ഹൈറേഞ്ചിൽ മാത്രമല്ല താഴ്വാരത്തും വിളയിക്കാം ശീതകാല പച്ചക്കറികൾ

Web Desk
Posted on November 09, 2019, 3:50 pm

ശീതകാല പച്ചക്കറികൾ കൃഷി ചെയ്തു തുടങ്ങുന്നതിനു സമയമായി. കുറച്ചുവർഷം മുമ്പുവരെ ഇടുക്കി, വയനാട് തുടങ്ങി ചുരുക്കം ചില ഇടങ്ങളിൽ മാത്രമായിരുന്നു ശീതകാല പച്ചക്കറി വിളകൾ കൃഷി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഇടനാട്ടിലും, തീരപ്രദേശങ്ങളിലും നല്ല രീതിയിൽ തന്നെ ഇവ കൃഷി ചെയ്തു വിജയിക്കുന്നുണ്ട്. മലമുകളിൽ നിന്നും സമതലങ്ങളിലേക്കു വരെ എത്തിയ ശീതകാല പച്ചക്കറി വിളകളെയും കൃഷി രീതിയേയും നമുക്ക് പരിചയപ്പെടാം.

കാബേജ് വർഗവിളകൾ

കാബേജ് വർഗ്ഗവിളകളിൽ അനേകം പച്ചക്കറി ഇനങ്ങൾ ഉണ്ടെങ്കിലും കാബേജ്, കോളിഫ്ളവർ, എന്നിവയാണ് കേരളത്തിൽ പൊതുവെ എല്ലായിടങ്ങളിലും അനുയോജ്യമായി കണ്ടുവരുന്നുണ്ട്. കോൾറാബി അഥവാ നോൾ‑കോൾ എന്ന പുതുമുഖവും ഈ നിരയിൽ ശ്രദ്ധപിടിച്ചുവരുന്ന ഒരു പച്ചക്കറിയാണ്. ഇവയുടെയെല്ലാം കൃഷിരീതികൾ ഏകദേശം സമാനമാണ്. തവാരണകളിലോ പ്രോട്രേകളിലോ വിത്തുപാകിതൈകളുണ്ടാക്കി അവ പറിച്ചുനടുകയാണ് പതിവ്. ഒരു സെന്റ് കൃഷിയ്ക്കായി ഏകദേശം 5 ഗ്രാം വിത്തു മതി. പ്രോട്രേകളിൽ ചകിരിച്ചോർ കമ്പോസ്റ്റിനൊപ്പം അല്പം ്രൈടക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളവും ചേർത്തു നടീൽ മിശ്രിതം നിറയ്ക്കാവുന്നതാണ്. വെർമിക്കുലൈറ്റ് അല്ലെങ്കിൽ പെർലൈറ്റ് എന്നിവ കൂടി സംയോജിപ്പിച്ച് നടീൽ മിശ്രിതം തയ്യാറാക്കുന്നത് അഭികാമ്യം. പ്രോട്രേകളിൽ വിത്തുകൾ പാകി മുളപ്പിച്ചാൽ ഒരു മാസം കൊണ്ട് തൈകൾ ഇളക്കി നടാനാകും. ഒക്ടോബർ മാസം വിത്തു പാകിയാൽ നവംബർ മാസം തൈകൾ പറിച്ചുനടാം.

കാബേജ് ഇനങ്ങൾ

ഗോൾഡൻ ഏക്കർ, ്രൈപഡ് ഓഫ് ഇന്ത്യ, സെപ്തംബർ, NS43,ഗ്രീൻ വോയേജൻ, ഗ്രീൻ ചലഞ്ചർ എന്നിവ പ്രധാന ഇനങ്ങളാണ്. ഇവയെല്ലാം തന്നെ നല്ല തൂക്കം വരുന്ന വിളവ് നൽകുന്നവയാണ്.

കോളിഫ്ളവർ ഇനങ്ങൾ

സ്നോബോൾ — 16,അർക്ക കാന്തി, പൂസാ ദിപാളി, NS131,നന്ദ എന്നിവ നമ്മുടെ കാലാവസ്ഥയ്ക്കു അനുയോജ്യമായ ഇനങ്ങളാണ്.

