കെ എം ഷാജി അയോഗ്യന്‍; ആശ്വാസമായി സ്റ്റേ

Web Desk
Posted on November 09, 2018, 10:56 pm

കൊച്ചി: അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി എന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഡി രാജന്റെ ഉത്തരവ്. എംഎല്‍എ സ്ഥാനം അസാധുവാക്കിയ അതേ ഹൈക്കോടതി ബെഞ്ച് തന്നെ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കെ എം ഷാജിയുടെ അപേക്ഷ പരിഗണിച്ചാണ് സ്റ്റേ. സുപ്രിം കോടതിയെ സമീപിക്കാനാണ് ഇത്.
നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ അയോഗ്യനാക്കി കോടതി ഉത്തരവിട്ടത്. ആറ് വര്‍ഷത്തേക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. ഉത്തരവ് വന്ന നിമിഷം മുതല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനത്തിന്റെ ഒരു ആനുകൂല്യങ്ങളും ലഭ്യമാകില്ല. കെ എം ഷാജിയെ അയോഗ്യനാക്കുന്നതോടൊപ്പം തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അഴീക്കോട് മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം എന്നും ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. നിയമസഭാ സ്പീക്കര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ഇത് സംബന്ധിച്ച് കോടതി നിര്‍ദ്ദേശം നല്‍കി. നികേഷ് കുമാറിന് കെ എം ഷാജി അമ്പതിനായിരം രൂപ നല്‍കണം എന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടന്നുവെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്നാണ് നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി ആയിരുന്ന നികേഷ് കുമാര്‍, ആ പദവി രാജിവച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ(എം) ചിഹ്നത്തിലായിരുന്നു മത്സരം. 2,287 വോട്ടുകള്‍ക്കാണ് കെ എം ഷാജി വിജയിച്ചത്. തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ കെ എം ഷാജിക്കുവേണ്ടി യുഡിഎഫ് അടിച്ചിറക്കിയ ആറു വിവാദ ലഘുലേഖകളാണ് വിധിക്കാധാരമായത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഈ രേഖകള്‍ സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവും അന്നത്തെ വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായ മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ആറു ലഘുലേഖകളും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി കാറ്റില്‍ പറത്തുന്നതായിരുന്നു. അറബി തലവാചക കത്തിലുള്ള ഒരു ലഘുലേഖയാണ് കോടതി ഗൗരവമായെടുത്തത്. മുഹമ്മദീയനായ കെ എം മുഹമ്മദ് ഷാജിക്കു വോട്ടു ചെയ്യണമെന്നു പറയുന്ന ഈ ലഘുലേഖയില്‍ മുഹമ്മദീയനല്ലാത്തവര്‍ സിറാത്തിന്റെ പാലം കടക്കില്ലെന്നും പറയുന്നു. നഗ്‌നമായ വര്‍ഗീയ പ്രചാരണമാണിതെന്ന് കോടതി കണ്ടെത്തി.എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിനെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു മറ്റു ലഘുലേഖകള്‍.

അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷാജി നല്‍കിയ ഹര്‍ജിയില്‍ അതേ ബെഞ്ച് തന്നെയാണ് സ്റ്റേ അനുവദിച്ചത്. അപ്പീല്‍ നല്‍കുന്നതിനായുള്ള കാലപരിധി നിശ്ചയിച്ചാണെങ്കിലും സ്റ്റേ നിലവില്‍ വന്നതിനാല്‍ ഷാജിയുടെ അയോഗ്യത താല്‍ക്കാലികമായി ഇല്ലാതാകും. ആദ്യവിധിയനുസരിച്ച് നികേഷ്‌കുമാറിന് കോടതി ചെലവായി നല്‍കാനുള്ള അരലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കുന്നതിനാണ് സ്റ്റേ അനുവദിച്ചുള്ള വിധിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സ്റ്റേ ലഭിച്ച നടപടി സ്വാഭാവികം മാത്രമാണെന്ന് ഹര്‍ജിക്കാരനായ എം വി നികേഷ് കുമാര്‍ പ്രതികരിച്ചു. രണ്ടരവര്‍ഷമായി താന്‍ നടത്തുന്ന നിയമപോരാട്ടം ഇനിയും തുടരുമെന്നും നികേഷ് കുമാര്‍ വ്യക്തമാക്കി. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും നികേഷ് പ്രതികരിച്ചു. ഹൈക്കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കും എന്നാണ് കരുതിയിരുന്നത് എന്നും നികേഷ് പറഞ്ഞു.
അതേസമയം നിയമപോരാട്ടം തുടരുമെന്നും തനിക്കുവേണ്ടി അച്ചടിച്ച നോട്ടീസുകളായിരുന്നില്ല കോടതി പരിഗണിച്ചവയെന്നും കെ എം ഷാജി പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരായ വിധി: കാനം

കൊല്ലം: കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി വര്‍ഗീയതയ്ക്കെതിരായ വിധിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.
വര്‍ഗീയത ഉപയോഗിച്ച് വോട്ടുപിടിക്കരുതെന്നു ജനപ്രാതിനിധ്യ നിയമത്തില്‍ത്തന്നെ പറയുന്നുണ്ട്. മദര്‍ തെരേസയുടെ ചിത്രവുമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന കേസില്‍ അയോഗ്യനായ പി സി തോമസിന് കുറച്ചുകാലം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയാതെവന്നിട്ടുണ്ട്.

