സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയ എറണാകുളം തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി. പരീക്ഷയെഴുതണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതി ഉത്തരവ്.
ഇനിയുള്ള മൂന്ന് പരീക്ഷകള്‍ എഴുതാനാണ് കോടതി അനുമതി നല്‍കിയത്. മാര്‍ച്ച് 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക. ഇന്നു തന്നെ സിബിഎസ്ഇ ഹോള്‍ ടിക്കറ്റുകള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നാളെ മുതല്‍ കുട്ടികള്‍ക്ക് പരീക്ഷ എഴുതാം. ഏതു സ്കൂളില്‍ പരീക്ഷ എഴുതണമെന്ന് സിബിഎസ്ഇയ്ക്ക് തീരുമാനിക്കാം. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചു. പരീക്ഷ എഴുതിയാലും അത് കേസിലെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ 29 വിദ്യാർത്ഥികൾക്കാണ് പരീക്ഷയെഴുതാന്‍ കഴിയാതിരുന്നത്. സ്കൂളിന് സിബിഎസ്ഇ അംഗീകാരമില്ലാത്ത വിവരം വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറച്ചുവെച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളുടെ പേര് സിബിഎസ്ഇയിൽ രജിസ്റ്റർ ചെയ്തിട്ടില്ലായെന്ന് ഹോള്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും അറിയിച്ചത്. രജിസ്ട്രേഷന്‍ അപ്രൂവ് ആയില്ലെന്നാണ് മാനേജ്മെന്‍റ് അറിയിച്ചതെന്നും സ്കൂളിൽ മാനേജ്മെന്റിന്റെ വീഴ്ചയെ തുടർന്നാണ് പരീക്ഷ എഴുതാൻ സാധിക്കാത്തതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എട്ടാംക്ലാസ് വരെ മാത്രമാണ് സ്‌കൂളിന് അംഗീകാരമുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന വിവരം സെപ്തംബറിലേ സ്‌കൂള്‍ മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
സംഭവത്തില്‍ ഇടപ്പെട്ട ഹൈക്കോടതി സിബിഎസ്ഇ റീജണൽ ഡയറക്ടർ ഹാജരാകണമെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. വേണ്ടി വന്നാൽ സിബിഎസ്ഇ ചെയർമാനെ വിളിച്ചു വരുത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തെ തുടര്‍ന്ന് നേരത്തെ സ്കൂൾ മനേജറിനേയും സ്കൂൾ ട്രസ്റ്റ് പ്രസിഡന്റിനേയും അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിലെ മാനേജര്‍ മാഗിയും സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസുമാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. സിബിഎസ്ഇ അഫിലിയേഷൻ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
English Summary; high court says aroojas school students can write exam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.