പൊതു നന്‍മ ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുകള്‍ സഹിച്ചേ പറ്റൂ;ഹൈകോടതി

Web Desk
Posted on November 08, 2017, 5:24 pm

കൊച്ചി. ഗെയില്‍ പോലുള്ള പൊതു നന്‍മ ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുറച്ചു പേര്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചേ പറ്റൂവെന്ന ഹൈകോടതിയുടെ മുന്‍ ഉത്തരവ് പുറത്ത്. വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് ഈ വര്‍ഷം ഓഗസ്റ്റ് നാലിന് പുറപ്പെടുവിച്ച ഉത്തരവാണ് പുറത്ത് വന്നത്.നേരത്തേ ഒറ്റപ്പെട്ട ചിലപ്രതിഷേധങ്ങളുടെ ഭാഗമായി കോടതിയെ സമീപിച്ച ചിലര്‍ക്കു നല്‍കിയ ഉത്തരവ് പുതിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പുറത്തുവന്നത്.
അലൈന്‍മെന്റ് എന്തായാലും പൊതുനന്‍മയുള്ള പദ്ധതികള്‍ നടപ്പാക്കിയേ പറ്റൂ. പൊതുജനത്തിന്റെ അവകാശവും വ്യക്തിഗത അവകാശവും തമ്മില്‍ തുലനം ചെയ്യേണ്ട ഘട്ടത്തില്‍ പൊതു ആവശ്യത്തിന് തന്നെയാണ് മുന്‍തൂക്കം. ഗെയില്‍ നടപ്പാക്കുന്നത് അകാരണമായി ഏറെ വൈകിയ സാഹചര്യത്തില്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന തരത്തില്‍ ഏതെങ്കിലും കോടതിയുടേയോ മറ്റേതെങ്കിലും അധികൃതരുടെയോ ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അതെല്ലാം നീക്കം ചെയ്യുന്നതായും ഡിവിഷന്‍ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഗെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശികളായ രണ്ടു പേര്‍ നല്‍കിയ ഹരജിയിലാണ് അന്ന് കോടതി ഉത്തരവിട്ടത്. ആദ്യത്തെ അലൈന്‍മെന്റ് മാറ്റിയത് തങ്ങള്‍ക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ആദ്യ അലൈന്‍മെന്റ് ജനവാസ കേന്ദ്രങ്ങളിലൂടെയായിരുന്നുവെന്നും പിന്നീട് പഞ്ചായത്ത് കൂടെ നിര്‍ദേശിച്ചതനുസരിച്ച് ജനവാസം കുറഞ്ഞ മേഖലയിലേക്ക് അലൈന്‍മെന്റ് മാറ്റിയതെന്ന ഗെയിലിന്റെ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു.