രാജസ്ഥാൻ: ഹൈക്കോടതി വിധി ഇന്ന്

Web Desk

ന്യൂഡല്‍ഹി

Posted on July 24, 2020, 8:40 am

സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാരുടെ അയോഗ്യത നീട്ടിവെക്കണമെന്ന ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹർജിയില്‍ ഇന്ന് ഹൈക്കോടതിക്ക് വിധി പ്രസ്താവിക്കുന്നതില്‍ നിയന്ത്രണമില്ലെന്ന് രാജസ്ഥാന്‍ സ്പീക്കര്‍ നല്കിയ ഹർജി പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഹൈക്കോടതി ഉത്തരവ് എന്തുതന്നെയായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

സ്പീക്കർ സി പി ജോഷിയുടെ ഹർജി സുപ്രീംകോടതി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. സ്പീക്കറുടെ നടപടിക്രമങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നാണ് ഹർജിയിലെ പ്രധാനവാദം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ജോഷിക്കു വേണ്ടി ഹാജരായത്. സ്പീക്കര്‍ തീരുമാനം എടുക്കുംമുമ്പ് അത് പുന:പരിശോധിക്കാന്‍ സാധിക്കില്ല. സച്ചിന്‍ പൈലറ്റിനും വിമത എംഎല്‍എമാര്‍ക്കും എതിരെ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമല്ലെന്നും ഹർജിയില്‍ പറയുന്നു.

സുപ്രീംകോടതിയുടെ നേരെത്തെയുണ്ടായ വിധിയിൽ അയോഗ്യത നേരിടുന്ന എംഎൽഎമാർക്ക് ഇടക്കാല ഉത്തരവിലൂടെ കോടതികൾ സംരക്ഷണം നൽകരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ആ വിധിയുടെ ലംഘനമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ഉണ്ടായതെന്നും കപിൽ സിബൽ വാദിച്ചു. അതേസമയം ചിലരുടെ അയോഗ്യത മാത്രമല്ല വിഷയം, ജനാധിപത്യവുമായി ബന്ധപ്പെട്ടതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചു. ജനാധിപത്യത്തിൽ വിയോജിപ്പിന്റെ ശബ്ദത്തെ അടിച്ചമർത്താൻ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വിപ്പ് ലംഘിച്ച് നിയമസഭാ കക്ഷിയോഗത്തിൽനിന്നു വിട്ടുനിന്ന കാരണത്താല്‍ അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നിർദ്ദേശിച്ച് സ്പീക്കർ സച്ചിനും മറ്റ് എംഎൽഎമാർക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് സച്ചിൻ പൈലറ്റ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. സഭാ സമ്മേളന കാലയളവ് അല്ലാത്തതിനാൽ വിപ്പ് ബാധകമല്ലെന്നാണ് വിമതവിഭാഗത്തിന്റെ പ്രധാനവാദം.

Eng­lish sum­ma­ry; High Court ver­dict today rajasthan

You may also like this video;