പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിൽ നടന്ന സംഘർഷങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നാരാപിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മുസഫർനഗറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബർ 20 ന് നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തവർ പൊതുമുതൽ നശിപ്പിച്ചുവെന്ന് ആരോപിച്ച് 23 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം 53 പേർക്ക് നോട്ടീസ് അയച്ചിരുന്നു. മുസഫർനഗറിന് പുറമെ കാൺപുർ, മീററ്റ്, ലഖ്നൗ, സംബാൽ, റാംപുർ, ബിജ്നോർ, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 295 പേർക്കും പൊതുമുതൽ നശിപ്പിച്ചെന്നാരോപിച്ച് നോട്ടീസ് നൽകിയിരുന്നു.
സിഎഎ പ്രക്ഷോഭങ്ങൾക്കിടയിൽ മൊത്തം 1.9 കോടി രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ വാദം. നഷ്ടപരിഹാരമായി പിഴ ഒടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് ലഭിച്ച മുഹമ്മദ് ഫൈസാൻ നൽകിയ ഹർജിയിലാണ് കോടതി നഷ്ടപരിഹാരം ഈടാക്കുന്നത് സ്റ്റേചെയ്തുകൊണ്ട് ഉത്തരവിട്ടിരിക്കുന്നനത്. ജസ്റ്റീസുമാരായ പങ്കജ് നഖ്വി, സുരഭ് ശ്യാംഷെറി എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ജില്ലാഭരണകൂടങ്ങൾക്ക് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ലെന്നാണ് ഫൈസാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഹർജിയിൽ ഏപ്രിൽ 20 ന് കോടതി ഇനി വാദം കേൾക്കും. അതേസമയം ജില്ലാഭരണ കൂടങ്ങൾ പുറപ്പെടുവിക്കുന്ന ഇത്തരം ഉത്തരവുകളുടെ നിയമസാധുതയും സുപ്രിം കോടതി പരിശോധിച്ചുവരുകയാണ്. പൊതുമുതൽ നശീകരണത്തിൽ നഷ്ടപരിഹാരം ഈടാക്കുമെന്ന് കാട്ടി നോട്ടീസുകൾ അയക്കുന്നതിന് സുപ്രിം കോടതി മാർഗ്ഗരേഖകൾ നൽകിയിട്ടുള്ളതാണ്. ഇതനുസരിച്ച് സർവീസിൽ തുടരുന്ന ന്യായാധിപൻമാർക്കോ, അല്ലെങ്കിൽ ക്ലൈംസ് കമ്മിഷനുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന വിരമിച്ച ഹൈക്കോടതി അല്ലെങ്കിൽ ജില്ലാകോടതി ജഡ്ജിമാർക്കോ മാത്രമാണ് അധികാരമുള്ളത്.
സമാധാനപരമായി നടന്ന സിഎഎ പ്രതിഷേധത്തിനിടെ കടന്നുകൂടിയ സംഘപരിവാർ പ്രവർത്തകരും പൊലീസും നടത്തിയ ബലപ്രയോഗങ്ങളാണ് സംഘർഷങ്ങൾക്ക് വഴിവച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഡിസംബർ 20ലെ സംഘർഷത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്ക് പരിക്കുമേറ്റിരുന്നു.
ENGLISH SUMMARY: High court stayed to give compensation for caa protesters
YOU MAY ALSO LIKE THIS VIDEO