സുപ്രിംകോടതി വിധി നിലനില്‍ക്കെ ശബരിമല വിഷയത്തില്‍ വിഗ്രഹവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള രഥയാത്ര നടത്തുകയാണ്. ഈ യാത്രയില്‍ പി സി തോമസും അണിചേര്‍ന്നു. നിയമത്തിന് മുകളിലാണ് വിശ്വാസമെന്ന് സ്ഥാപിക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ജനങ്ങളുടെ ദുര്‍ബല മനസ് മുതലെടുക്കാനുള്ള ശ്രമങ്ങളില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിവാകണം. കെ ടി ജലീല്‍ വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും വിവാദം മുന്നണിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.

കോടതിപരാമര്‍ശം വേദനിപ്പിക്കുന്നത്: കെ എം ഷാജി

കോഴിക്കോട്: തന്നെ തോല്‍പിക്കാന്‍ വേണ്ടി ആരോ ഇറക്കിയ നോട്ടീസിന്റെ പേരിലാണ് കോടതിവിധി വന്നിരിക്കുന്നതെന്നും താന്‍ ജയിക്കാന്‍ ആഗ്രഹിച്ചവരല്ല അതിനു പിന്നിലെന്നും കെ എം ഷാജി പ്രതികരിച്ചു. വര്‍ഗീയത പ്രചരിപ്പിച്ചു എന്ന കോടതിപരാമര്‍ശം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. വര്‍ഗീയതക്കെതിരായ തന്റെ നിലപാട് ജീവിതം കൊണ്ട് തെളിയിച്ചതാണ്. തെരഞ്ഞെടുപ്പിന്റെ തലേന്നു പോലും വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞവനാണ് ഞാന്‍. അത് കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ല. വര്‍ഗീയവാദികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും ഷാജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എതിര്‍ സ്ഥാനാര്‍ത്ഥി എം വി നികേഷ്‌കുമാര്‍ വളരെ മോശമായ രീതിയില്‍ വളച്ചൊടിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കും. ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തിട്ടുള്ളതിനാല്‍ നല്ല രീതിയില്‍ മുന്നോട്ടു പോകും. ഒരു വിധി കൊണ്ട് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ല. എംഎല്‍എ ആകുന്നതിനും മുമ്പ് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോള്‍ തീവ്രവാദികളുടെ ഭീഷണി നേരിട്ടപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കെ എം ഷാജി പറഞ്ഞു.

സ്വാഗതാര്‍ഹമായ വിധി: എം വി നികേഷ്‌കുമാര്‍

കണ്ണൂര്‍: അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയ ഹൈക്കോടതി വിധി തൃപ്തികരമായ തീരുമാനമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ്‌കുമാര്‍ കണ്ണൂരില്‍ പറഞ്ഞു. നിയമപോരാട്ടം മുന്നോട്ടുകൊണ്ടുപോകും. തുടക്കംമുതല്‍ വ്യക്തിഹത്യ നടത്തിക്കൊണ്ടുള്ള പ്രചാരണമാണ് അവിടെ ഐക്യജനാധിപത്യ മുന്നണി നടത്തിയത്. ഇതിനെയാണ് ഞാന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. രണ്ടരക്കൊല്ലത്തെ കേസ് നടത്തിപ്പിന് ശേഷമാണ് ഹൈക്കോടതിയില്‍ നിന്ന് സ്വാഗതാര്‍ഹമായ വിധിയുണ്ടായത്. വിജയിയായി പ്രഖ്യാപിക്കണമെന്ന തന്റെ ആവശ്യം പക്ഷെ കോടതി അംഗീകരിച്ചില്ലെന്നാണ് മനസിലാക്കുന്നത്. വിധിപ്പകര്‍പ്പ് വായിച്ചാല്‍ മാത്രമെ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ.

മതാധിഷ്ഠിത രാഷ്ട്രീയപാര്‍ട്ടിയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് രംഗത്തെത്തുമ്പോള്‍ എതിര്‍ചേരിയിലുള്ള ആളുകള്‍ക്ക് മത്സരിക്കാനുള്ള ശരിയായ ഇടം തെരഞ്ഞെടുപ്പ് രംഗത്തുണ്ടോ എന്ന വിശദമായ പരിശോധന ആവശ്യമാണ്. മതാധിഷ്ഠിത രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിക്കുന്ന അപ്രമാദിത്തം കേരളത്തിലെ 140 മണ്ഡലങ്ങളിലുമുണ്ടെങ്കില്‍ യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തി നിയമപോരാട്ടം തുടരും. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണോ എന്ന് തീരുമാനിക്കേണ്ടത് താനല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.