കൃഷിരീതി

നല്ല നീർവാർച്ചയുളളതും ഫലപുഷ്ടിയുളളതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം കൃഷിക്കായി തെരെഞ്ഞെടുക്കുക. മണ്ണ് നന്നായി കൊത്തിയിളക്കി ചെറുതവാരണകൾ ഉണ്ടാക്കുക. നിലമൊരുക്കുമ്പോൾ തന്നെ സെന്റ് ഒന്നിന് 80 കി. ഗ്രാം എന്ന തോതിൽ കമ്പോസ്റ്റും ആവശ്യത്തിന് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർക്കുക. രണ്ട് അടി വിട്ട് ഒരു അടി വീതിയും താഴ്ചയുമുളള തവാരണകളാണ് തൈകൾ നടാനായി എടുക്കേണ്ടത്. ഒരു മാസം മൂപ്പെത്തിയ തൈകൾ വേരിന് ക്ഷതമേൽക്കാതെ ഇളക്കിയെടുത്ത് നടാവുന്നതാണ്. ചെടികൾ തമ്മിൽ രണ്ടടി അകലം പാലിക്കണം.

പരിചരണം

നട്ട് ഒന്നര ആഴ്ചയോളം തൈകൾക്ക് തണൽ നൽകുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. നട്ട് മൂന്നാഴ്ച കഴിഞ്ഞ് ഒരു പിടിവീതം കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ ചുറ്റും ഇട്ടുകൊടുത്ത് ചെറുതായി മണ്ണ് കൂട്ടിക്കൊടുക്കുക. മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും ഇതാവർത്തിക്കുക. പൂക്കാറാകുമ്പോൾ രണ്ടാഴ്ച ഇടവേളകളിൽ ചാരം ഇടുന്നത് നല്ലതാണ്. കോളിഫ്ളവർ പൂവിരിഞ്ഞു തുടങ്ങുമ്പോൾ ഇലകൾ കൂട്ടിച്ചേർത്തു പൊതിഞ്ഞു കെട്ടണം. പൂവിൽ അധിക ം സൂര്യപ്രകാശമേൽക്കാതിരി ക്കാനാണിത്. ഓരോ വളപ്രയോഗം ചെയ്യുമ്പോഴും മണ്ണ് കൂട്ടിക്കൊടുക്കേണ്ടത് തണ്ട് ബലപ്പെടുന്നതിനു് അത്യാവശ്യമാണ്.

സസ്യസംരക്ഷണ മാർഗങ്ങൾ

തൈകളുടെ വാട്ടരോഗം പ്രധാന ഒരു രോഗമാണ്. പ്രതിരോധമെന്ന നിലയിൽ വിത്തുകൾ സ്യൂഡോമോണാസ് പൊടിയുമായി കലർത്തി നടാവുന്നതാണ്. തൈകൾ നടുന്നതിനു മുമ്പ് 2 ശതമാനം വീര്യമുളള സ്യൂഡോമോണാസ് ലായനിയിൽ മുക്കി നടുകയും ചെയ്യാം. നടീൽമിശ്രിതം നിറയ്ക്കുന്നതിന് മുൻപ് പ്രോട്രേകളിൽ ഈ ലായനി തളിക്കുന്നതും നല്ലതാണ്. ബാക്ടീരിയൽ ഇലചീയൽ രോഗം പ്രതിരോധിക്കുന്നതിനായി വിത്തുകൾ 50 ഡിഗ്രി ചൂടുവെളളത്തിൽ നടുന്നതിനു മുമ്പ് അരമണിക്കൂർ നേരം മുക്കിവച്ചശേഷം ഉപയോഗിക്കാവുന്നതാണ്. ഇലതീനിപുഴുക്കളെ നേരിട്ട് എടുത്തുകളഞ്ഞോ വേപ്പധിഷ്ഠിത കീടനാശിനി തളിച്ചോ അകറ്റാവുന്നതാണ്.

