കെ രംഗനാഥ്

തിരുവനന്തപുരം

September 15, 2021, 10:16 pm

ഇനി ഹെെക്കമാന്‍ഡ് ഗ്രൂപ്പിന്റെ സര്‍വാധിപത്യം

രമേശിനെ മൂലയ്ക്കിരുത്താന്‍ വേണുഗോപാലിന്റെ കരുനീക്കം
Janayugom Online

കോണ്‍ഗ്രസില്‍ ഡല്‍ഹിയില്‍ നിന്നും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നയിക്കുന്ന ഹെെക്കമാന്‍ഡ് ഗ്രൂപ്പ് കേരളത്തില്‍ സര്‍വാധിപത്യത്തിലേക്ക്.കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനുമടങ്ങുന്ന ഹെെക്കമാന്‍ഡ് ഗ്രൂപ്പ് ഘട്ടംഘട്ടമായി എ,ഐ ഗ്രൂപ്പുകളെയും ഗ്രൂപ്പുകളില്ലാത്തവരെയും വെട്ടിനിരത്താനുള്ള തന്ത്രാവിഷ്കാരമാണു നടത്തിവരുന്നത്. സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തും സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തും അവരോധിച്ച് ആദ്യ വിജയങ്ങള്‍ കൊയ്ത വേണുഗോപാല്‍ ഗ്രൂപ്പ് ഡിസിസി പ്രസിഡന്റുമാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലും സമ്പൂര്‍ണ വിജയം നേടി. പുതുതലമുറയേയും വനിതകളേയും ദളിതരേയും നാടാര്‍ സമുദായത്തേയും ഒഴിവാക്കി ഡിസിസി പ്രസിഡന്റിനെ വാഴിച്ച ഹെെക്കമാന്‍ഡ് ഗ്രൂപ്പ്, എണ്‍പതിനോടടുക്കുന്നയാളെപ്പോലും ഡിസിസി പ്രസിഡന്റാക്കി വീറുതെളിയിച്ച ഹെെക്കമാന്‍ഡ് ഗ്രൂപ്പിനെതിരെ ശക്തമായി ശബ്ദമുയര്‍ത്താന്‍ പോലും ഉമ്മന്‍ചാണ്ടിക്കും രമേശിനും ത്രാണിയില്ലാത്ത അവസ്ഥ.

ഈ നിസഹായാവസ്ഥ മുതലാക്കി എ, ഐ ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കാനുള്ള കരുക്കളും വേണുഗോപാല്‍ നീക്കിത്തുടങ്ങി. ഈ ഗ്രൂപ്പുകളോട് ഒത്തുചേര്‍ന്ന് നില്‍ക്കുന്ന യൂത്തു കോണ്‍ഗ്രസിനെ വരുതിയില്‍ കൊണ്ടുവരാനുള്ള കളികളും തുടരുന്നു. യൂത്തുകോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കി ഒരുപക്ഷത്തെ തങ്ങളോടൊപ്പം നിര്‍ത്താന്‍ വേണു നടത്തിയ നീക്കങ്ങള്‍ക്ക് ബഹുമുഖ ലക്ഷ്യങ്ങളാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യൂത്തുകോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമറിയാതെ സംഘടനയുടെ വക്താക്കളെ ഡല്‍ഹിയില്‍ നിന്നു പ്രഖ്യാപിച്ചതിനു പിന്നില്‍ വേണുഗോപാലിന്റെ കരങ്ങളാണുണ്ടായിരുന്നതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. എ ഗ്രൂപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വലംകെെയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്തുകോണ്‍ഗ്രസ് വക്താവായി ഡല്‍ഹിയില്‍ നിന്നു കെട്ടിയിറക്കിയ വേണു, തിരുവഞ്ചൂരിനെയും ഹെെക്കമാന്‍ഡ് ഗ്രൂപ്പില്‍ കൊണ്ടുവരാനാണ് തന്ത്രം മെനഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയറിയാതെ അര്‍ജുനെ വക്താവാക്കിയതിനെതിരെ സംസ്ഥാന നേതൃത്വം ആഞ്ഞടിച്ചതോടെ ആ പിന്‍വാതില്‍ നിയമനം തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്.


ഇതുംകൂടി വായിക്കുക: കോണ്‍ഗ്രസ് വിട്ടു, കെപിഅനില്‍കുമാര്‍ സിപിഎമ്മിൽ


ആ കളി തല്‍ക്കാലത്തേക്ക് പാളിയെങ്കിലും കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ നോമിനേഷനോടുകൂടി പുതിയ തന്ത്രങ്ങള്‍ക്കാണ് തിരശീലയുയരാന്‍ പോകുന്നത്. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച ശെെലിയില്‍ യൂത്തുകോണ്‍ഗ്രസിനെ ഒഴിവാക്കാനുള്ള വേണുഗോപാലിന്റെ പദ്ധതിക്കെതിരെ യൂത്തുകോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരസ്യമായി ആഞ്ഞടിച്ചു കഴിഞ്ഞു. കേരളത്തിലെ യൂത്തുകോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണുഗോപാല്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന ആരോപണം സംസ്ഥാന നേതാക്കള്‍ ഉന്നയിച്ചതും ശ്രദ്ധേയം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി പകരം മകന്‍ ചാണ്ടി ഉമ്മനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കവും ഉമ്മന്‍ചാണ്ടിയെ ദേശീയ നേതൃത്വത്തില്‍ നിന്നു നിഷ്കാസിതനാക്കാനാണെന്നാണ് എ ഗ്രൂപ്പുകാരുടെ ആരോപണം. ഉമ്മന്‍ചാണ്ടിയുടെ ഒഴിവില്‍ കെപിസിസി പ്രസിഡന്റ് പദത്തില്‍ നിന്നു പുറത്തായ മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി രമേശ്-ഉമ്മന്‍ചാണ്ടി-മുല്ലപ്പള്ളി അച്ചുതണ്ടിനെ തകര്‍ക്കാനുള്ള പിന്നാമ്പുറ നീക്കങ്ങളും കരുത്താര്‍ജിക്കുന്നു.‌

ഈ പദ്ധതികളുടെയെല്ലാം ആത്യന്തിക ലക്ഷ്യമായി വേണുവും ഹെെക്കമാന്‍ഡ് ഗ്രൂപ്പും കാണുന്നത് രമേശ് ചെന്നിത്തലയെ മൂലയ്ക്കിരുത്തലാണ്. രമേശിനെ വര്‍ക്കിങ് കമ്മിറ്റി അംഗമാക്കാനുള്ള ഹെെക്കമാന്‍ഡിന്റെ തീരുമാനത്തിനു തടയിടാന്‍ വേണു പതിനെട്ടടവും പയറ്റുന്നു. രമേശ് പ്രവര്‍ത്തക സമിതി അംഗമായാല്‍ ക്രമേണ തന്റെ കസേര തെറിക്കുമെന്ന ഭയമാണ് വേണുവിന്. രമേശിന്റെ ദീര്‍ഘകാലത്തെ ഡല്‍ഹിയിലെ പ്രവര്‍ത്തനപരിചയവും ബന്ധങ്ങളും ഹിന്ദി ഭാഷയിലുണ്ടായ പ്രാവീണ്യവും തനിക്കു വിനയാവുമെന്നതിനാലാണ് ഈ പേടി. മാത്രമല്ല രമേശ് ഡല്‍ഹിയിലെത്തിയാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ റിബല്‍ ഗ്രൂപ്പായ ജി-23യുമായി അദ്ദേഹം കൂട്ടുചേരുമെന്നു പേടിപ്പിച്ചാണ് ഡല്‍ഹിയിലേക്കുള്ള രമേശിന്റെ വഴിയടയ്ക്കാന്‍ വേണു കിണഞ്ഞു ശ്രമിക്കുന്നതെന്നും സൂചനയുണ്ട്. ഇക്കാര്യം മണത്തറിഞ്ഞ രമേശ് താന്‍ ഹെെക്കമാന്‍ഡില്‍ ഒരു പദവിക്കും അപേക്ഷ നല്കിയിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യവുമെടുത്തിട്ടുണ്ട്. അടിത്തട്ടില്‍ ഇപ്രകാരം ഉരുണ്ടുകൂടുന്ന ചുഴിയും മലരിയും കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ നാമനിര്‍ദ്ദേശത്തോടെ ഉഗ്രരൂപം പൂണ്ടുവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കെപിസിസിക്കു പുതിയ ജംബോ കമ്മിറ്റിയുണ്ടാകില്ലെന്ന സുധാകരന്റെയും സതീശന്റെയും മുരളീധരന്റെയും പ്രഖ്യാപനത്തോടെ സ്ഥാനമോഹികളുടെ ഒരു പടനീക്കം തന്നെയുണ്ടാകുമെന്ന ആശങ്കയും ഹെെക്കമാന്‍ഡ് ഗ്രൂപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കെപിസിസി നേതൃത്വത്തില്‍ നിന്നു കോണ്‍ഗ്രസ് വിട്ട കെ പി അനില്‍കുമാറും പി എസ് പ്രശാന്തും ജി രതികുമാറും ഈ പുറത്തേയ്ക്കൊഴുക്കിന്റെ നാന്ദി മാത്രം.

Eng­lish Sum­ma­ry: high com­mand group in con­gress in com­plete power

You may also like this video :