Web Desk

ലഖ്നൗ

April 19, 2021, 10:41 pm

ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ; യുപിയില്‍ അഞ്ചു നഗരങ്ങളില്‍ ഹൈക്കോടതി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
Janayugom Online

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉത്തര്‍ പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാരിനെ മറികടന്ന് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ലഖ്‌നൗ, പ്രയാഗ് രാജ്, വാരണാസി, കാന്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ നഗരങ്ങളില്‍ ഏപ്രില്‍ 26 വരെയാണ് കോടതി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

നിലവിലെ ആരോഗ്യ സ്ഥിതി വഷളാക്കിയതിന് കോടതി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി ശാസിക്കുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം താറുമാറായിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. ആരോഗ്യ രംഗത്തെ ഈ പ്രതിസന്ധിക്ക് ഉത്തരവാദികള്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവരാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അജിത് കുമാര്‍, സിദ്ധാര്‍ത്ഥ വര്‍മ്മ എന്നിവരാണ് കേസ് പരിഗണിച്ചത്.

പൊതുജനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ലോക്ഡൗണ്‍ നടപ്പിലാക്കേണ്ടത് ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയപരമായ തീരുമാനപ്രകാരമാണെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ യുപി സര്‍ക്കാര്‍ ഇതുവരെ ഒരു പദ്ധതിയും തയാറാക്കിയിട്ടില്ല എന്നതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്നും ഉത്തരവില്‍ പറയുന്നു.

ഇന്നലെ 30,000 ത്തിലധികം രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് ജനജീവിതത്തെ ബാധിക്കുമെന്നും ഇക്കാരണത്താല്‍ കോടതി ഉത്തരവ് നടപ്പിലാക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
eng­lish summary;High Court has declared lock­downs in five cities in UP
you may also like this video;