അടിപതറുന്ന ഉന്നത വിദ്യാഭ്യാസം

Web Desk
Posted on July 27, 2019, 10:07 pm

പ്രൊഫ. മോഹന്‍ദാസ്

വിദ്യാഭ്യാസ ആര്‍ജ്ജവവും ബിരുദബിരുദാനന്തര ബിരുദറേറ്റും എത്രമാത്രം ഉയര്‍ന്നാലും വിദ്യാര്‍ഥികള്‍ ഈടുറ്റ മൂല്യം നേടുന്നില്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ മേന്മ തുലോം തുച്ഛമായിരിക്കും. ഇന്നത്തെ വെല്ലുവിളി ഏറ്റെടുക്കുവാന്‍ യുവാക്കളെ അവര്‍ ആര്‍ജ്ജിക്കുന്ന വിദ്യാഭ്യാസം സഹായിക്കുന്നു എന്ന് വിശ്വസിക്കുവാനും നിര്‍വാഹമില്ല. ഉന്നത വിദ്യാഭ്യാസരംഗം മികവുറ്റതാക്കുന്നതിന് അനൗപചാരിക വിദ്യാഭ്യാസ ധാരയെ ഇനിയും സമ്പുഷ്ടമാക്കേണ്ടതുണ്ട്. പുതിയ വെല്ലുവിളികളെ നേരിടുവാന്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ പ്രാപ്തി നേടിയിട്ടുണ്ട് നമ്മുടെ കലാലയങ്ങളും അവിടങ്ങളിലെ ഭൂരിപക്ഷം ഗുരുക്കന്മാരുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. എന്താണ് ഈ സ്ഥാപനങ്ങളുടെ പരിമിതികളും പ്രയാസങ്ങളും ദൗര്‍ബല്യങ്ങളും കൂടാതെ ഭീഷണികളുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സര്‍വകലാശാലകളും കോളജുകളും ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുക എന്നത് പരമപ്രധാനമായ ഒരു കാര്യമാണ്. ഇപ്പോള്‍ ചെയ്യുന്നത് രോഗം അറിയാതെയുള്ള പുറം ചികിത്സ മാത്രമാണ്. അതുകൊണ്ടുതന്നെ ഗുണമേന്മയും ഉന്നത നിലവാരവും നമ്മുടെ വിദ്യാഭ്യാസത്തില്‍ അന്യമായിക്കൊണ്ടും ഇരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലൊക്കെ വിദ്യാഭ്യാസനയ ആസൂത്രകരും കാലാകാലങ്ങളിലെ സര്‍ക്കാരുകളും ഉയര്‍ന്ന തലത്തിലേയ്ക്ക് വിദ്യാഭ്യാസത്തെ എത്തിക്കുക എന്നതിലുപരി പ്രാധാന്യം നല്‍കിയിരുന്നത്, കൂടുതല്‍ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുക എന്നതിലായിരുന്നു. നമ്മുടെ കുട്ടികളിലെ പ്രവര്‍ത്തനക്ഷമത ഇതുമൂലം എത്രത്തോളം താഴ്ന്നിരിക്കുന്നു എന്ന് വിചിന്തനം ചെയ്യുവാന്‍ ആരുംതന്നെ തയാറാകാത്ത ഒരു സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു. ഉയര്‍ന്ന ബിരുദവും മറ്റ് യോഗ്യതകളും നേടിയവര്‍ പോലും ഇന്നും നമ്മുടെ മറ്റ് യുവാക്കള്‍ക്കൊപ്പം തൊഴിലില്ലായ്മ വേതനം സ്വീകരിക്കുന്നതിന് ക്യൂ നില്‍ക്കുന്നത് കാണേണ്ടിവരുന്നുണ്ട്. നമ്മുടെ സാങ്കേതികവും അല്ലാത്തതുമായ വിദ്യാഭ്യാസത്തിന്റെ ഗുണരഹിത സമ്പ്രദായമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് പറയുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് സമാനമാണ്.
നയരൂപീകരണരംഗത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഈ നിലവാരത്തകര്‍ച്ചയുടെ സന്തുലനാവസ്ഥ. നയങ്ങള്‍ രൂപീകരിച്ച്, അവ പ്രായോഗികതലത്തില്‍ എത്തുമ്പോള്‍ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങള്‍, കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവയല്ലെങ്കില്‍ ഉന്നത ഗുണമേന്മ ഉറപ്പുനല്‍കുന്ന നയങ്ങള്‍ക്കുപോലും ഉദ്ദേശിച്ച ഫലം നല്‍കുവാന്‍ കഴിഞ്ഞില്ല എന്നുവരും. ഏറ്റവും നല്ല ഫലം ലഭ്യമാക്കുന്ന ഉത്തമ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടും നമ്മുടെ വിദ്യാഭ്യാസ മേഖല ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങുന്നില്ല എന്ന് വെളിപ്പെടുന്നു.
