നന്ദു ബാനര്‍ജി

January 13, 2021, 5:45 am

ഉയർന്ന ഇന്ധന വില സമ്പദ്ഘടനയെ ഞെരുക്കുന്നു

Janayugom Online

ന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലകളുടെ റെക്കോർഡ് വർധനയെന്ന ഔദ്യോഗിക പ്രസ്താവന അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതിനുമപ്പുറം മറ്റൊന്നുമല്ലെന്ന് വസ്തുതകൾ പരിശോധിച്ചാൽ വ്യക്തമാകും. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വില ഏറ്റവും ഉയർന്ന് 2018 ഒക്ടോബറിലെ നിലയിലെത്തിയിരിക്കുകയാണ് ഇപ്പോൾ. അന്നും ഇപ്പോഴും വിലനിലവാരം നിശ്ചയിക്കുന്നതിൽ കൃത്രിമം കാണിക്കുകയാണ് എന്ന് പറയേണ്ടിവരും. ആഭ്യന്തര പെട്രോളിനും ഡീസലിനും ആഗോള എണ്ണ വിലയുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. സർക്കാരിന്റെ ഉയർന്ന നികുതികളും ലെവികളും ചുമത്തപ്പെടുന്നതുകൊണ്ടാണ് കൃത്രിമമായി അവയുടെ വില വർധിക്കുന്ന സ്ഥിതിയുണ്ടാകുന്നത്. ഏറ്റവും എളുപ്പത്തിൽ സർക്കാരിലേക്ക് വരുമാനമെത്തിക്കാനുള്ള മാർഗമായി അത് മാറുകയും ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തിൽ നിലവിലെ അസംസ്കൃത എണ്ണ വില മെക്സിക്കൻ ബാസ്കറ്റിന് ബാരലിന് 47.12 യുഎസ് ഡോളറും ബ്രെന്റ് ക്രൂഡിന് 53.93 ഡോളറുമായി വ്യത്യസ്ത നിരക്കിലാണ് നിൽക്കുന്നത്. 2021 ജനുവരി ആറിലെ കണക്കനുസരിച്ച്, മാർസ് യുഎസ് അസംസ്കൃത എണ്ണയുടെ ആഗോള വില ബാരലിന് 51.03 ഡോളറാണ്. ഒപെക് ബാസ്കറ്റിന്റെ വില 51.36 ഡോളറായിരുന്നു. ലോകത്തിലെ ശരാശരി ക്രൂഡ് ഓയിൽ വില കഴിഞ്ഞ ആഴ്ച ബാരലിന് 50. 05 ഡോളറായിരുന്നുവെന്ന് അർത്ഥം. കോവിഡിന് പ്രതിരോധ മരുന്നുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നും ഇന്ധന ആവശ്യം ഉയർത്തുമെന്നും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിന്റെ അഞ്ചു ശതമാനം വർധന മാത്രമാണുണ്ടായത്. നിലവിൽ ഇന്ത്യയിലെ ഇന്ധന വിലനിലവാരം ആഗോള തലത്തിൽ താരതമ്യം ചെയ്താൽ 2008 മധ്യത്തിൽ ബാരലിന് ഏറ്റവും ഉയർന്ന വില നിലവിലുണ്ടായിരുന്ന ബാരലിന് 147.02 ഡോളറിന് തുല്യമായി എത്തിയിരിക്കുകയാണ്.

ആഗോള അസംസ്കൃത ഇന്ധന വില താഴേയ്ക്ക് പതിക്കുമ്പോഴും ആഭ്യന്തര പെട്രോൾ, ഡീസൽ വില കുത്തനെ കുറയുന്നില്ല. കഴിഞ്ഞ വർഷം ആഗോള അസംസ്കൃത വില ബാരലിന് 19 ഡോളറായി താൽക്കാലികമായി തകർന്നപ്പോൾ പോലും ഇവിടെ വില കുറയുന്ന സ്ഥിതിസംജാതമാകുന്നില്ല. 2020 വർഷംമൊത്തത്തിൽപരിശോധിച്ചാൽ അസംസ്കൃത ഇന്ധനത്തിന്റെ ശരാശരി വില ബാരലിന് 39.68 ഡോളർ മാത്രമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോഴും ഒരു ലിറ്റർ പെട്രോളിന് 70 രൂപയും ഡീസലിന് 62 രൂപയും നല്കേണ്ടിവരുന്നുവെന്ന് പരിശോധിക്കുമ്പോഴാണ് ഇന്ധനത്തിന്റെ പേരിലുള്ള കൊള്ളയും നികുതി വരുമാനവും മനസിലാക്കാനാകുക.

2020 ഏപ്രിൽ 20 ന് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) അസംസ്കൃത എണ്ണയുടെ വില ചരിത്രത്തിൽ ആദ്യമായി വിപരീത നിരക്കിലേക്ക് കുറയുക പോലും ചെയ്തു. ഇപ്പോഴത്തെ കോവിഡ് മഹാമാരി ആഗോള എണ്ണ, വാതക വ്യവസായമേഖലയിലും വൻ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഉപഭോഗ ആവശ്യത്തിൽഗണ്യമായകുറവുവന്നതും കൂടിയ ഉല്പാദനവും സംഭരണ ശേഷിയെക്കാൾ കൂടുമെന്ന അവസ്ഥ ഭയപ്പാടുണ്ടാക്കിയതുകൊണ്ടാണ് 2020 ഏപ്രിലിൽ ചരിത്രത്തിലെതന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കു കാരണമായത്. എങ്കിലും അത് എന്തുകൊണ്ടാണ് ഇന്ത്യയിലെ ഇന്ധന വിലയിൽ പ്രകടമായ സ്വാധീനം ചെലുത്താതിരുന്നതെന്ന ചോദ്യം പ്രസക്തമാണ്. ഏപ്രിൽ‑ജൂൺ കാലയളവിൽ ഏറ്റവും ദയനീയമായ സാമ്പത്തിക തകർച്ചയാണ് — 30 ശതമാനത്തിലധികം രേഖപ്പെടുത്തിയത്. ആവശ്യവും വിതരണവും എന്നതിനു പകരം നികുതികളും ലെവികളിലൂടെയാണ് ഇതിന് പകരം വയ്പുണ്ടായതെന്നതുതന്നെ കാരണം.

ഇതിൽനിന്ന് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന വർധനവിന് ആഗോള അസംസ്കൃത എണ്ണവില വ്യതിയാനവുമായി വലിയ ബന്ധമൊന്നുമില്ലെന്ന് വ്യക്തമാകുന്നു. ഇവിടത്തെ വിലകൾ പൂർണ്ണമായും സർക്കാരും എണ്ണക്കമ്പനികളും രൂപകൽപ്പന ചെയ്യുന്നതാണ്. സർക്കാർചുമത്തുന്ന കൂടിയ നികുതി നിരക്കുകളും ലെവികളുമാണ് ഉയർന്ന ആഭ്യന്തര വിലയ്ക്കു കാരണമാകുന്നത്. സർക്കാരിനും കമ്പനികൾക്കും ഇത് നല്ലതായിരിക്കാമെങ്കിലും സമ്പദ്ഘടനയെശ്വാസം മുട്ടിക്കുകയാണ് ചെയ്യുക. ഉയർന്ന ഇന്ധന വില രാജ്യത്താകെ ഉയർന്ന ഗതാഗത ചെലവിന് കാരണമാകുന്നുണ്ട്. അത് സമ്പദ്ഘടനയുടെ — കാർഷിക, വ്യാവസായിക, സേവന മേഖലകൾ ഉൾപ്പെടെ — എല്ലാ മേഖലയ്ക്കും ബാധകമാണ്. ഇന്ധന സബ്സിഡിയെ നിശിതമായി വിമർശിക്കുന്ന സർക്കാർ സാമ്പത്തിക വിദഗ്ധർ ഇപ്പോൾ എന്തുകൊണ്ടാണ് ഉപഭോക്താക്കൾക്കുമേലുള്ള നികുതി ഭീകരതയെ കുറിച്ച് മൗനം പാലിക്കുന്നത്. ഇന്ധന ഉല്പന്ന വില്പനയിലൂടെ ലഭിക്കുന്ന മൂല്യ വർധിത നികുതി (വാറ്റ്) യും വില്പന നികുതിയും സർക്കാരിന് വൻ തോതിലുള്ള വരുമാനം നേടിക്കൊടുക്കുവെന്നതുതന്നെ അതിന് പ്രധാന കാരണം. 2018–19 ൽ മൊത്തം വില്പന പെട്രോളിയം ഉല്പന്നങ്ങളുടെ വില്പനയിലൂടെ സർക്കാരുകൾ പിരിച്ച നികുതി/വാറ്റ് 2.01 ലക്ഷം കോടിരൂപയായിരുന്നു. ഏകദേശം ആ വർഷം സംസ്ഥാന സർക്കാരുകൾ പിരിച്ച നികുതി വരുമാന (12.61 ലക്ഷംകോടി രൂപ) ത്തിന്റെ 16 ശതമാനം തുകയാണിത്. 2019–20 ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ, ശേഖരിച്ച മൊത്തം വില്പന നികുതി/വാറ്റ് 1.44 ലക്ഷം കോടി രൂപയായിരുന്നു.

