Monday
18 Feb 2019

ഉന്നത വിദ്യാഭ്യാസം: നൈപുണ്യതാ ലക്ഷ്യം കൈവരിക്കുമോ?

By: പ്രൊഫ. മോഹന്‍ദാസ് | Friday 18 August 2017 1:24 AM IST

 

വിദ്യാഭ്യാസം എന്നും തര്‍ക്കവിഷയമാണ്; പ്രതേ്യകിച്ചും ഉന്നതവിദ്യാഭ്യാസം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ഗുണമേന്മാധിഷ്ഠിത വിദ്യാഭ്യാസവും മാത്രമല്ല, ഉല്‍കൃഷ്ടവും നിപുണാത്മകവുമായ ഒരു ഉന്നത വിദ്യാഭ്യാസം എന്ന് നമുക്ക് സ്വായത്തമാകുമെന്ന കാര്യവും തര്‍ക്കവിമുക്തമല്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയാണ് ഇന്ന് എല്ലാവരുടേയും അസ്വസ്ഥതയ്ക്ക് കാരണം. ഇതുസംബന്ധിച്ച് ഒട്ടനവധി കമ്മിഷനുകളും പഠനങ്ങളും സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നടക്കുകയും, പലതും ഗഹനങ്ങളായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ മേഖലയിലെ നിര്‍ണായകപ്രശ്‌നങ്ങള്‍. ആനുകാലിക സാഹചര്യത്തില്‍ പരമപ്രാധാന്യം കൈവന്നിട്ടുള്ള ഒന്നാണ് വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഗുണമേന്മ എന്ന ആശയം. ഗുണമേന്മയില്‍ എത്തിച്ചേരുന്നതും, അതിനെ നിലനിര്‍ത്തുന്ന പ്രവൃത്തിയും തുടര്‍ച്ചയായ ഒരു പ്രക്രിയയായി കണ്ടുകൊണ്ടുള്ള നീക്കങ്ങള്‍ക്ക് ഇന്ന് ജീവന്‍ വച്ചിട്ടുണ്ട്. ഈ ഒരു പ്രക്രിയയില്‍ ഓരോ വിദ്യാഭ്യാസ സ്ഥാപനവും ഗൗരവതരമായ തീരുമാനങ്ങളില്‍ ഏര്‍പ്പെടേണ്ടത് അനിവാര്യമായിട്ടുണ്ട്. നൈപുണ്യാത്മക വിദ്യാഭ്യാസത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് ഇനി നാം നീങ്ങേണ്ടത്.
ആഗോളീകരണത്തിന്റെ പ്രതിഫലനം എന്ന നിലയില്‍ ജോലിസാധ്യതകള്‍ വര്‍ധിക്കുകയും കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാവുകയും ചെയ്തതോടെ വിദേശങ്ങളില്‍ തൊഴില്‍ ലഭിക്കുന്നവരുടെ അംഗസംഖ്യ വളരെയേറെ ഉയര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ ഗുണമേന്മയോട് സന്ധി ചെയ്യുന്നത് യുവതലമുറയെ മറന്നുള്ള പ്രവൃത്തിയായിരിക്കും. ഇന്നത്തെ ചുറ്റുപാടില്‍ ഇന്ത്യ, പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ വിതരണ രാജ്യമായി മാറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചുകൊണ്ടും വിദൂര വിദ്യാഭ്യാസ പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും ഈ നേട്ടം കൈവരിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം ഇനിയും വൈകുന്നത് ശുഭോദര്‍ക്കമല്ല. ഗുണനിലവാരം ഉറപ്പുവരുത്താന്‍ എത്രത്തോളം കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അതിലേയ്ക്ക് എത്തിച്ചേരുക എന്നത്. ഇതിന്റെ മുന്നോടി എന്ന നിലയില്‍ ആദ്യമായി ചെയ്യേണ്ടത് നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ്. സുസംഘടിതവും ശക്തവുമായ ഒരു അടിത്തറയില്‍ നിന്നുവേണം ഏതൊരു വിദ്യാഭ്യാസ മേഖലയെയും ഉയര്‍ത്തിക്കൊണ്ടുവരുവാന്‍.
നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ നിലവാരം പരിശോധിക്കുമ്പോള്‍ ചില നിഗമനങ്ങളില്‍ നമുക്ക് എത്തിച്ചേരുവാന്‍ കഴിയും. ഇന്ത്യന്‍ വിദ്യാഭ്യാസം ഇതുവരെയും നൈപുണ്യാത്മകമോ, ഉല്‍കൃഷ്ടമോ ആയ ഒരു നിലവാരത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല എന്നതാണ് അത്. നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രിഡിറ്റേഷന്‍ (എന്‍എഎസി) കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഈ സത്യം വ്യക്തമാക്കുന്നുണ്ട്. 1998നു ശേഷം അക്രഡിറ്റേഷന്‍ ലഭിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെറും 15 ശതമാനത്തിന് മാത്രമാണ് എ ഗ്രേഡ് ലഭിച്ചത്. ഭൂരിപക്ഷം സ്ഥാപനങ്ങളും ശരാശരിയോ അതിലും താഴെയോ ആണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചില സ്ഥാപനങ്ങളെങ്കിലും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിനെ അനുകൂലിക്കുന്നുണ്ട്, അതിന് കാരണം ‘നാക്കി’ന്റെ കര്‍ശന വ്യവസ്ഥകളില്‍ നിന്നും കുറച്ചൊക്കെ ലളിത വ്യവസ്ഥകളാണ് ഐഎസ്ഒയുടേത് എന്നതാണ്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിന് യോഗ്യമായ ഒന്നല്ല ഐഎസ്ഒ. ക്വാളിറ്റി അഷുറന്‍സിന് ഉപയുക്തമായ നിബന്ധനകളല്ല ഐഎസ്ഒയ്ക്കുള്ളത്. ലോകത്തിന്, ഉല്‍കൃഷ്ടവും ഉദാത്തവുമായ വിദ്യാഭ്യാസ ചിന്തകള്‍ നല്‍കിയ ഇന്ത്യ ഇന്ന് ക്വാളിറ്റി അഷുറന്‍സ് അധിഷ്ഠിത ഉന്നത വിദ്യാഭ്യാസത്തിനായി പൊരുതുകയാണ് എന്നതാണ് സത്യം.
കമ്മിഷനുകളും പഠനങ്ങളും ആവോളം നടക്കുന്നുണ്ട്. എങ്കിലും, നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം അനുദിനം താഴേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ നൈപുണ്യവും ഉല്‍കൃഷ്ടതയും നിലനില്‍ക്കണമെങ്കില്‍ പ്രധാനമായും മൂന്നുനാല് ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പദാര്‍ഥനിഷ്ഠമായ കരിക്കുലമാണ് ഇതില്‍ ആദ്യ ഘടകം. സന്ദര്‍ഭാനുഗുണവും ലക്ഷ്യബോധത്തിലധിഷ്ഠിതവും കൃതകൃത്യതാനിഷ്ഠവുമായ കരിക്കുലം രൂപപ്പെടുത്തിക്കൊണ്ടു മാത്രമേ ഗുണനിലവാരത്തകര്‍ച്ചയെ തടയുവാന്‍ കഴിയുകയുള്ളു. യോഗ്യശ്രേഷ്ഠവും പ്രേരകദേ്യാതകവുമായ ഫാക്കല്‍ട്ടിയുടെ സ്ഥിരോത്സാഹത്തോടെയുള്ള പ്രവര്‍ത്തനം, വിദ്യാഭ്യാസത്തിന്റെ ചടുലമായ നീക്കങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് സാമ്പത്തികസഹായങ്ങളും പരിഗണനകളും ഉന്നതശ്രേണിയിലുള്ള വിദ്യാഭ്യാസത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിലെല്ലാത്തിലും ഉപരിയായി ഉള്‍ക്കാഴ്ചയും ഭാവനാവിലാസവും ഉള്ള നേതൃത്വ ശൃംഖല എല്ലാ മേഖലകളിലും ഉണ്ടായിരിക്കുകയും വേണം. ഇത്തരത്തിലുള്ള വിവിധ ഘടകങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗുണമേന്മാ സമ്പുഷ്ടമാക്കുവാന്‍ കഴിയുകയുള്ളു.
