Web Desk

കൊച്ചി

November 19, 2020, 3:02 pm

പിഎസ്‌സിക്കെതിരെ മാഫിയാസംഘം: ഹൈക്കോടതി

Janayugom Online

പിഎസ്‌സിക്കെതിരെ ഉദ്യോഗാര്‍ഥികളെ സംഘടിപ്പിക്കാനും ബാലിശമായ ആരോപണങ്ങള്‍ ഉയര്‍ത്താനും മാഫിയാ സമാനമായി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച പിഎസ്‌സിയുടെ വാദമുഖങ്ങളില്‍ കഴമ്പുണ്ടെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നതായും ജസ്റ്റിസ് എ എം ഷെഫീഖും ജസ്റ്റിസ് പി ഗോപിനാഥും ഉള്‍പ്പെടുന്ന ബെഞ്ച് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. മേലില്‍ പിഎസ്‌സിക്കെതിരെ അനാവശ്യമായ ഹര്‍ജിയുമായി എത്തുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പില്‍ യുപി മലയാളം അധ്യാപക തസ്തികകളിലേക്ക് കൃത്യമായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം. പിഎസ്‌സി വെബ്സൈറ്റിലെ സാങ്കേതികപ്രശ്നം കാരണമാണ് അപേക്ഷ സ്വീകരിക്കപ്പെടാതെ പോയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. ഇക്കാര്യത്തില്‍ പിഎസ്‌സിക്കെതിരെ നീങ്ങാന്‍ ഒരുകൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നിട്ടുണ്ടെന്ന് സത്യമാണ്. പരാതി ലഭിച്ചയുടന്‍ സാങ്കേതിക വിദഗ്ധരുടെ സമിതിയെ നിയോഗിച്ചു. സോഫ്റ്റ്വെയറില്‍ പ്രശ്നമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.തസ്തികയിലേക്ക് 1,00,074 ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷിച്ചു. പിഎസ്‌സിയുടെ ഭാഗത്ത് അപാകതയില്ലെന്ന് ഇതില്‍നിന്ന് വ്യക്തം. കൃത്യസമയത്ത് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ പിന്തുടരുന്ന രീതിയാണിത്. ഇത് ബാലിശവും ശല്യവുമാണ്. ഇക്കാര്യത്തില്‍ പിഎസ്‌സി ഉയര്‍ത്തുന്ന വാദത്തില്‍ കഴമ്ബുണ്ടെന്നും വിധിന്യായത്തില്‍ പറഞ്ഞു.

പിഎസ്‌സിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില സംഘങ്ങള്‍ ആസൂത്രിതനീക്കം നടത്തുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. വിവിധ ജില്ലയില്‍നിന്നുള്ളവര്‍ വാട്സാപ് ഗ്രൂപ്പിലൂടെയും മറ്റും ഒത്തുചേര്‍ന്ന് ആരോപണങ്ങളുയര്‍ത്തുകയും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച്‌ കേസ് നല്‍കുകയുമാണ്. ഇത്തരക്കാരില്‍നിന്ന് പിഴ ഈടാക്കാനും പിഎസ്‌സിക്ക് എതിരായ തെറ്റായ പ്രചാരണം തടയാനും ഇടപെടല്‍ വേണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. ഇത് അംഗീകരിച്ചാണ് കോടതിവിധി. പിഴ ഈടാക്കേണ്ടതാണെങ്കിലും ഹര്‍ജിക്കാര്‍ തൊഴില്‍രഹിതരായതിനാല്‍ താല്‍ക്കാലം ഒഴിവാക്കുന്നുവെന്നും കോടതി വ്യക്തമാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും നേരത്തേ പിഎസ്‌സിയുടെ വാദം അംഗീകരിച്ച്‌ ഉദ്യോഗാര്‍ഥികളുടെ പരാതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്.

Eng­lish sum­ma­ry:  High­court on psc

You may also like this video;