December 3, 2022 Saturday

Related news

November 15, 2022
November 8, 2022
November 3, 2022
November 3, 2022
November 1, 2022
October 31, 2022
October 28, 2022
October 27, 2022
October 26, 2022
October 24, 2022

നിയമസഭാംഗങ്ങളല്ലാത്ത 14 മന്ത്രിമാർ; മധ്യപ്രദേശ് സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

Janayugom Webdesk
ഭോപ്പാൽ
October 22, 2020 2:43 pm

നിയമസഭാംഗങ്ങളല്ലാത്ത 14 പേരെ മന്ത്രിമാരാക്കി നിയമിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാരിന് മധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 164 ലെ വ്യവസ്ഥകളെ പൂർണ്ണമായി ദുരുപയോഗം ചെയ്തുകൊണ്ടായിരുന്നു മന്ത്രിമാരുടെ നിയമനം എന്ന് കാട്ടി ആക്ടിവിസ്റ്റും അഭിഭാഷകനുമായ ആധാന ഭാർഗവ സമർപ്പിച്ച ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് സഞ്ജയ് യാദവ്, ജസ്റ്റിസ് രാജീവ് കുമാർ ദുബെ എന്നിവരുടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 

ജൂലൈയിൽ നടന്ന മധ്യപ്രദേശ് മന്ത്രിസഭാ പുന:സംഘടനയിൽ കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളിൽ 12 പേരുൾപ്പെടെ നിയമസഭാംഗങ്ങൾ അല്ലാത്ത 14 പേരാണ് മന്ത്രിമാരായത്. മധ്യപ്രദേശിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നിയമസഭയിൽ അംഗത്വം നേടുന്നതിന് മുമ്പ് തന്നെ ഇത്രയും പേർ മന്ത്രിമാരാകുന്നത്. ആർട്ടിക്കിൾ 164(1) ഉപയോഗിച്ചായിരുന്നു മന്ത്രിമാരുടെ നിയമനം. ഗവർണർക്ക് മുഖ്യമന്ത്രിയെയെ പിന്നീട് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റ് മന്ത്രിമാരെയും നിയമിക്കാൻ കഴിയുന്നതാണ് ഈ ആർട്ടിക്കിൾ. 

എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 164 പ്രകാരമുള്ള അധികാരം അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹർജിക്കാരന് വേണ്ടി വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് തലേക്കർ വാദിച്ചു. അത്തരം സാഹചര്യങ്ങളൊന്നും സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. ലജിസ്ലേറ്റീവ് കൗൺസിലിൽ കുറഞ്ഞത് 12 മന്ത്രിമാർ ഉണ്ടായിരിക്കണം എന്ന ആർട്ടിക്കിൾ 164 (1‑എ) യുടെ ഉത്തരവിന് വിരുദ്ധമായി മൂന്ന് മാസത്തിലധികം സഭയിൽ 5 മന്ത്രിമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഹർജിക്കാരൻ വാദിക്കുന്നു. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വച്ച് എത്തിയവർ ഉൽപ്പെടെ 14 നിയമസഭാ സാമാജികരെ കൂട്ടത്തോടെ നിയമിച്ചു. ആർട്ടിക്കിൾ 164 (4) പ്രകാരം ഇത്തരത്തിൽ നിയമിക്കുന്ന മന്ത്രിമാരുടെ കാലാവധി നിയമന തീയതി മുതൽ ആറ് മാസമാണ്. 

