പീഡന കേസ് പ്രതി സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

Web Desk

കൊച്ചി:

Posted on September 19, 2020, 5:57 pm

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്രതിയ്ക്ക് ജാമ്യം നൽകുന്നതിനുള്ള ഉപാധിയായാണ് കോടതി സമൂഹമാധ്യമ വിലക്ക് ഏർപ്പെടുത്തിയത്.സമൂഹമാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഇരയുടെ ആശങ്ക കണക്കിലെടുത്താണ് കോടതിയുടെ അസാധാരണ നടപടി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിറന്നാൾ സമ്മാനം നൽകാനെന്ന വ്യാജേന റിസോർട്ടിലെത്തിച്ച് ബലാൽസംഗം ചെയ്ത കേസിലെ പ്രതിക്കാണ് ജാമ്യത്തിലിറങ്ങാൻ കോടതി അസാധാരണ ഉപാധി വച്ചത്.2018ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പതിനാറു വയസുണ്ടായിരുന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതി നഗ്നചിത്രങ്ങൾ പകർത്തി. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനായി ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുമുണ്ടാക്കി. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചേക്കുമെന്ന ആശങ്ക, ഇരയുടെ അഭിഭാഷകർ ഉയർത്തി. ഇതോടെയാണ് ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് പ്രതിയെ കോടതി വിലക്കിയത്.

ഇരയുടെ ആശങ്ക കണക്കിലെടുത്ത്, പ്രതിയെ സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കിയതുകൊണ്ട് ആകാശം ഇടിഞ്ഞ് വീഴില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് പിവികുഞ്ഞികൃഷ്ണൻറെ അപൂർവ ഉത്തരവ്.ബലാൽസംഗ കേസുകളിൽ ജാമ്യത്തിന് ഇത്തരം ഒരു ഉപാധികൂടെ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. കേസിൻറെ അന്വേഷണം പൂർത്തിയാകുന്നത് വരെ വിലക്ക് തുടരും.ആവശ്യമെങ്കിൽ പൊലീസിന് വിലക്ക് നീട്ടാൻ ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഇതിനു വിരുദ്ധമായ എന്തെങ്കിലും പ്രവർത്തി പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY: HIGHCOURT BANNED RAPE CASE ACCUSE USING SOCIAL MEDIA

YOU MAY ALSO LIKE THIS VIDEO