കോവിഡ് ‑19 വാക്സിൻ വന്നതിനു ശേഷം സാമ്പത്തിക സ്ഥിതി സാധാരണ നിലയിലേക്കും പൊതുജനങ്ങൾ പൂർവ സ്ഥിതിയിലേക്കും എത്തുന്നുവെന്ന പ്രതീക്ഷ ഉണ്ടായതിനെ തുടർന്ന് ആഗോളതലത്തിൽ എണ്ണവിലയിൽ വർധനയുണ്ടായി എന്നത് വസ്തുതയാണ്. ഇതേ വൈകാരികാവസ്ഥ ഉണ്ടായതിനാൽ ഓഹരി കമ്പോളത്തിലും മുന്നേറ്റം പ്രകടമായിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയിൽ ഇന്ധനത്തിന്റെ ചില്ലറവ്യാപാര മേഖലയോട് കാട്ടുന്ന ക്രൂരമായ പെരുമാറ്റരീതി ദഹിക്കാൻ — പ്രത്യേകിച്ച് ഓട്ടോമൊബൈൽ മേഖലയിലെ ഇന്ധന വിപണനം — വളരെയധികം പ്രയാസമാണ്. ഉദാഹരണത്തിന്, കഴിഞ്ഞ ഏപ്രിലിൽ ലോക്ഡൗൺകാലത്ത് ആഗോളതലത്തിൽ യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായതിനാൽ ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്നുവെങ്കിലും ഇന്ത്യയിൽ മാത്രം പെട്രോൾ, ഡീസൽ വില ഒട്ടും കുറച്ചില്ല. ഇന്ത്യയിൽ മൊത്തം ലോക്ഡൗൺ നിലനിന്ന ഏപ്രിൽ‑മെയ് മാസങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോക്താക്കൾക്ക് ആഗോളതലത്തിൽ അസംസ്കൃത ഇന്ധനത്തിനുണ്ടായ വലിയ വിലത്തകർച്ചയുടെ ഗുണം ലഭിച്ചില്ലെന്നർത്ഥം. ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗത്തിനുള്ള 86 ശതമാനം അസംസ്കൃത എണ്ണയും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്. കാരണം ലളിതമാണ്: പരോക്ഷ നികുതി പിരിവിനുള്ള ഏറ്റവും വലിയ ഉപാധിയായ ഇന്ധന നികുതിയുടെ ഉയർന്ന ഘടന. പ്രധാന പെട്രോ — കെമിക്കൽ ഉല്പന്നങ്ങൾ ചരക്കുസേവന നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ഇന്ത്യയിലെ വ്യവസായ — ഉപഭോക്തൃ സമൂഹം ആവശ്യപ്പെടുന്നതെങ്കിലും പെട്രോളിയം ഉല്പന്നങ്ങളെ ബോധപൂർവം ചരക്കു സേവന നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി നിർത്തുകയും ചെയ്തിരിക്കുന്നു. പല സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം ഇതിനെതിരെ ഐക്യപ്പെടുന്നു എന്നതിനാൽ തന്നെ പെട്രോളിയം ഉല്പന്നങ്ങൾ ചരക്കു സേവ നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നത് സമീപ ഭാവിയിലൊന്നും സംഭവിക്കാനുമിടയില്ല. പെട്രോളിയം ഉല്പന്നങ്ങളെ ചരക്കു സേവ നികുതിയുടെ പരിധിയിൽ കൊണ്ടുവന്നാൽ സർക്കാരിന്റെ നികുതി വകുപ്പുകൾക്ക് ഉപഭോക്താക്കളുടെ ചെലവിൽ എളുപ്പത്തിൽ വരുമാനമുണ്ടാക്കുന്നതിനുള്ള മാർഗം തടയപ്പെടുമെന്ന് അവർക്ക് അറിയാം. സമ്പദ്ഘടനയുടെ താല്പര്യത്തിനായി പെട്രോളും ഡീസലും ചരക്കുസേവന നികുതി പരിധിയിൽകൊണ്ടുവരണമെന്ന് വ്യവസായ — വ്യാപാര സംഘടനയായ അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സി (അസോചം) ന് അഭിപ്രായമുണ്ട്. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ വരുമാനത്തിനായി പെട്രോളിനെയും ഡീസലിനെയും അമിതമായി ആശ്രയിക്കുന്നുവെന്ന് അസോചം സെക്രട്ടറി ജനറൽ ദീപക് സൂദ് പറയുന്നു.