അതുകൊണ്ട് തന്നെ ഏപ്രിൽ മാസത്തിൽ നിയമിതരായ രണ്ട് നിയമസഭാംഗങ്ങളുടെ കാലാവധി ഇതിനകം അവസാനിച്ചു എന്നും തലേക്കർ ചൂണ്ടിക്കാട്ടി. മാർച്ചിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ 22 എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് 22 അംഗങ്ങളുടെയും രാജി സ്പീക്കർ സ്വീകരിച്ചതോടെ കോൺഗ്രസിന്റെ കമൽനാഥ് സർക്കാർ വീണു. ഇത് സംസ്ഥാനത്ത് ബിജെപി അധികാരകത്തിലെത്താൻ വഴിയൊരുക്കി. അതിനുശേഷം ഏപ്രിൽ 21 ന് ഗവർണർ അഞ്ച് മന്ത്രിമാരെ മന്ത്രിസഭയിലേക്ക് നിയമിച്ചു, അതിൽ 2 പേർ നിയമസഭാംഗങ്ങളല്ല. ജൂലൈ 2 ന് 28 അംഗങ്ങളെ മന്ത്രിസഭയിലേക്ക് നിയമിച്ചു, അതിൽ 12 പേരും നിയമസഭാംഗങ്ങളല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

നിയമസഭാംഗങ്ങളാകാതെ ഒരു സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ ചരിത്രത്തിൽ ഒരിക്കലും ഇത്രയധികം മന്ത്രിമാരെ ഒരുമിച്ച് നിയമിച്ചിട്ടില്ലെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയിലെ ആകെ 34 മന്ത്രിമാരിൽ ഈ 14 നിയമസഭാ സാമാജികരുടെ നിയമനം അപഹാസ്യമാണെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യവുമാണെന്ന് ഹർജിക്കാരൻ വാദിക്കുന്നു. നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പതനത്തിന് രഹസ്യമായി കാരണമാകുന്ന ഒരു തരം വൈറസ് നമ്മുടെ രാഷ്ട്രീയ ഇടങ്ങളിൽ ബാധിച്ചുവെന്ന് പരാതിക്കാരൻ അഭിപ്രായപ്പെട്ടു. നിയമസഭാ സാമാജികർ ഭരണകക്ഷിയിൽ നിന്ന് രാജിവച്ച് പ്രധാന പ്രതിപക്ഷ പാർട്ടിയുമായി കൈകോർത്തത് ഏതെങ്കിലും നിയമവിരുദ്ധമായ സ്വാധീനത്തിലോ അറിയപ്പെടാത്ത മറ്റ് കാരണങ്ങളാലോ ആണ്. 

സംസ്ഥാനത്തെ മറ്റ് ഭരണഘടനാ പദവികൾ വഹിക്കുന്നവരുമായി സഹകരിച്ച് ജനാധിപത്യ സംവിധാനം നടപ്പാക്കേണ്ട ബാധ്യത പൂർണമായും നിക്ഷിപ്തമായിരിക്കുന്നത് ബഹുമാനപ്പെട്ട സ്പീക്കറിലാണെന്നിരിക്കെ കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കാൻ പരസ്യമായി ശ്രമിക്കുകയും ഇന്ത്യൻ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ കാറ്റിൽ പറത്തുകയും ചെയ്യുന്ന രീതികളെ അദ്ദേഹവും പ്രോത്സാഹിപ്പിക്കുകയാണ്. ഒരിക്കൽ അയോഗ്യനാക്കപ്പെട്ടാൽ, നിലവിൽ മധ്യപ്രദേശ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനങ്ങൾ വഹിക്കുന്ന ഈ 14 പേർക്ക് ഒഴിവുള്ള സീറ്റുകൾക്കായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയില്ല. അതുകൊണ്ട് തന്നെ അത്തരം ഭരണഘടനാപരമായ ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാൻ, അവരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം സ്പീക്കർ മനപൂർവ്വം തീർപ്പുകൽപ്പിക്കുന്നുമില്ല. സ്പീക്കറുടെ ഈ പെരുമാറ്റം കോടതി പരിശോധിക്കണമെന്നും ഹർജിക്കാരൻ അപേക്ഷിച്ചു.

ENGLISH SUMMARY:High Court issues notice to 14 min­is­ters of Chief Min­is­ter Shiv­raj Singh Chawhan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.