Web Desk

മലപ്പുറം

April 28, 2021, 7:46 pm

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചു; യുഡിഎഫിന്റെ നിരുത്തരവാദപരമായ സമീപനത്തിന് തിരിച്ചടി

Janayugom Online

കേരളത്തിന്റെ സ്വന്തം ബാങ്കായ കേരളബാങ്കില്‍ നിന്ന് രാഷ്ട്രീയകാരണങ്ങളാല്‍ വിട്ടുനില്‍ക്കാനുള്ള മലപ്പുറം സഹകരണ ജില്ലാബാങ്കിന്റെ നിലപാടിനെതിരെ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയതോടെ പൊളിഞ്ഞത് യുഡിഎഫിന്റെ നിരുത്തവാദപരമായ സമീപനം. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഇന്നലെ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. മലപ്പുറം ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികള്‍ കോടതി തള്ളി. ലയനവുമായി സര്‍ക്കാരിന് മുന്നോട്ടു പോകാം. ജില്ലാ സഹകരണ ബാങ്ക് മാനേജിഗ് കമ്മിറ്റിയും ബാങ്കിനു കീഴില്‍ വരുന്ന തുവൂര്‍ — പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ഓര്‍ഡിനന്‍സ് നിയമപരമാണെന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍, പുലമാന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി അനുവദിച്ചു. നേരത്തെ ഈ കേസില്‍ മലപ്പുറം ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കരുതെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ബാങ്കിനെ നിര്‍ബന്ധിച്ച് ലയിപ്പിക്കരുതെന്നായിരുന്നു ഇടക്കാല ഉത്തരവില്‍ കോടതി ആവശ്യപ്പെട്ടിരുന്നത്. ഈ ഉത്തരവിന്റെ ആത്മവിശ്വാസത്തില്‍ അന്തിമ വിധി തങ്ങള്‍ക്കനുകൂലമാകുമെന്ന് കരുതിയ മലപ്പുറത്തെ യുഡിഎഫ് നേതൃത്വത്തിന്റെ ഇടുങ്ങിയ രാഷ്ട്രീയ പിടിവാശിക്കേറ്റ കനത്ത ആഘാതമാണ് ഇന്നലത്തെ കോടതി വിധി.

സംസ്ഥാനത്തെ പതിമൂന്ന് ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കുമായുള്ള ലയനത്തെ അംഗീകരിച്ചിരുന്നു. 2019 ലെ കേരള സഹകരണ നിയമ ഭേദഗതിയിലൂടെ ജില്ലാ സഹകരണബാങ്ക് എന്ന തട്ട് ഒഴിവാക്കിയായിരുന്നു കേരളബാങ്കിന്റെ രൂപീകരണം. ഈ സാഹചര്യത്തില്‍ ഒറ്റയ്ക്ക് നില്‍ക്കാനുള്ള മലപ്പുറം സഹകരണബാങ്കിന്റെ നീക്കം അസാധ്യമാകുമെന്നുറപ്പായതോടെയാണ് മലപ്പുറം ബാങ്കിനെ കേരളബാങ്കിലേക്ക് ലയിപ്പിക്കാന്‍ തീരുമാനമെടുത്തത്. ബാങ്കിംഗ് സംവിധാനത്തിന്റെ വലിയതോതിലുള്ള മാറ്റം, ബാങ്കിംഗ് നിയമങ്ങളുടെ ഭേദഗതികള്‍, അത്യാധുനികമായ ബാങ്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ മലപ്പുറം ബാങ്കിന്റെ ഒറ്റക്കുള്ള നില്‍പ്പ് അസാധ്യമാക്കുമെന്നു സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മാത്രമല്ല മലപ്പുറം ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

 

Eng­lish sum­ma­ry; High Court has upheld the merg­er of Malap­pu­ram Dis­trict Co-oper­a­tive Bank with Ker­ala Bank
You may also like this video: