കൊച്ചി: മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മാമാങ്കം എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് സജീവ് പിള്ളയാണെന്ന് ബോദ്ധ്യപ്പെട്ടതിനാൽ തിരക്കഥാകൃത്ത് എന്ന നിലയില്‍ ശങ്കര്‍ രാമകൃഷ്ണനെ അവതരിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്റെ പേര് ക്രഡിറ്റില്‍ ഉപയോഗിക്കരുതെന്നും ജസ്റ്റീസ് വി ഷിര്‍സി നിര്‍ദ്ദേശം നല്‍കി.
മാമാങ്കം റിലീസ് തടയണമെന്നും ചിത്രത്തിന്റെ കഥ തന്റേതാണെന്നും പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സജീവ് പിള്ള സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധി. മാമാങ്കത്തിന്റെ പ്രദര്‍ശനം നിയമവിരുദ്ധമാണെന്നും പ്രദര്‍ശനം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. റിലീസ് തൊട്ടുമുന്നിലെത്തിയ സാഹചര്യത്തില്‍ ഇതു തടയുന്നത് ഒട്ടേറെ പേരുടെ അദ്ധ്വാനം പാഴാകുന്ന അവസ്ഥയുണ്ടാക്കുമെന്നു വിലയിരുത്തിയ കോടതി പ്രദര്‍ശനം തടഞ്ഞില്ല.
എന്നാല്‍, തിരക്കഥാകൃത്തായി ഉള്‍പ്പെടുത്തിയിരിക്കുന്ന ശങ്കര്‍ രാമകൃഷ്ണന്റെ പേര് നീക്കിയ ശേഷം മാത്രമേ മാമാങ്കം പ്രദര്‍ശിപ്പിക്കാവൂ എന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍ റിലീസിനു മുമ്പു തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പകര്‍പ്പവകാശം സംബന്ധിച്ച് സജീവ് പിള്ള സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി സമയബന്ധിതമായി തീര്‍പ്പാക്കണം. കഥ, തിരക്കഥ, സംഭാഷണം എഴുതിയത് സജീവ് പിള്ളയാണ്. അതുകൊണ്ടാണ് ഈ പ്രൊജക്ട് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.
സജീവ് പിള്ളയുടെ സംവിധാനത്തിലാണ് മാമാങ്കം ചിത്രീകരണം തുടങ്ങിയത്. പിന്നീട് ചില അഭിപ്രായഭിന്നതകളുടെ പേരില്‍ അദ്ദേഹത്തെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പ്രൊജക്ടില്‍ നിന്നു പുറത്താക്കി. എം.പത്മകുമാറാണ് പിന്നീട് സംവിധായകനായി വന്നത്. ക്രമേണ തിരക്കഥാകൃത്തിന്റെ സ്ഥാനവും സജീവിന് നഷ്ടമായി. ശങ്കര്‍ രാമകൃഷ്ണനെഴുതിയ തിരക്കഥയിലാണ് മാമാങ്കം ഒരുങ്ങുന്നതെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ വാദം.
സജീവിന്റെ തിരക്കഥയെ ആദ്യഘട്ടത്തില്‍ മുക്തകണ്ഠം പ്രശംസിച്ച നിര്‍മ്മാതാവ് പിന്നീട് ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥ കണ്ടാണ് പ്രൊജക്ട് തുടങ്ങിയതെന്നു മാറ്റിപ്പറഞ്ഞു. ഈ കള്ളങ്ങളാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി പൊളിച്ചുകളഞ്ഞിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.