ഉന്നതവിദ്യാഭ്യാസം വരുംതലമുറയ്ക്ക്

Web Desk
Posted on November 07, 2019, 10:02 pm

പ്രൊഫ. മോഹന്‍ദാസ്

ലോകരാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ, ഒന്നാം നിരയിലുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസത്തോളം വ്യാപ്തിയുള്ളതാണ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെന്നാണ് ഇതു സംബന്ധിച്ച് നടത്തിയിട്ടുള്ള പഠനങ്ങളും ഗവേഷണങ്ങളും വ്യക്തമാക്കുന്നത്. എന്നിരുന്നാൽപോലും പരമ്പരാഗത വിദ്യാഭ്യാസ പാന്ഥാവിൽ നിന്നും ഒരിഞ്ചുപോലും വ്യത്യസ്തത പുലർത്തുന്ന ഒരു രീതി ഇതുവരെയും നാം സ്വീകരിച്ചതായി ഒരു പഠനവും വ്യക്തമാക്കുന്നുമില്ല.  ഇന്ത്യയോടൊപ്പമുള്ള വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരത്തിലുള്ള എല്ലാ രാജ്യങ്ങളും തന്നെ, നവീനങ്ങളായ പരിപാടികളും പരിഷ്കാരങ്ങളും ഈ മേഖലയിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നമ്മെക്കാൾ ഉയർന്ന നിലവാരത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ചെെനയെപ്പോലും കടത്തിവെട്ടുന്ന വിധത്തിൽ ഇന്ത്യൻ ജനസംഖ്യ വളർന്നുവരുന്നതായിട്ടാണ് ജനസംഖ്യാ ശാസ്ത്രജ്ഞന്മാർ നൽകുന്ന സൂചന.

അടുത്ത പത്ത് വർഷത്തിനുള്ളിൽ, ഉന്നത വിദ്യാഭ്യാസം ആവശ്യപ്പെടുന്ന ഇന്ത്യൻ യുവജനങ്ങളുടെ സംഖ്യ ഏതാണ്ട് അഞ്ഞൂറ് മില്യൺ എത്തുമെന്നാണ് സൂചനകൾ. നമ്മുടെ വിദ്യാഭ്യാസ വളർച്ചയുടെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു സുപ്രധാന വസ്തുതയുണ്ട്. ഈ വിദ്യാഭ്യാസം വിരചിക്കപ്പട്ടതുതന്നെ ഉപരിവർഗത്തിനുവേണ്ടി മാത്രമാണ് എന്നതാണ് പ്രസ്തുത. വരേണ്യവർഗത്തിന്റെ പ്രോത്സാഹനമാണ് ഈ സമ്പ്രദായം ആവിഷ്കരിച്ച വിദേശികളുടെ താൽപ്പര്യം. ഗുമസ്തന്മാരെ സൃഷ്ടിക്കുക എന്നതിലുപരി ഈ വിദ്യാഭ്യാസം, മറ്റെന്തു സംഭാവനയാണ് നമുക്ക് നൽകിയതെന്ന് ചിന്തിക്കുമ്പോഴാണ്, നമ്മുടെ യുവതയുടെ ബുദ്ധിയും, വിവേകവും, വിദേശികൾക്ക് എങ്ങനെ കെെകാര്യം ചെയ്യുവാൻ സാധിച്ചു എന്ന് മനസിലാകുക. ഒരു പരിധിവിട്ട് ഉയരുവാൻ നമ്മുടെ ജനതയെ അനുവദിക്കാതിരിക്കുന്ന തരത്തിലുള്ള അന്നത്തെ വിദ്യാഭ്യാസത്തിൽ നിന്നും കാലോചിതമായതും വിപ്ലവകരമായതുമായ എന്തു മാറ്റമാണ് നമ്മുടെ വിദ്യാഭ്യാസ മണ്ഡലത്തിൽ നമുക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. കാലമിത്രയൊക്കെ കഴിഞ്ഞിട്ടും നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങളും മാറ്റങ്ങളും അനിവാര്യമായിരിക്കുന്നു എന്ന് ഇനിയും നാം ഗൗരവത്തിൽ ചിന്തിച്ചു തുടങ്ങിയിട്ടില്ല. വെെവിധ്യാത്മകതയുടെ നേർക്കാഴ്ചയിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായതും സ്ഥായിയായ വികസനത്തിലൂന്നിയതുമായ, ഒരു സമൂഹസൃഷ്ടിക്കിണങ്ങുംവിധം വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുന്നതിൽ നമുക്ക് വിജയിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് നാം മനഃപൂർവം വിസ്മരിക്കുകയാണ്.

