20 April 2024, Saturday

Related news

April 9, 2024
December 31, 2023
September 9, 2023
February 8, 2023
December 8, 2022
October 11, 2022
September 26, 2022
July 30, 2022
June 29, 2022
June 12, 2022

ഉയർന്ന പണപ്പെരുപ്പവും വർധിച്ച ധനക്കമ്മിയും; സമ്പദ്ഘടനയില്‍ ശുഭപ്രതീക്ഷയില്ല

Janayugom Webdesk
ന്യൂഡൽഹി
December 12, 2021 9:38 pm

രാജ്യത്തെ നിലവിലെ സാമ്പത്തിക വളർച്ചാക്രമം ശാശ്വതമല്ലെന്നും അടുത്തവര്‍ഷം ആദ്യ പകുതിയോടെ അത് ഗുരുതരസ്ഥിതിയിലാകുമെന്നും വിദഗ്ധർ. കോവിഡ് കാലത്ത് സ്വീകരിച്ച സുസ്ഥിരമല്ലാത്ത നയങ്ങളുടെ പാർശ്വഫലങ്ങളായ ഉയർന്ന പണപ്പെരുപ്പവും വർധിച്ച ധനക്കമ്മിയും വെെകാതെ അനുഭവപ്പെടുമെന്ന് ജാപ്പനീസ് സാമ്പത്തിക ഏജൻസിയായ നോമുറയുടെ വാർഷികപഠനം പറയുന്നു. നിലവിലെ സാമ്പത്തിക നയങ്ങൾ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളുടെ ഉപഭോഗത്തെ ദോഷകരമായി ബാധിച്ചു. ഒപ്പം സുസ്ഥിരമായ മൂലധനച്ചെലവ് വർധനയും ദൃശ്യമാണ്. മൊത്തത്തിൽ, നിലവിലെ വളർച്ചാ ചക്രം ശുഭകരമായി തോന്നുന്നില്ല. 2021 മധ്യത്തിൽ കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ നാശനഷ്ടത്തിന് ശേഷം വളർച്ച രണ്ട് ശതമാനം വർധിച്ചെങ്കിലും അത് മഹാമാരിക്ക് മുമ്പുള്ള പ്രവണതയ്ക്ക് താഴെയാണെന്നും റിപ്പോർട്ട് പറഞ്ഞു. ഊർജ പ്രതിസന്ധി, ചിപ്പ് ക്ഷാമം പോലെയുള്ള തടസങ്ങൾ വീണ്ടെടുക്കലിനെ മന്ദഗതിയിലാക്കി. എന്നാൽ ഇവ പരിഹരിച്ചുകഴിഞ്ഞാൽ ഉല്പാദനം തിരിച്ചുവരാനിടയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം സമ്പദ്‌വ്യവസ്ഥ ശക്തമായ വീണ്ടെടുക്കലിലാണെന്നും നടപ്പ് സാമ്പത്തിക വർഷം രണ്ടക്ക വളർച്ച രേഖപ്പെടുത്തുമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക് പറയുന്നു. മുൻ സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ (ജിഡിപി) കുത്തനെ ഇടിവ് നേരിട്ടതിനാൽ നടപ്പുവർഷത്തിൽ ഇരട്ട അക്ക വളർച്ച പ്രതീക്ഷിക്കുന്നില്ല. നടപ്പു സാമ്പത്തിക വർഷത്തിലെ പ്രകടനം പകർച്ചവ്യാധിക്ക് മുമ്പുള്ളതുമായി താരതമ്യം ചെയ്യുന്നത് തന്നെ ശരിയായ രീതിയല്ല. അങ്ങനെ പരിശോധിക്കുമ്പോൾ ഈ വർഷം ആദ്യ പാദത്തിലെ ജിഡിപി 2019–20ലെ ആദ്യ പാദത്തേക്കാൾ വളരെ താഴെയാണ്. എന്നാൽ രണ്ടാം പാദത്തിലെ ജിഡിപി 2019–20 ന്റെ രണ്ടാം പാദത്തിന് സമാനമാണ്. പക്ഷേ ഇത് കേവലം 0.3 ശതമാനം മാത്രം ഉയർന്നതാണ്. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ജിഡിപിയിൽ 7.3 ശതമാനം ഇടിവാണുണ്ടായത്. ഈ വർഷം ജിഡിപി 2020–21 നേക്കാൾ 1.97 ശതമാനം വർധിക്കുമെങ്കിലും ഇത് സമ്പദ്‌വ്യവസ്ഥയിലെ ശുഭകരമായ പ്രവണതയെ സൂചിപ്പിക്കുന്നില്ല എന്നും പട്നായിക് പറഞ്ഞു. നിലവിലെ സാമ്പത്തിക വീണ്ടെടുക്കൽ സുസ്ഥിരമല്ല എന്നതും നിർണായകമാണ്.

ഉപഭോഗം കൂടിയാൽ മാത്രമേ ഇത് നിലനിർത്താനാകൂ. സുസ്ഥിരമായ വീണ്ടെടുക്കലിന് സ്വകാര്യ ഉപഭോഗത്തിലോ സർക്കാർ ചെലവിലോ വർധനവുണ്ടാകണം. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുകയും പാട്ടത്തിനു കെെമാറുകയും ചെയ്യുമ്പോൾ അടിസ്ഥാന സൗകര്യവികസനത്തിൽ കാര്യമായ നിക്ഷേപം നടത്താൻ സർക്കാരിനാവില്ല. പൊതുധനം ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വലിയൊരു ഭാഗം സ്വകാര്യവ്യക്തികൾക്ക് കൈമാറുന്ന മോഡി സർക്കാരിന്റെ നയമാണ് സമ്പദ്‍വളർച്ചക്ക് വിനയായത്. അടിസ്ഥാന സൗകര്യ വികസനത്തിൽ ഭൂമി ഏറ്റെടുക്കൽ പോലുള്ളവയും ഉൾപ്പെടുന്നു. അത്തരം നിക്ഷേപങ്ങൾക്ക് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സഹകരണം ആവശ്യമാണ്. നരേന്ദ്രമോഡിയുടെ ഭരണം ഇത് അസാധ്യമാക്കി. അതിനാൽ, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമായി അടിസ്ഥാന സൗകര്യ നിക്ഷേപവും പ്രവർത്തിക്കില്ല, പട്നായിക് പറഞ്ഞു.

eng­lish sum­ma­ry; High infla­tion and widen­ing fis­cal deficit; There is no opti­mism in the economy

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.