8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 20, 2024
August 14, 2024
August 12, 2024
August 8, 2024
August 2, 2024
July 26, 2024
July 24, 2024
July 22, 2024
July 18, 2024
July 18, 2024

ഹിജാബ് നിരോധനത്തില്‍: ഭിന്ന വിധി

വിഷയം വിശാല ബെഞ്ചിന് മുന്നിലേക്ക് 
കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കി ജസ്റ്റിസ് സുധാംശു ധൂലിയ 
വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ത് ഗുപ്ത
Janayugom Webdesk
ന്യൂഡല്‍ഹി
October 13, 2022 10:27 am

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളിൽ സുപ്രീം കോടതിയില്‍ ഭിന്ന വിധി. ഇതോടെ ഹര്‍ജികൾ വിശാല ബെഞ്ചിന് കൈമാറും. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പറയുകയായിരുന്നു. ജസ്റ്റിസ് സുധാംശു ധൂലിയ ഹര്‍ജിക്കാരുടെ വാദങ്ങൾക്കൊപ്പം നിന്ന് ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത കർണാടക സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് വിധി ശരിവച്ചു. ഫെബ്രുവരി അഞ്ചിലെ കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കി വസ്ത്രത്തിന് മേൽ ഏർപ്പെടുത്തിയ എല്ലാ തരം നിയന്ത്രണങ്ങളും നീക്കുകയാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ വിധിയില്‍ പറയുന്നു. ആകെക്കൂടി തന്റെ മനസിലെ വിഷയം പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. അത് മെച്ചപ്പെടുത്തുകയാണോ, എന്നതാണ് എന്റെ മനസിലെ ചോദ്യം.

ഹിജാബ് ഇസ്‌ലാമിലെ മൗലിക അനുഷ്ഠാനമാണോ എന്ന വിഷയം ഈ കേസിൽ പരിഗണനാർഹമല്ല. കർണാടക ഹൈക്കോടതിയുടെ ഈ വഴി തെറ്റാണ്. യഥാർത്ഥത്തിൽ ഭരണഘടനയുടെ 14, 19 അനുഛേദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണിത്. ബിജോയ് ഇമ്മാനുവൽ കേസിലെ വിധി ഇതിനുത്തരം നൽകിയതാണെന്നും ജസ്റ്റിസ് ധൂലിയ വിധിയിൽ വ്യക്തമാക്കി. എന്നാൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് ഇസ്‌ലാമിലെ മൗലികാനുഷ്ഠാനങ്ങളിൽപ്പെടുമോ എന്ന കർണാടക ഹൈക്കോടതിയുടെ ചോദ്യം ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട 11 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വിധിയില്‍ പറയുന്നു. കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള 25 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. കർണാടക സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്, അഡ്വക്കേറ്റ് ജനറൽ പി കെ നവദാഗി എന്നിവർ ഹാജരായപ്പോൾ ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൻ, ഹാരിസ് ബീരാൻ, സുൽഫിക്കർ അലി തുടങ്ങിയവർ ഹാജരായി.

അവകാശം വിദ്യാലയ കവാടത്തില്‍ നിലയ്ക്കരുത്

ഹിജാബ് ധരിക്കുന്നതിനുള്ള പെണ്‍കുട്ടികളുടെ അവകാശം സ്കൂള്‍ കവാടത്തില്‍ നിലയ്ക്കരുതെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ. ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത് ഹിജാബ് ധരിക്കാനുള്ള അവകാശമാണ്. ജനാധിപത്യത്തില്‍ അത്തരം ഒരു ആവശ്യം അധികമാണോയെന്നും വിധിയില്‍ ജസ്റ്റിസ് ധൂലിയ ചോദിച്ചു. വിദ്യാലയത്തിനുള്ളിലും സ്വകാര്യതയും അന്തസും ഉള്‍പ്പെടെയുള്ള മൗലിക അവകാശങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വിദ്യാലയ കവാടത്തിനു പുറത്ത് വച്ച്‌ ഹിജാബ് നീക്കണം എന്ന് ആവശ്യപ്പെടുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അത് അവരുടെ അന്തസിന് നേരെയുള്ള അക്രമവും വിദ്യാഭ്യാസം നിഷേധിക്കലുമാണ്. ഹിജാബ് ധരിക്കാനുള്ള പെണ്‍കുട്ടികളുടെ അവകാശം ലംഘിക്കുന്നത് ഭരണഘടനയുടെ 19, 21, 25 അനുഛേദങ്ങളുടെ ലംഘനമാണെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവില്‍ മാറ്റമില്ലെന്ന് കര്‍ണാടക

ബംഗളുരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് നിലവില്‍ പ്രാബല്യമുണ്ടെന്ന്, സുപ്രീം കോടതിയുടെ ഭിന്ന വിധിക്കു ശേഷം മന്ത്രി പറഞ്ഞു. കേസ് ഉയര്‍ന്ന ബെഞ്ചിലേക്കു റഫര്‍ ചെയ്ത സാഹചര്യത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിയാണ് നിലവില്‍ പ്രാബല്യത്തില്‍ ഉള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.