ടൂറിസം മേഖലയില്‍ ആധുനിക രീതിയിലുള്ള ടോഡി പാര്‍ലറുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

Web Desk
Posted on November 30, 2018, 9:09 pm

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ ആധുനിക രീതിയിലുള്ള ടോഡി പാര്‍ലറുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട ടോഡി ബോര്‍ഡ് രൂപീകരണത്തില്‍ ഇത് ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ്, ഹെറിറ്റേജ് വിഭാഗം ബാര്‍ ഹോട്ടലുകളുടെ ദൂര പരിധി 2012 ഏപ്രില്‍ 17ന് ഉണ്ടായിരുന്ന രീതിയില്‍ 50 മീറ്ററായി പുനസ്ഥാപിച്ച് ചട്ടഭേദഗതി വരുത്തിയിട്ടുണ്ട്. മദ്യനയത്തിന്റെ ഭാഗമായി ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് ചിറ്റയം ഗോപകുമാര്‍, മുഹമ്മദ് മുഹ്സിന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുടി നല്‍കി.
പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ത്രീ സ്റ്റാര്‍ പദവിയും അതിന് മുകളിലും സ്റ്റാര്‍ പദവിയുള്ള 121 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 466 ബിയര്‍വൈന്‍ പാര്‍ലറുകളുണ്ട്. പുറമെ 40 ഹോട്ടലുകള്‍ക്കൂകൂടി മദ്യവില്‍പ്പനക്കുള്ള ലൈസന്‍സ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന 40 ശതമാനം ബിയറും ഏഴ് ശതമാനം വിദേശമദ്യവും അയല്‍ സംസ്ഥാനത്തുനിന്നു വരുന്നതാണ്. മദ്യലഭ്യത ഉറപ്പാക്കാന്‍ ബ്രൂവറികള്‍, കോമ്പൗണ്ടിംഗ്, ബ്ലെന്‍ഡിംഗ്, ബോട്ടലിംഗ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും വിപി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, റോജി ജോണ്‍ തുടങ്ങിയവരെ മന്ത്രി അറിയിച്ചു.