1948ലെ മുതലിയാർ കമ്മിഷൻ റിപ്പോർട്ടിനും, 1953ലെ രാധാകൃഷ്ണൻ കമ്മിഷൻ റിപ്പോർട്ടിനും, 1966ലെ കോത്താരി കമ്മിഷൻ റിപ്പോർട്ടിനും, നമ്മുടെ വിദ്യാഭ്യാസത്തെ ഉടച്ചുവാർക്കുവാൻ കഴിയുമായിരുന്നു എങ്കിലും, അധികാരികളുടെ നിസംഗതയ്ക്ക് ഉദാഹരണമായി മാറുകയാണുണ്ടായത്. പ്രസ്തുത റിപ്പോർട്ടുകളിലെ സു­പ്രധാനമായ പല നിർദേശങ്ങളും അടുത്ത അഞ്ച് വർഷക്കാലത്തേക്കെങ്കിലും ഒരു ക്രാഷ് പ്രോഗ്രാം വിദ്യാഭ്യാസ വികസനത്തിനും പരിഷ്ക്കരണത്തിനുമായി സൃഷ്ടിക്കപ്പെടുക എന്നത് ഓരോ ഭാരതീയന്റെയും അവകാശമാണ്.

ഇംഗ്ലണ്ട് പോലെയുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങളും പുതിയ മേഖലകളിലേക്കുള്ള കടന്നുവരവും യൂറോപ്യൻ വിദ്യാഭ്യാസ മണ്ഡലത്തെ ആഗോളതലത്തിൽ ആകർഷിക്കപ്പെടുന്നതും, അംഗീകരിക്കപ്പെടുന്നതുമായി മാറിയത് ഇംഗ്ലണ്ടിന്റെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഓരോന്നായി കടന്നുകയറുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. വിദ്യാഭ്യാസരംഗത്തുപോലും വികസിത രാജ്യങ്ങൾ അന്തർദേശീയ സഹകരണത്തിന്റെ പാതകൾ വെട്ടിത്തെളിച്ച് മുന്നേറുമ്പോൾ ഇന്ത്യൻ വിദ്യാഭ്യാസം രാഷ്ട്രീയ ദുഷ്ട ലാക്കോടെയും ഇടുങ്ങിയ ചിന്താഗതിയോടെയും ഇന്നും ഏറെ പുറകിൽ നിൽക്കുന്നു എന്നതാണ് സത്യം. അന്തർദേശീയ തലത്തിലുള്ള ഗവേഷണരംഗത്തെ കൂട്ടായ്മയും സഹകരണവും വർധിപ്പിക്കുകയും അന്യോന്യ സഹകരണ, വിനിമയ മേഖല വിപുലീകരിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ മേഖലയെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇനി നാം സ്വീകരിക്കേണ്ടത്.

നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിദ്യാഭ്യാസവും നമ്മുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പെെതൃകത്തിനനുസരിച്ചും മാറിവരുന്ന ആഗോള ചോദനത്തിനനുസരിച്ചും മാറ്റിയെടുക്കുക എന്നുള്ളതാണ് ഈ മസ്തിഷ്ക്ക ചൂഷണത്തിൽ നിന്നും കരകയറുന്നതിനുള്ള മാർഗം. ഇന്ത്യയിൽ ഇന്ന് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് മധ്യവർഗം. 2025–27 ആകുമ്പോഴേക്കും ഈ വളർച്ച ഏതാണ്ട് 500 മില്യൺ ആയിത്തീർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വളർച്ചക്കനുസൃതമായി വിദ്യാഭ്യാസ മേഖലയും വളരേണ്ടതുണ്ട്. ഒരു കാര്യത്തിൽ നാം ഒരുപോലെ ചിന്തിക്കേണ്ടതുണ്ട്. രാഷ്ട്രീയ, സാംസ്കാരിക, മത, വർഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായി, വിദ്യാഭ്യാസം ലാഭേഛയോടെയല്ല വികസിപ്പി­ക്കേണ്ടത് എന്ന നഗ്ന യാഥാർത്ഥ്യം.

ദൂരവ്യാപകമായ ഫലങ്ങൾ പ്രതീക്ഷിക്കുന്ന വിധത്തിലുള്ള ചില നടപടിക്രമങ്ങൾ അടുത്ത കാലത്തായി കേന്ദ്രസർക്കാർ അധീനതയിലുള്ള യുജിസിയുടെ സമാന്തര വിഭാഗമായ റൂസ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. വ്യാപകമായ രീതിയിൽ സർവകലാശാലകൾക്കും കോളജുകൾക്കും സാമ്പത്തിക സഹായങ്ങൾ റൂസ വഴി ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

ആധുനിക ശാസ്ത്രലോകം, ഉത്തരോത്തരം മുന്നോട്ടുപോകുമ്പോൾ മൂവായിരവും അയ്യായിരവും ഒക്കെ വർഷം പഴക്കമുള്ള അറിവുകളിൽത്തന്നെ നാം നിലകൊള്ളണമെന്നത് അംഗീകരിക്കുവാൻ നിർവാഹമില്ല. രാഷ്ട്രീയത്തിനും മറ്റെല്ലാ വിഭാഗീയതകൾക്കും അതീതമായി ഒരു നവഭാരത സ്വപ്നം യാഥാർഥ്യമായെങ്കിൽ മാത്രമെ, ലോകരാജ്യങ്ങളോട് മത്സരിച്ച് ജയിച്ച് നമ്മുടെ യുവാക്കൾക്ക് ഭാവി കരുപിടിപ്പിക്കുവാൻ കഴിയുകയുള്ളു.