്ത പ്രൈമറി ഹൈപ്പര്‍ ടെന്‍ഷനാണെങ്കില്‍ ആഹാരത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ഒരു ദിവസം 2 mg യില്‍ കൂടുതല്‍ ഉപ്പ് ഉപയോഗിക്കരുത്. അതായത് ഒരു ടീസ്പ്പൂണ്‍ ഉപ്പ് മാത്രമെ ഒരു ദിവസം എല്ലാ ആഹാരത്തിലുമായി ഉപയോഗിക്കാവൂ. കൃത്യമായി വ്യായാമം ചെയ്യുക. ആഴ്ച്ചയില്‍ 5 ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.

അമിതമായ ടെന്‍ഷന്‍ ഒഴിവാക്കി മാനസികാരോഗ്യത്തോടെയുള്ള ജീവിതം നയിക്കാന്‍ ശ്രമിക്കുക. അമിതമായ കൊഴുപ്പുള്ളതും മധുരമുള്ളതും ഫാസ്റ്റ്ഫുഡും ഒഴിവാക്കാന്‍ ശ്രമിക്കുക. ഇനി ഏറ്റവും പ്രധാനമായത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് കണ്ടുപിടിച്ചാല്‍ ഉടന്‍ വീടിനടുത്തുള്ള ഒരു ചോക്ടറെ സ്ഥിരമായി കണ്ട് ബിപി നോക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ബിപിയുടെ മരുന്ന് ആവശ്യമായി വരുകയാണെങ്കില്‍ കഴിക്കുക. സ്ഥിരമായി ഒരു ഡോക്ടറെ തന്നെ കാണാന്‍ ശ്രമിക്കുക. ഡോക്ടറുടെ ഉപദേശമില്ലാതെ തനിയെ ബിപിയുടെ മരുന്ന് കൂട്ടാനോ കുറയോക്കാനോ നിര്‍ത്താനോ പാടില്ല. ബിപിയുടെ അളവ് 140/90 താഴെ നിര്‍ത്തുന്നതാണ് നല്ലത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് പ്രമേഹം പോലെ പ്രധാനമായും ഒരു ജീവിതശൈലീരോഗമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ 50% പേര്‍ക്ക് രോഗ നിര്‍ണ്ണയം പോലും നടക്കുന്നില്ല. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉമ്ടാക്കും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, വൃക്കസ്തംഭനം, കണ്ണുകളുടെ കാഴ്ച്ച കുറയല്‍, തുടങ്ങിയവ അവയില്‍ ചിലതാണ്.

ശരീയായ ആഹാരവും ചിട്ടയായ വ്യായാമവും നല്ല മാനസികാരോഗ്യവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് 30 വയസ്സ് കഴിഞ്ഞാല്‍ വര്‍ഷത്തില്‍ രിക്കലെങ്കിലും ബിപി നോക്കുക. അഖവാ ബിപി കൂടുതലാണെങ്കില്‍ ആഹാരക്രമീകരണത്തിലൂടെ കുറയ്ക്കാന്‍ നോക്കുക. എന്നിട്ടും നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഡോക്ടറുടെ ഉപദേശപ്രകാരം വേണ്ട മരുന്നുകള്‍ കഴിച്ച് ബിപി എപ്പോഴും നിയന്ത്രണത്തിലാക്കി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന അപകടകരമായ ഭവിഷ്യത്തുകള്‍ തടയുക.

Eng­lish sum­ma­ry: High blood pres­sure and kidneys

You may also like this video;