താല്‍ക്കാലിക ആവേശം അരുത്

Web Desk
Posted on January 23, 2018, 6:16 pm

പി കെ സബിത്ത്
പരീക്ഷാഫലം വരുമ്പോള്‍ മാത്രം ഉപരിപഠനത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഉപേക്ഷിച്ചേ മതിയാകു. ഹയര്‍സെക്കന്‍ഡറി പഠനത്തിന് കോഴ്‌സ് തിരഞ്ഞെടുക്കുന്ന വേളയിലെങ്കിലും പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിന്റെ അനന്തമായ സാധ്യതകളെ തിരിച്ചറിയണം. മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായി അന്വേഷണം നടത്തുന്നതാണ് ഏറ്റവും ഉത്തമം. ഭാവിയെ നന്നായി ആസൂത്രണം ചെയ്യുന്ന ഒരു വിദ്യാര്‍ഥി ഏഴാംതരം പാസാകുന്നതോടെ ഉപരിപഠന സംബന്ധിയായ മേഖലകളെപ്പറ്റി സ്വന്തമായ വായനയിലൂടെയും പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും കണ്ടെത്തുന്നത് നന്നാവും. മുന്‍കൂട്ടിയുളള ആസൂത്രണം ഏറ്റവും മികച്ച നിലയില്‍ എത്തുവാനം കഴിവുകള്‍ സമഗ്രമായി ഉപയോഗിക്കുവാനും പ്രാപ്തരാക്കുന്നു. ഒരിക്കലും താല്‍ക്കാലികമായ ആവേശത്തിന്റെ അടിസ്ഥാനത്തില്‍ ഉപരിപഠന മേഖലയെ തെരഞ്ഞെടുക്കാന്‍ പാടില്ല. നമുക്ക് ചുറ്റും പലതരം ബാഹ്യ പ്രേരണകളുണ്ടാകും. അഭിരമിപ്പിക്കുന്ന പരസ്യങ്ങളുണ്ടാകും; ഉപരി പഠനവുമയി ബന്ധപ്പെട്ട നമ്മുടെ അറിവ് വര്‍ധിപ്പിക്കാന്‍ വേണ്ടിമാത്രം ബാഹ്യപ്രേരണകളെ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. ഭ്രമിപ്പിക്കുന്ന കാഴ്ചകളില്‍ അഭിരമിക്കാതെ അഭിരുചിക്ക് അനുശ്രുതമാണോ തെരഞ്ഞെടുപ്പ് എന്നകാര്യം ഉറപ്പുവരുത്തണം.
അഭിരുചിതിരിച്ചറിയുക
വസ്തുനിഷ്ഠമായ കണ്ടെത്തലുകളിലൂടെ നമ്മുടെ തെരഞ്ഞെടുപ്പുകള്‍ എളുപ്പമാക്കാന്‍ കഴിയും. ദൃശ്യമാധ്യമ പ്രവര്‍ത്തനവും (പത്രമാധ്യമ പ്രവര്‍ത്തനവും ആകര്‍ഷിക്കുന്ന ഒരു തൊഴില്‍ മേഖലയാണ്. വര്‍ധിച്ച ജനസമ്മതിയും ദൈനംദിന ജീവിതത്തിന്റെ ഭാഗവുമായതുകൊണ്ടാണ് ഈ തൊഴില്‍ മേഖലയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളില്‍ ഒന്ന്. ബാഹ്യമായ ഈ ആകര്‍ഷണീയത മാത്രം കണക്കാക്കി ഒരാള്‍ പത്രപ്രവര്‍ത്തനം പഠിച്ചാല്‍ അതുകൊണ്ടുമാത്രം അയാള്‍ തൊഴില്‍ മേഖലയില്‍ ശോഭിക്കണമെന്നില്ല. നല്ല വായനയും ഭാഷാപരമായ ശേഷിയും വാക് ചാതുരിയും ഉള്ള ഒരാള്‍ പത്രപ്രവര്‍ത്തനം തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിയും. വ്യക്തിയുടെ സവിശേഷമായ പ്രതിഭയെ മുഴുവന്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നു. കഠിനമായ പരിശ്രമത്തിലൂടെ ഈ മേഖലയില്‍ എത്തിപ്പെടാനും ശോഭിക്കാനും കഴിയുമെങ്കിലും; നൈസര്‍ഗികമായ കഴിവ് ഉപയോഗപ്പെടുത്തുമ്പോഴാണ് നാം ചെയ്യുന്ന ജോലി കൂടുതല്‍ ആസ്വാദ്യകരമായി മാറുന്നത് എന്നുമാത്രം. ഭാഷപോലുള്ള മാനവികവിഷയങ്ങളില്‍ താല്‍പര്യമുള്ള ഒരാളെ ഒരിക്കലും നിര്‍ബന്ധിച്ച് എന്‍ജിനീയറാക്കാന്‍ പാടില്ല.