February 5, 2023 Sunday

Related news

January 19, 2023
December 13, 2022
October 21, 2022
April 16, 2022
April 13, 2022
April 13, 2022
April 12, 2022
April 7, 2022
March 16, 2022
March 11, 2022

സ്ഥാനാർത്ഥി മോഹികളുടെ കണ്ണിൽ പൊടിയിടാൻ ഹൈക്കമാൻഡ്

മനോജ് മാധവൻ
തിരുവനന്തപുരം
March 2, 2021 10:04 pm

നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചകൾ വഴിമുട്ടിയതോടെ സ്ഥാനാർത്ഥി മോഹികളുടെയും പ്രവർത്തകരുടെയും കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളുമായി ഹൈക്കമാൻഡ്. ഇക്കുറിയും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെയാകും. കെപിസിസി നൽകിയ ജംബോ സ്ഥാനാർത്ഥി പട്ടികയിൽ ഹൈക്കമാൻഡ് പുലിവാലു പിടിച്ചതോടെ ഗ്രൂപ്പു നേതാക്കളെ ഉൾപ്പെടുത്തിയുള്ള സ്ഥാനാർത്ഥി സ്ക്രീനിംഗ് കമ്മിറ്റിക്കു രൂപം നൽകാൻ എഐസിസി നിർബന്ധിതരായി. എ, ഐ ഗ്രൂപ്പു നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കു പുറമേ ഗ്രൂപ്പുവേണ്ടെന്നു വാദിച്ചുകൊണ്ടിരുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കൂടാതെ കേരളത്തിലെ എഐസിസി സെക്രട്ടറിമാരും സ്ക്രീനിംഗ് കമ്മിറ്റിയുടെ എക്സ് ഒഫിഷ്യോയാണെന്നു എഐസിസി അറിയിച്ചു. സ്ക്രീനിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ എച്ച് കെ പാട്ടീലാണ്. ദുദില്ല ശ്രീധർ ബാബു, പ്രണിതി ഷിൻഡെ എന്നിവർ അംഗങ്ങളും. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പു സമവാക്യങ്ങൾ ചേർത്തുള്ള പട്ടികയാകും എഐസിസി പ്രഖ്യാപിക്കുക. 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ തുടങ്ങിയ മുൻനിര നേതാക്കളുടെ സ്ഥാനാർത്ഥിത്വം എഐസിസി ഡൽഹിയിൽ തീരുമാനിക്കും. അതുവരെ ഇക്കാര്യത്തിൽ കേരളത്തിൽ ചർച്ചവേണ്ടെന്നും ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുതിർന്ന നേതാക്കളെല്ലാം മത്സരിക്കുമെന്നു പ്രഖ്യാപിച്ചാൽ എംപിമാരും കെപിസിസി ഭാരവാഹികളുമടക്കം വിലയൊരു നിര നേതാക്കൾ മത്സര രംഗത്തേക്കിറങ്ങുമെന്നും എഐസിസിയ്ക്കു മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് നിർദ്ദേശം.
കേരളത്തിലെ എംപിമാർ നിയമസഭയിലേക്കു മത്സരിക്കുന്നത് ദേശീയതലത്തിൽ നാണക്കേടുണ്ടാക്കും. പാർലമെന്റിൽ 44 എംപിമാർ മാത്രമുള്ള കോൺഗ്രസിന്റെ എണ്ണം വീണ്ടും കുറയാൻമാത്രമേ ഇതിലൂടെ വഴിവയ്‌ക്കൂവെന്നാണ് എഐസിസി വിലയിരുത്തൽ. അതുകൊണ്ടുതന്നെ എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന കർശന നിർദ്ദേശം ഹൈക്കമാൻഡ് കെപിസിസിയ്ക്കു വീണ്ടും നൽകി. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചാൽ കെപിസിസി പ്രസിഡന്റിന്റെ പകരം ചുമതല കെ സുധാകരന് നൽകാതിരിക്കാനും നീക്കം നടക്കുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനും എ, ഐ ഗ്രൂപ്പു നേതാക്കളും സുധാകരനെ കെപിസിസി പ്രസിഡന്റാക്കുന്നതിലെ എതിർപ്പ് എഐസിസിയെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനവും സ്ഥാനാർത്ഥി പ്രഖ്യാപനവും മാർച്ച് ഏഴ്, എട്ട് തീയതികളോടെ ഡൽഹിയിൽ പൂർത്തിയാക്കാനാണ് എഐസിസി തീരുമാനം. 

സ്ഥാനാർത്ഥി നിർണയം, പിആർ വർക്കുകൾ, ഘടകകക്ഷി സീറ്റ് വിഭജനം, പാർട്ടി ഫണ്ട് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു എഐസിസി തയ്യാറാക്കിയ പാക്കേജ് തിങ്കളാഴ്ച കെപിസിസി നേതൃത്വത്തിന് കൈമാറി. യുഡിഎഫിനു കൂടുതൽ സീറ്റു ലഭിക്കുമെന്ന തരത്തിൽ ചില മാധ്യമങ്ങൾ ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടും എഐസിസി പി ആർ പാക്കേജിൽ ഉള്ളതാണ്. അതീവ രഹസ്യമായി തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കോവളം ഉദയസമുദ്ര ഹോട്ടലിൽ എത്തിയ രാഹുൽഗാന്ധി എംപിയാണ് എഐസിസി തീരുമാനങ്ങൾ കൈമാറിയത്. 

ഇന്നലെ കെപിസിസി ആസ്ഥാനത്തു ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണ സമിതിയോഗത്തിനു മുന്നോടിയായാണ് തിരക്കിട്ടുള്ള അദ്ദേഹത്തിന്റെ കേരള സന്ദർശനം നടന്നത്. രാത്രി ഒൻപതരയോടെ അദ്ദേഹം ഡൽഹിക്കു പറന്നു. മറ്റു പ്രമുഖ കെപിസിസി ഭാരവാഹികളെ ഒഴിവാക്കി കെപിസിസി പ്രസിഡന്റിനൊപ്പം ചില നേതാക്കൾ മാത്രമാണ് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫ് മുന്നണിയുമായി സീറ്റ് വീതംവയ്പ്പ് ചർച്ചകൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. യുവജനങ്ങൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകുന്ന തരത്തിൽ ചർച്ചകൾ വഴിതിരിച്ചുവിടണം. കൂടാതെ ജാതി, മത സംഘടനകൾക്ക് പരിഗണനയുണ്ടെന്ന പ്രതീതി മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കണമെന്നും രാഹുൽഗാന്ധി നിർദ്ദേശിച്ചു.
യുഡിഎഫ് മുന്നണിയെ അധികാരത്തിൽ എത്തിക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയോഗത്തിൽ പറഞ്ഞതായുള്ള വാർത്തകൾ പിന്നീട് കെപിസിസിയിൽ നിന്നും പിആർ ഏജൻസികൾ പുറത്തുവിട്ടു. മുല്ലപ്പള്ളിക്കു പുറമേ വി എം സുധീരനും പി ജെ കുര്യനും, പി സി ചാക്കോയും മത്സരിക്കാനില്ലെന്ന് എഴുതി നൽകിയതായും വാർത്തകൾവന്നു. കണ്ണൂർ, കൽപ്പറ്റ, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിൽ മുല്ലപ്പള്ളി മത്സരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
eng­lish summary;High Com­mand with tac­tics as Con­gress can­di­date talks stall in Assem­bly elections.
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.