കാബേജ് വർഗ്ഗവിളകളിലെ പുതിയ താരമാണ് ശീമമുളളങ്കി എന്നറിയപ്പടുന്ന നോൾകോൾ അഥവാ കോൾറാബി. കോൾ റാബി വളരുംതോറും മണ്ണിനുമുകളിൽ കാബേജിനെപ്പോലെ കാണ്ഡം വലുതായി വരും. ചെടിയുടെ പ്രധാന തണ്ട് കിഴങ്ങുപോലെ രൂപാന്തരപ്പെട്ടുവരുന്ന ഭാഗമാണ് ഭക്ഷ്യയോഗ്യം. ഇതോടൊപ്പം കോൾ‑റാബിയുടെ തളിരിലകളും ഭക്ഷ്യയോഗ്യമാണ്.

II കിഴങ്ങുവർഗ്ഗ ശീതകാല വിളകൾ

കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ. ഉരുളക്കിഴങ്ങ് തണുപ്പ് കൂടിയ ചില ഭാഗങ്ങളിൽ നന്നായി കൃഷി ചെയ്തു വരുന്നുണ്ട്.

പ്രധാന ഇനങ്ങൾ

കാരറ്റ്: പൂസ കേസർ, പൂസ മേഘാലി, പൂസ നയൻജ്യോതി

ബീറ്റ്റൂട്ട്: ഡെൽട്രോയ്റ്റ് ഡാർക്ക് റെഡ്, ക്രിംപ്സൺ ഗ്ലോബ്

റാഡിഷ്: പൂസ ചേതകി, പൂസ രസ്മി

ഒരടിയെങ്കിലും നല്ല ഇളക്കമുളള മണൽ കലർന്ന മണ്ണാണ് കിഴങ്ങുവർഗ്ഗവിളകൾക്ക് അനുയോജ്യം. ഉരുളക്കിഴങ്ങ് ഒഴികെ ബാക്കിയുളളവയെല്ലാം നേരിട്ട് വിത്തുപാകിയാണ് മുളപ്പിക്കേണ്ടത്. വരമ്പുകൾ എടുത്ത് അതിൽ വരിവരിയായി വിത്തുകൾ പാകാവുന്നതാണ്. ചെറിയ വിത്തായതിനാൽ മണലുമായി കലർത്തി വിതറാവുന്നതാണ്. വിതച്ചശേഷം മേൽഭാഗത്തു അല്പം മണ്ണിട്ടു മൂടുക. മുളച്ചു കഴിഞ്ഞാൽ നേരിട്ട് സൂര്യപ്രകാശം അടിക്കാതെ പുതയിടേണ്ടതാണ്. ഇടയകലം കണക്കാക്കി അധികമുളള ചെടികൾ പിഴുതു മാറ്റേണ്ടതാണ്. ആവശ്യത്തിന് മാത്രം നന നൽകുക.

നിലമൊരുക്കുമ്പോൾ അടിവളമായി സെന്റ് ഒന്നിന് 100കി. ഗ്രാം ജൈവവളം നൽകേണ്ടതാണ്. അതോടൊപ്പം 1 കി. ഗ്രാം എല്ലുപൊടിയും ചാരവും നൽകുക. കളശല്യം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. മേൽവളമായി 2 കി. ഗ്രാം ജൈവവളമോ കടലപ്പിണ്ണാക്കോ നൽകണം. മണ്ണ് ഇടയ്ക്ക് കയറ്റിക്കൊടുക്കുകയും ചെയ്യാം. ഏകദേശം മൂന്നര മാസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്നതാണ്. മണ്ണിൽ ചെറിയ വിളളലുകൾ പ്രത്യക്ഷപ്പെടുന്നത് പാകമായതിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്.