ഇന്ന് നിലവിലുള്ള ഒട്ടെല്ലാ സര്‍വകലാശാലകളിലെയും കരിക്കുലത്തിന്റെ സ്വഭാവങ്ങള്‍ പരിശോധിച്ചാല്‍, വലിയൊരു അകലം നിലനില്‍ക്കുന്നതായി മനസിലാകും. മിക്ക കരിക്കുലങ്ങളും പല വിധത്തിലുള്ള കുറവുകളുടെയും നിലവാരമില്ലായ്മയുടെയും അബദ്ധപഞ്ചാംഗങ്ങളാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് നൈപുണ്യവും ഉല്‍കൃഷ്ടതയും ഇല്ലാത്തതിനുകാരണം കുറവുകളുടെ കൂമ്പാരമായ ഇത്തരം കരിക്കുലം തന്നെയാണ്. കരിക്കുലം പരിഷ്‌കരണം എന്ന ‘അഭ്യാസം’, എല്ലാ സര്‍വകലാശാലകളും ഒരു വഴിപാട് പോലെ നടത്താറുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ ഈ ‘അഭ്യാസം’ ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയില്‍ എത്തിച്ചേരുന്നില്ല എന്നതാണ് വാസ്തവം. പ്രഗല്‍ഭരായ പണ്ഡിതരുടെ അഭാവം പലപ്പോഴും കരിക്കുലം കമ്മിറ്റികളില്‍ കാണാറുണ്ട്.
പലപ്പോഴും പല കരിക്കുലം കമ്മിറ്റികളും അക്കാദമിക് കൗണ്‍സിലുകളും സിന്‍ഡിക്കേറ്റുകള്‍ വരെയും ഈ സാഹചര്യത്തെ മറികടക്കുവാന്‍ നിഷ്‌ക്രിയത്വം സ്വീകരിക്കാറുണ്ട്. അറിവിന്റെ ചക്രവാളം സീമാതീതമായി വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ന് അക്കാദമിക സമിതികളെങ്കിലും ഇത്തരം സമ്മര്‍ദങ്ങളില്‍പെട്ട്, പണ്ഡിതര്‍ക്ക് സ്ഥാനമില്ലാത്തതായി തീരരുത്. ഉന്നത വിദ്യാഭ്യാസമെന്ന സങ്കല്‍പത്തെത്തന്നെ ശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടത് ഫാക്കല്‍റ്റിയുടെ ചുമതലയാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലനില്‍പ്പില്‍ 80-ല്‍ അധികം ശതമാനം ആശ്രയിക്കുന്നത് അവിടത്തെ അധ്യാപകരെയാണ്. ഏത് സ്ഥാപനത്തെയും ഉയര്‍ത്തുന്നതും ഇകഴ്ത്തുന്നതും അവിടത്തെ അധ്യാപകരാണ്. ഉയര്‍ന്ന യോഗ്യതയും അധ്യാപന പരിചയവും അര്‍പ്പണബോധവും ഉള്ള ഒരു അധ്യാപകവൃന്ദത്തിനു മാത്രമേ തങ്ങളുടെ സ്ഥാപനത്തെ ഉന്നതിയില്‍ എത്തിക്കുവാന്‍ കഴിയുകയുള്ളു. അധ്യാപക നിയമന സന്ദര്‍ഭങ്ങളിലും കരിക്കുലം കമ്മിറ്റി രൂപീകരണ വേളയിലേതുപോലുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ സാമ്പത്തിക പരിണഗന പോലും അനുഭവപ്പെടാറുണ്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ അധ്യാപക നിയമന കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളും അവയിലെല്ലാം വെള്ളം ചേര്‍ത്ത് അധ്യാപകരുടെ മൂല്യശോഷണത്തിന് ഇടയാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (എന്‍ഇടി) പകരം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റി(എസ്ഇടി)ലേക്ക് നീങ്ങുന്നത് യുക്തിസഹമായി കാണുവാന്‍ കഴിയുകയില്ല. പഠിപ്പിക്കുന്ന വിഷയത്തില്‍ ആഴത്തിലുള്ള അറിവ്, അറിവ് പകര്‍ന്നുകൊടുക്കുന്നതിലെ മികവ്, പഠനപ്രക്രിയ രസകരവും അറിവിനെ സ്വാംശീകരിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുവാനുള്ള കഴിവ്, ഗവേഷണത്തിലൂടെ അറിവിനെ വികസിപ്പിക്കുവാനുള്ള കഴിവ് എന്നിവയെല്ലാം കണക്കാക്കിയായിരിക്കണം നല്ല അധ്യാപകരെ സൃഷ്ടിക്കേണ്ടത്. അതുകൊണ്ടുതന്നെ അധ്യാപക നിയമനം നിരവധി വിശകലന പ്രക്രിയിലൂടെ കടന്നുപോകേണ്ടതുണ്ട്. അത്തരത്തിലുള്ള വിശകലനങ്ങള്‍ക്കുശേഷം മാത്രമായിരിക്കണം അധ്യാപക നിയമനം നടക്കേണ്ടത്.
2017 കാലഘട്ടത്തില്‍ എത്തിയിട്ടും നാം ഇന്നും വിടാതെ പിന്തുടരുന്ന ഒരു രീതിയാണ് ‘പഠന’ത്തിനു പകരം ‘പഠിപ്പിക്കല്‍’. ഇത്രയും കാലഹരണപ്പെട്ട ഒരു രീതി ഇന്ത്യയില്‍ മാത്രം കാണുന്ന പ്രതേ്യകതയാണ്. ക്ലാസ് മുറികളില്‍ ചെന്ന് തന്റെ മുഖത്തേയ്ക്ക് നോക്കിയിരിക്കുന്ന യുവത്വത്തിന്റെ പ്രതിനിധികളെ നോക്കി പുസ്തകത്തിലുള്ളത് ‘പഠിപ്പിക്കുന്ന’ ഈ രീതി മാറ്റുവാന്‍ ഇനിയും വൈകിക്കൂട. ‘ലക്ചര്‍’ ചെയ്യുന്ന ഈ രീതി കുട്ടികളില്‍ ക്രിയാത്മക ചിന്തകള്‍ ഉദ്ദീപിക്കുന്നതിനു പകരം, പാഠങ്ങള്‍ മനഃപാഠമാക്കി പരീക്ഷാസമയത്ത് പുറത്തേക്ക് വിടുകയും പരീക്ഷാഹാളിന് പുറത്തിറങ്ങിയാല്‍ പഠിച്ചതെല്ലാം മറക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. ഇവിടെയും ശ്രദ്ധിക്കപ്പെടേണ്ട ചില വസ്തുതകള്‍ ഉണ്ട്. അധ്യാപകര്‍ ഇന്നും ‘ചോക്ക് ആന്‍ഡ് ഡസ്റ്റര്‍’ രീതിയില്‍ നിന്നും ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല എന്നതാണ്. ബോര്‍ഡും ചോക്കും ഡസ്റ്ററുമില്ലെങ്കില്‍ എന്ത് പഠിപ്പിക്കല്‍ എന്ന ചിന്തയാണ് മിക്ക അധ്യാപകര്‍ക്കും. വിദ്യാര്‍ഥികള്‍ നമ്മളെക്കാള്‍ താഴെയാണെന്നും അവര്‍ സ്വന്തമായി ഒന്നും ചെയ്യുവാന്‍ കഴിവില്ലാത്തവരാണെന്നുമുള്ള ചിന്തയാണ് നമ്മുടെ അധ്യാപകര്‍ക്ക് ഇന്നും ഉള്ളത്. തങ്ങളുടെ ജോലിഭാരം വര്‍ധിക്കുമെന്നതിനാല്‍ ആധുനിക ടെക്‌നോളജിയുടെ ഉപയോഗത്തിനോ, നിരന്തര മൂല്യനിര്‍ണ സമ്പ്രദായത്തിനോ എതിരാണ് മിക്ക അധ്യാപകരും.