ഈ അമിത ആശ്രയത്വം കുറയ്ക്കേണ്ടതുണ്ടെന്നും വാഹന ഇന്ധനങ്ങളുടെ വിലയിൽ ദേശീയ തുല്യത പുലർത്തുന്നതിനുള്ള ശക്തമായ നടപിടകൾ ആവശ്യമാണെന്നും സൂദ് പറഞ്ഞു. അല്ലെങ്കിൽ, ജിഎസ്‌ടി കൊണ്ട് ഉദ്ദേശിക്കുന്ന ഒരൊറ്റ വിപണിയെന്ന വിശാലമായ ലക്ഷ്യം പൂർത്തീകരിക്കപ്പെടാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പെട്രോൾപമ്പുകളിൽ വില്പന നടക്കുമ്പോൾ ഇന്ത്യയിലെ നികുതി, ലെവി, കമ്മീഷൻ എന്നിവ ചേരുന്ന തുക പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന വിലയുടെ ഏകദേശം 60- 70 ശതമാനം വരെയാകുന്നു.

ഇത് തികച്ചും ക്രൂരമാണെന്നു മാത്രമല്ല ഇത്രയും ഭീമമായ വില പെട്രോളിയം ഉല്പന്നങ്ങൾക്ക് ഈടാക്കുന്നത് മത്സരാധിഷ്ഠിതമായ ആഗോള ലോകക്രമത്തിൽ ഇന്ത്യയുടെ മോശമായ പ്രകടനത്തിന് കാരണമാകുന്നു. കൂടാതെ ഇത് രാജ്യത്തിന്റെ ഉപഭോഗത്തെയും സാമ്പത്തിക വളർച്ചയെയും ഞെരുക്കുകയും ചെയ്യുന്നു. വിലകുറഞ്ഞ ഇന്ധനം ബൃഹത്തായ എല്ലാ സാമ്പത്തിക ഗണിതശാസ്ത്ര മാനദണ്ഡത്തിലും അനുകൂല പ്രതിഫലനമാണ് സൃഷ്ടിക്കുക. വിപണിയെയും തൊഴിൽമേഖലയെയും വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഏറ്റവും വലിയ പെട്രോൾ, ഡീസൽ ഉപഭോക്താക്കളായ സർക്കാരിന് ക്ഷേമത്തിനായുള്ള വിഭവങ്ങൾ സമാഹരിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.

(ഇന്ത്യ പ്രസ് ഏജൻസി)