പാലത്തായി പീഡനംഅന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

Web Desk

കൊച്ചി

Posted on July 29, 2020, 8:23 pm

പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതിക്ക് കീഴ്ക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനും ക്രൈംബ്രാഞ്ചിന് കോടതി നിർദേശം നൽകി.

കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പൊലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്. പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തിൽ തലശ്ശേരി പോക്സോ കോടതിക്ക് ജാമ്യഹർജി പരിഗണിക്കാനാകില്ലെന്നായിരുന്നു ഹർജിയിലെ വാദം. ഇരയെ കേൾക്കാതെ ജാമ്യം അനുവദിച്ച നടപടി നിയമ വിരുദ്ധമാണെന്നും കുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഹർജി അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും

നേരത്തെ ഇരയായ പെൺകുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. എഎസ്‌പി രേഷ്മ രമേശിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തിരുന്നത്. പത്മരാജൻ പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടിൽ കൊണ്ടു പോയി മറ്റൊരാൾക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്.