മൂന്ന് പതിറ്റാണ്ട് മുമ്പ് ഡോ. രാമമൂര്‍ത്തി കമ്മിഷന്‍ മൂന്ന് ആശയങ്ങള്‍ നൈപുണ്യാത്മകവും ഉല്‍കൃഷ്ടവുമാക്കി നമ്മുടെ വിദ്യാഭ്യാസത്തെ ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ മുന്നോട്ടുവച്ചെങ്കിലും തരിമ്പും പ്രാധാന്യം ഈ ആശയത്തിനു നല്‍കുവാന്‍ ആരും തയാറായില്ല. എന്താണീ നിശ്ചലവാസ്ഥയ്ക്ക് കാരണം. വിദ്യാഭ്യസ മേഖല ഔന്നത്യത്തില്‍ എത്തണമെങ്കില്‍ പ്രാഥമികമായി ആവശ്യമായി വരുന്നത് ചടുലതയുള്ളതും മുന്‍ നിന്നു പ്രവര്‍ത്തിക്കുവാന്‍ ആര്‍ജവമുള്ളതുമായ രാഷ്ട്രീയ നേതൃത്വമാണ്. രാഷ്ട്രീയരംഗത്തും സര്‍ക്കാര്‍ തലത്തിലും സംഘടനാതലത്തിലും സ്ഥാപനതലത്തിലുമായി ഇച്ഛാശക്തിയുള്ള ഒരു നേതൃതത്തിന്റെ കീഴില്‍ മാത്രമേ ഉന്നതശ്രേണിയിലുള്ള ഒരു വിദ്യാഭ്യാസം കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയുള്ളു. എഡ്യൂക്കേഷന്‍ പ്രൊമോഷന്‍ സൊസൈറ്റി ഫോര്‍ ഇന്ത്യ (ഇപിഎസ്‌ഐ) അടുത്തകാലത്ത് നടത്തിയ ഒരു പഠനം ഇങ്ങനെ പറയുന്നു, ”ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ഈ മേഖലയില്‍ കഴിവുറ്റ നേതൃത്വത്തിന്റെ അഭാവമാണ്, അതാണ് വിദ്യാഭ്യാസ മേഖലയില്‍ നടമാടുന്ന അനിശ്ചിതത്വത്തിനും മൂല്യശോഷണത്തിനും കാരണം.”
ഇന്ന് ഉള്ളതിലും അധികമായി അക്കാദമിക സ്വാതന്ത്ര്യം, അധ്യാപകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കിക്കൊണ്ട് അവരെ സ്വതന്ത്രമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഉത്തരവാദിത്വബോധം കൂട്ടുകയും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യാം എന്ന ബോധം ഉരുത്തിരിയുവാന്‍ സാധ്യതയുണ്ട്. ചടുലമായ തീരുമാനങ്ങളും അവ നടപ്പിലാക്കുന്നതിനുള്ള ബുദ്ധിശക്തിയോടുകൂടിയ പ്രവര്‍ത്തനങ്ങളും ഒരളവു വരെ വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് കാണുന്ന നിശ്ചലാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കിയേക്കും.

 

Related News