ഏതൊരു രാജ്യത്തിന്റെയും പരിവര്‍ത്തനോന്മുഖ വികസനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള പങ്ക് വര്‍ണനാതീതമാണ്. സങ്കീര്‍ണങ്ങളായ പ്രശ്‌നങ്ങളെ തലനാരിഴ കീറി പരിശോധിക്കപ്പെടുക എന്നത് ഓരോ രാജ്യത്തിന്റെയും പുരോഗതിക്ക് ഒഴിച്ചുകൂടാനാകാത്തതാകയാല്‍ വിദ്യാഭ്യാസം എന്നും ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണ്. നമ്മുടെ വിദ്യാഭ്യാസ രീതികള്‍ ഭാവിവെല്ലുവിളികളെ തരണം ചെയ്യുന്നതില്‍ കഴിയുംവിധം കരുപിടിപ്പിച്ചിട്ടുള്ളതാണോ എന്ന സംശയം ഇന്നും ദുരീകരിക്കപ്പെട്ടിട്ടില്ല. സ്വതന്ത്രഭാരതം, വലിയ ബൗദ്ധിക അഭ്യാസങ്ങളൊന്നും നടത്താതെ കൊളോണിയല്‍ ശക്തികളില്‍ നിന്നും വിസര്‍ജിക്കപ്പെട്ട മാതൃകകളെ പിന്തുടരുകയാണ് ഉണ്ടായത്. വിദ്യാഭ്യാസ, സാമ്പത്തിക, പ്രൊഫഷണല്‍ രംഗത്ത് ഗഹനങ്ങളായ ഗവേഷണങ്ങള്‍ ഏറ്റെടുത്ത് നവീനങ്ങളായ അറിവുകള്‍ സൃഷ്ടിക്കുന്നവരായിരിക്കണം സര്‍വകലാശാലകളിലെ പണ്ഡിതന്മാര്‍. സര്‍വകലാശാലകളുടെ കര്‍ത്തവ്യനിര്‍വഹണം പൂര്‍ണമാകണമെങ്കില്‍ ഒരു പരിധിവരെയെങ്കിലും അവയെ ജനകീയവല്‍ക്കരിക്കേണ്ടതുണ്ട്.
ഇന്ന് യുവാക്കള്‍ക്കിടയില്‍ കാണപ്പെടുന്ന അസ്വസ്ഥതകള്‍ക്കും അക്രമവാസനകള്‍ക്കും കാരണം തൊഴിലില്ലായ്മയാണെന്ന് പൊതുവെ പറയാം. തന്റെ പഠനാനന്തരം താന്‍ പഠിച്ച വിഷയങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുവാന്‍ മതിയായ സേവനവേതന വ്യവസ്ഥകളോടുകൂടിയ ഒരു സ്ഥിരം തൊഴില്‍ തനിക്ക് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം യുവാക്കള്‍ക്ക് ലഭിക്കുന്നില്ല. അടുത്ത ഇരുപത് വര്‍ഷത്തേയ്ക്ക് വിദ്യാഭ്യാസം നേടേണ്ടവര്‍ ഇന്ത്യയില്‍ ജനിച്ചുകഴിഞ്ഞു. ഇവര്‍ക്ക് മുഴുന്‍ അഭിരുചിക്കനുസരിച്ച് തൊഴില്‍ നൈപുണ്യം നല്‍കുന്ന വിദ്യാഭ്യാസം നല്‍കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഇന്ന് നാം പിന്തുടരുന്ന വിദ്യാഭ്യാസ രീതി, അതിന് സഹായിക്കുമെന്നത് വെറും മിഥ്യാധാരണയായിരിക്കും.
അധ്യാപന മേഖല ആകര്‍ഷകമാക്കുന്നതിനും കൂടുതല്‍ പേരെ അധ്യാപന മേഖലയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും ആകര്‍ഷകമായ പാക്കേജുകളുമായി ആര്‍വിഎസ്എ, വിജിസി മുതലായ കേന്ദ്ര വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇത്തരം പദ്ധതികളെല്ലാം ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നതായിട്ടാണ് കണ്ടുവരുന്നത്. ഗവേഷണ ബിരുദമെങ്കിലും നേടിയിട്ടുള്ളവരും നെറ്റ് വിജയിച്ചിട്ടുള്ളവരും മാത്രമെ കോളജ് അധ്യാപകരായി നിയമിക്കപ്പെടുവാന്‍ അര്‍ഹതയുള്ളു എന്ന നിബന്ധന, വ്യാജ ഗവേഷണബിരുദ സമ്പാദനത്തിലേക്ക് എത്തിച്ചിരിക്കുന്നു എന്നതാണ് സത്യം. ഈ അടുത്ത കാലത്താണ് എറണാകുളം ജില്ലയിലെ ഒരു കോളജില്‍ ഇത്തരത്തില്‍ വ്യാജബിരുദം നേടിയ ഒരു ലൈബ്രറി ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായത്. സമഗ്രമായ പരിശീലന പദ്ധതികള്‍, അധ്യാപകര്‍ക്കുവേണ്ടി ആരംഭിക്കുകയും കാലാകലങ്ങളില്‍ റിഫ്രഷര്‍, ഓറിയന്റേഷന്‍ കോഴ്‌സുകള്‍ നടത്തുകയും അധ്യാപക സമൂഹം കൂടുതല്‍ ആത്മാര്‍ഥതയും സാമൂഹ്യബോധവും കാണിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.
വിദ്യാഭ്യാസ മേഖല ആകെത്തന്നെ കാലികപ്രസക്തിയോടെ പരിഷ്‌കരിക്കപ്പെടുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. സിലബസ് പരിഷ്‌കരണ പ്രക്രിയ, ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും നടത്തുക എന്ന രീതിയില്‍ നിന്നും ഓരോ വര്‍ഷവും എന്ന നിലയിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. കാരണം പഴയകാലത്ത് ശാസ്ത്ര വിജ്ഞാനമേഖലകളുടെ പരിവര്‍ത്തനം സാവധാനത്തിലായിരുന്നെങ്കില്‍ ഇന്ന് പരിവര്‍ത്തനം നടക്കുന്നത് കണ്ണടച്ചുതുറക്കുന്ന വേഗതയിലാണ്. സമാനരീതിയിലുള്ള പരിഷ്‌ക്കരണങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ കാലത്തിനു യോജിച്ചതലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത് ഏവരുടെയും കര്‍ത്തവ്യമാണ്.