III. ഉളളിവർഗവിളകൾ

സവാള, ചുവന്നുളളി, വെളുത്തുളളി എന്നിവ ഈ വിഭാഗത്തിൽപ്പെടും. ഇതിൽ സവാള സമതലങ്ങളിലും ഇടനാടുകളിലും സാമാന്യം നന്നായി വിളവ് തരുന്നതായി കാണുന്നുണ്ട്. സവാളയുടെ 40 ദിവസമെങ്കിലും പ്രായമായ തൈകളാണ് നടാനായി ഉപയോഗിക്കേണ്ടത്. ഒരു സെന്റ് സ്ഥലത്ത് കൃഷിയ്ക്കായി 30 ഗ്രാം വിത്ത് തവരണയിൽ പാകി മുളപ്പിക്കേണ്ടതുണ്ട്.

കൃഷിരീതി

നല്ല സൂര്യപ്രകാശമുളള സ്ഥലം കൃഷിയ്ക്കായി തെരെഞ്ഞെടുക്കേണ്ടതാണ്. നന്നായി കൊത്തിയിളക്കി തടങ്ങൾ തയ്യാറാക്കിയാണ് തൈകൾ നടേണ്ടത്. 15 സെ. മീ. x 10 സെ. മീ അകലത്തിൽ തൈകൾ നടാം. നിലമൊരുക്കുമ്പോൾ സെന്റ് ഒന്നിന് 100 കി. ഗ്രാം ജൈവവളം, 2 കി. ഗ്രാം ചാരം, 1 കി. ഗ്രാം എല്ലുപൊടി എന്നിവ ചേർത്തിളക്കുക. ഇതുകഴിഞ്ഞ് 10 ദിവസത്തിലൊരിക്കൽ ജൈവ പോഷക ലായനികൾ നൽകാം. 19: 19: 19 പോലുളള ഇലകളിൽ തളിക്കുന്ന രൂപത്തിലുളള വളങ്ങൾ 2 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ നൽകുന്നതും നല്ലതാണ്. സൂക്ഷ്മമൂലകങ്ങളുടെ വളക്കൂട്ടുകൾ ഇതുപോലെ ഇടയ്ക്ക് തളിച്ചു കൊടുക്കാവുന്നതുമാണ്.

ആവശ്യത്തിനുമാത്രം നന നൽകിയാൽ മതി. തൈകൾ നട്ട് മൂന്നരമാസം കൊണ്ട് വിളവെടുക്കാം. കളനിയന്ത്രണവും മണ്ണുകൂട്ടികൊടുക്കലും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ചുവന്നുളളി, വെളുത്തുളളി എന്നിവ ഹൈറേഞ്ച് കാലാവസ്ഥയിൽ നന്നായി വളരുന്നുണ്ട്. നല്ല തണുപ്പ് (12–150C) ഇവയുടെ വളർച്ചയ്ക്ക് ആവശ്യമാണ്.

IV. പയർവർഗ ശീതകാല പച്ചക്കറികൾ

പയർവർഗ്ഗ ശീതകാലവിളകളിൽ സാമാന്യം നല്ല രീതിയിൽ ശൈത്യമേഖലകളിലെന്നപോലെ തന്നെ മറ്റു പ്രദേശങ്ങളിലും വളരുന്ന ഒരു പച്ചക്കറി ഇനമാണ് ഫ്രഞ്ചു ബീനസ് എന്നറിയപ്പെടുന്ന ബീൻസ്. സാധാരണ പയർകൃഷി ചെയ്യുന്ന പൊലെ തന്നെയാണ് ഇതിന്റെയും കൃഷി രീതികൾ. വിത്തു നേരിട്ടുപാകിയാണ് കൃഷി ചെയ്യാറുളളത്. കുറ്റിയിനങ്ങൾ, രണ്ടു മാസം കൊണ്ടും പടരുന്ന ഇനങ്ങൾ രണ്ടരമാസം കൊണ്ടും വിളവെടുക്കാനാകും. സസ്യസംരക്ഷണ മാർഗ്ഗങ്ങൾ, വളപ്രയോഗം എന്നിവ പയറിലേതുപോലെതന്നെ അനുവർത്തിക്കാം.

വിഷ്ണു എസ്. പി

അഗ്രിക്കൾച്ചറൽ ഓഫീസർ

ഫാം ഇൻഫർമേഷൻ ബ്യൂറോ

തിരുവനന്തപുരം

9744444279