പി എസ് സി പരീക്ഷാ ക്രമക്കേട്; സമീപക്കാലത്ത് പി എസ് സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

Web Desk
Posted on August 30, 2019, 2:45 pm

കൊച്ചി: യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ശിവരഞ്ജിത്തും നിസാമും പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സമീപക്കാലത്ത് പി എസ് സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസില്‍ നാലാം പ്രതിയായ സഫീര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പിഎസ്‌സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിലെ എല്ലാ പ്രതികളും പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നും സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കോടതി പറഞ്ഞു.
അനര്‍ഹര്‍ പട്ടികയില്‍ നുഴഞ്ഞു കയറുന്നത് തടയുന്നതിന് നിഷ്പക്ഷമായി അന്വേഷണം നടത്തുന്ന ഒരു ഏജന്‍സി വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പിഎസ്‌സി പരീക്ഷാഹാളില്‍ സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. പരീക്ഷാ ദിവസം ഉത്തരങ്ങളുള്ള 96 മെസേജുകളാണ് കൈമാറിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.