March 21, 2023 Tuesday

മാലേഗാവ് സ്ഫോടനക്കേസ്: വിചാരണ മനപ്പൂർവ്വം വൈകിപ്പിക്കുന്നതായി ഹൈക്കോടതി

Janayugom Webdesk
മുംബൈ
February 25, 2020 9:16 pm

ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ പ്രതിയായ മാലേഗാവ് സ്ഫോടനക്കേസിന്റെ വിചാരണ മനപ്പൂർവ്വം വൈകിപ്പിക്കുന്നതായി ബോംബെ ഹൈക്കോടതി. കേസിലെ മറ്റൊരു പ്രതിയായ സമീർ കുൽക്കർണി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേസ് വിചാരണ നടപടികൾ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നതായി ആരോപിച്ചത്. കുൽക്കർണി സമർപ്പിച്ച ഹർജിയിന്മേൽ വാദം കേട്ട ബോംബെ ഹൈക്കോടതിയും ഇത് ശരിവച്ചു. സംഭവം നടന്ന് ഇത്രകാലം കഴിഞ്ഞിട്ടും കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് ബോംബെ ഹൈക്കോടതിയും പ്രസ്താവിച്ചു.

2008ൽ നടന്ന സ്ഫോടനക്കേസിന്റെ വിചാരണ പൂർത്തിയാക്കുന്നതിന് കാലതാമസമുണ്ടായതിന്റെ കാരണം വിശദീകരിക്കണമെന്ന് കോടതി ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടു. പ്രോസിക്യൂഷനും എൻഐഎയും ചില പ്രതികളും കേസിന്റെ വിചാരണ നടപടികൾ വൈകിപ്പിക്കുന്നതായി കാണിച്ച് നൽകിയ ഹർജിയിന്മേൽ വാദം കേൾക്കവെയാണ് കേസിൽ പുരോഗതിയുണ്ടായില്ലെന്ന് കോടതി അറിയിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ബി പി ധർമ്മകിരി, എൻ ആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.

കേസിൽ അടിയന്തിര വിചാരണ നടത്തണമെന്ന് എൻഐഎ കോടതിയോട് 2018ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും 14 സാക്ഷികളെ മാത്രമാണ് കേസിൽ വിസ്തരിച്ചതെന്ന് കുൽക്കർണി ചൂണ്ടിക്കാട്ടി. കോടതി വിചാരണയുമായി ആരെങ്കിലും സഹകരിക്കാതെയുണ്ടെങ്കിൽ കോടതിയെ അറിയിക്കണമെന്നും മുദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും എൻഐഎ കോടതി ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

വിചാരണ കോടതി സമർപ്പിച്ച രണ്ട് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ കേസിൽ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ വാദം കേൾക്കുന്നത് മാർച്ച് 16ലേക്ക് മാറ്റിവെച്ചു.

2008 സെപ്റ്റംബർ 16ന് വടക്കൻ മഹാരാഷ്ട്രയിൽ പള്ളിക്കു സമീപം മോട്ടോർ ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവും ലോക്‌സഭാ എംപിയുമായ പ്രഗ്യാ സിങ് ഠാക്കൂറാണ് കേസിലെ മുഖ്യപ്രതി. ലഫ്. കേണൽ പ്രസാദ് പുരോഹിത്, രമേഷ് ഉപാധ്യായ, അജയ് രഖികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവരാണ് മറ്റുപ്രതികൾ.

Eng­lish Sum­ma­ry; High Court asks NIA to explain delay in Male­gaon case trial

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.