7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024

പി വി അന്‍വറിനും പഞ്ചായത്തിനും ഹൈക്കോടതിയുടെ അന്ത്യശാസനം

Janayugom Webdesk
കൊച്ചി
November 1, 2024 10:24 pm

പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ളതും പ്രതിരോധ മേഖലയിൽ സ്ഥിതി ചെയ്യുന്നതുമായ കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹര്‍ജിയിൽ മറുപടി നൽകാൻ പഞ്ചായത്തിനും അന്‍വറിനും ഹൈക്കോടതിയുടെ അന്ത്യശാസനം. നാവികസേനയുടെ ആയുധ സംഭരണശാലക്ക് സമീപം പീവീസ് റിയൽറ്റേഴ്സിന്റെ ഉടമസ്ഥതയിലുള്ള ഏഴുനില കെട്ടിടം പൊളിച്ചുനീക്കണമെന്ന ഹര്‍ജിയിലാണ് മാനേജിങ് ഡയറക്ടർ പി വി അൻവർ എംഎൽഎയും എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തും മൂന്നാഴ്ചക്കകം മറുപടി സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. 

പാട്ടത്തിനെടുത്ത ഏഴുനില കെട്ടിടത്തിൽ ലഹരി പാർട്ടിയടക്കം നടന്ന സാഹചര്യം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ കെ വി ഷാജി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഡൽഹിയിലെ കടാശ്വാസ കമ്മിഷൻ 2006ൽ നടത്തിയ ലേലത്തിലാണ് പി വി അൻവറിന്റെ കമ്പനി 99 വർഷത്തെ പാട്ടത്തിന് 11.46 ഏക്കർ ഭൂമിയും കെട്ടിടവും സ്വന്തമാക്കിയത്. അതീവ സുരക്ഷാമേഖലയിലുള്ള കെട്ടിടത്തിൽ 2018ൽ നടന്ന ഡിജെ പാർട്ടിക്കിടെ എക്സൈസ് റെയ്ഡിൽ അനധികൃത ബാർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

കേസെടുത്തെങ്കിലും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ച് ഹര്‍ജിക്കാരൻ സർക്കാരിന് പരാതി നൽകിയിരുന്നു. നാവികസേനാ അധികൃതരുടെ നിർദേശ പ്രകാരം എടത്തല പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ചാണ് സപ്തനക്ഷത്ര സൗകര്യത്തോടെ കെട്ടിടം വികസിപ്പിച്ചതെന്നായിരുന്നു കത്തിലെ ആരോപണം. ആഭ്യന്തരവകുപ്പിന്റെ നിർദേശ പ്രകാരം ജില്ലാ കളക്ടർക്കും എടത്തല പഞ്ചായത്തിനും പരാതി കൈമാറിയെങ്കിലും തുടർനടപടിയുണ്ടാകാത്തതിനാലാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
മറുപടി സത്യവാങ്മൂലം നൽകാൻ നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോഴും കോടതി പഞ്ചായത്തടക്കം എതിർകക്ഷികൾക്ക് നിർദേശം നൽകിയിരുന്നു. മുൻ ഉത്തരവ് പാലിക്കാത്തതിനാൽ വിശദീകരണത്തിനുള്ള അവസാന അവസരമായിരിക്കും ഇതെന്ന് കോടതി മുന്നറിയിപ്പ് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.