19 March 2024, Tuesday

“ഹൈഗേറ്റ് സെമിത്തേരി” കാൾ മാർക്സ്‌ അന്ത്യവിശ്രമം കൊള്ളുന്ന ഇടം

വിനായക് എസ്
April 16, 2022 9:20 pm

കടുകട്ടി കമ്പളങ്ങൾക്കിടയിൽ കൂടി പോലും തുളച്ചുകയറുന്ന ബ്രിട്ടണിലെ ശൈത്യ മരവിപ്പിന്റെ അവസാനം നിറയെ പൂക്കളുമായി എത്തുന്ന വസന്തകാലം അതിമനോഹരമാണ്..! വൈകുന്നേരങ്ങളിൽ നാല് മണിയാകുമ്പോഴേ ഇരുളുമൂടുന്ന ദുരവസ്ഥയിൽ നിന്നും രാത്രി എട്ട് മണിക്കുപോലും വെയിൽ വീഴുന്ന തരത്തിലേക്ക് പ്രകൃതിയങ്ങനെ മാറി മറിയും.

 

അതുവരെ കേൾക്കാത്ത കിളികളുടെ കൊഞ്ചലും, പൂക്കളുടെ സുഗന്ധവും മനസിന് എന്തെന്നില്ലാത്ത അനുഭൂതിയാണ് പകരുന്നത്. അതിശൈത്യം ഒരുതരത്തിൽ വിരസതയാണ്, പ്രകൃതിയുടെ വിരസത ഓരോ മനുഷ്യരിലും അങ്ങനെ തെളിഞ്ഞുകാണുകയും ചെയ്യും,അങ്ങനെ ഏപ്രിൽ മാസം തണുപ്പിനെ പറഞ്ഞുവിട്ട് വസന്തത്തെ വരവേറ്റപ്പോൾ എവിടേക്ക് പോകണം എന്ന ചിന്ത ഉടലെടുത്തു.

കാൾ മാർക്സ്‌ അന്ത്യവിശ്രമം കൊള്ളുന്ന ഇടം കാണണം എന്ന ആഗ്രഹം സഫലീകരിക്കാൻ അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല. “ഹൈഗേറ്റ് സെമിത്തേരി” ഭൂമിയിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന ശ്മശാന ഭൂമികളിൽ ഒന്ന്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലായി ലോകത്തെ സ്വാധീനിച്ച അനേകം മനുഷ്യരുടെ ശരീരങ്ങൾ മണ്ണിനോട് ചേർന്ന ഭൂമി, അവർക്കുമുകളിൽ തണൽ വിരിക്കുന്ന കൂറ്റൻ വൃക്ഷങ്ങൾ, പല വർണങ്ങളിൽ പടർന്നുകിടക്കുന്ന ഉദ്യാനങ്ങൾ. പ്രശസ്തരും അജ്ഞാതരുമൊക്കെയായി 1,70,000 മനുഷ്യർ ഉറങ്ങുന്ന മണ്ണ്..!

ഹൈഗേറ്റിലെ കാറ്റിനുപോലും ഒരു പ്രത്യേക സുഗന്ധമുണ്ട്, ലണ്ടൻ പോലൊരു മഹാനഗരത്തോട് ചേർന്ന് ഇത്രയും വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞൊരു ഭൂമി ശരിക്കും അത്ഭുതപ്പെടുത്തി. അവിടെ കാറ്റ് വീശുമ്പോൾ മരങ്ങളുടെ ഇലകൾ തമ്മിലുരുമ്മി സംഗീതം പൊഴിക്കുന്നുണ്ടായിരുന്നു, മാർകം മക്ലാരനെ പോലെയുള്ള വിശ്വ വിഖ്യാത സംഗീതജ്ഞരുടെ ശേഷിപ്പുകൾക്ക് മേലെ പടർന്നുപന്തലിച്ച മരങ്ങളാണ്, അവയ്ക്ക് പാടാൻ കഴിവുണ്ടാകുമല്ലോ..!

 

 

ഹൈഗേറ്റിലെ ഏറ്റവും തലയെടുപ്പുള്ള ശവകുടീരം അഖില ലോക തൊഴിലാളികളുടെയും സകല മനുഷ്യരുടേയും സൈദ്ധാന്ധിക മാർഗദർശിയായ കാൾ മാർക്സിന്റേതാണ്. തൊഴിലാളി വർഗ പ്രത്യയശാസ്ത്രങ്ങളെയും വർഗസമരങ്ങളേയുമെല്ലാം അടയാളപെടുത്തിയ ആ ഒറ്റ വരി അദ്ദേഹത്തിന്റെ വെങ്കല പ്രതിമയ്ക്ക് താഴെയും കോറിയിട്ടിട്ടുണ്ടായിരുന്നു; ‘Work­ers of all lands Unite’ സർവരാജ്യ തൊഴിലാളികളോടും സംഘടിക്കാനും ശക്തരാകാനും പറഞ്ഞ കാൾ മാർക്സ്..!മനുഷ്യചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ പ്രധാനിയാണ് മാർക്സ്.

 

BBC 1999‑ൽ നടത്തിയ സർവേയിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ സഹസ്രാബ്ദത്തിന്റെ ചിന്തകനായി തിരഞ്ഞെടുത്തത് അദ്ദേഹത്തെയാണ്. ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയുന്ന സ്മാരകം, ഇംഗ്ലണ്ടിലെ ഒന്നാം നിര ചരിത്ര സ്മാരകങ്ങളിൽ പെട്ട ശവകുടീരം, ഈ നേട്ടങ്ങളെല്ലാം ആ വെങ്കല പ്രതിമയിൽ തീർത്ത കല്ലറയ്ക്ക് സ്വന്തമാണ്. മാനവികതയിലൂന്നിയ മാർക്സിയൻ ചിന്തയുടെ സ്വീകാര്യതയാണ് ഇത് വെളിവാക്കുന്നത്. 1881ൽ നിര്യാതയായ പ്രിയതമ ജെന്നിയോട് ചേർന്നാണ് 1883ൽ മരണപ്പെട്ട അദ്ദേഹവും വിശ്രമിക്കുന്നത്.

 

ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും മനുഷ്യർ വിശ്വമാനവികതയുടെ പുഷ്പങ്ങളുമായി മാർക്സിനെ തേടിയെത്തുന്നുണ്ടായിരുന്നു, അഭിവാദ്യങ്ങൾ അർപ്പിക്കുന്നുണ്ടായിരുന്നു. ഹൈഗേറ്റിന്റെ കിഴക്കേ സെമിത്തേരിയിലാണ് മാർക്സ് തലയുയർത്തി നിൽക്കുന്നത്. ആ മുഖത്തേക്ക് നോക്കി മുഷ്ഠി ചുരുട്ടി അഭിവാദ്യം ചെയ്തപ്പോൾ ഈ മനുഷ്യായുസിലെ ഒരാഗ്രഹം സഫലീകരിച്ചതിലുപരി ചരിത്രത്തിലൂടെ പടർന്നു പന്തലിച്ച ചിന്തകൾക്ക് വളക്കൂറുള്ള മണ്ണിൽ കാലുകുത്തിയ ചാരിതാർഥ്യം എന്റെ കൈകളിലേക്ക് പ്രവഹിച്ചു…

മനുഷ്യനുള്ളിടത്തോളം കാലം മാർക്സിയൻ ചിന്തകൾ വിസ്‌മൃതിയിൽ ആഴ്ന്നുപോകില്ല..!
മാർക്സ് പറഞ്ഞതുപോലെ-
“The death of heroes is like a sunset”

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.