November 29, 2023 Wednesday

Related news

November 14, 2023
October 23, 2023
September 3, 2023
July 27, 2023
June 14, 2023
May 26, 2023
April 27, 2023
April 15, 2023
April 9, 2023
March 31, 2023

മതേതരത്വം സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്

Janayugom Webdesk
October 14, 2022 5:00 am

കര്‍ണാടകയിലെ ശിരോവസ്ത്ര നിരോധനവുമായി ബന്ധപ്പെട്ട 25 ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന് ഭിന്നാഭിപ്രായം വന്നിരിക്കുകയാണ്. അതിനാല്‍ വിധികളും ഹര്‍ജികളും വിശാലബെഞ്ചിന്റെ പരിഗണനയിലേക്കും വിട്ടു. കര്‍ണാടകയിലെ വിദ്യാ­ഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് അവിടത്തെ ബിജെപി സര്‍ക്കാരും, വിധിയെ സ്വാഗതം ചെയ്യുന്നതായി മുസ്‌ലിം ലീഗും സമസ്തയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യര്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നതിനൊന്നും സ്വാതന്ത്ര്യം അനുവദിക്കാത്ത ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തിട്ടൂരത്തിന് കോടതി വിധികള്‍ ചൂട്ടുപിടിക്കരുതെന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷവും. രാജ്യം പരമോന്നത നീതിപീഠത്തില്‍ പ്രതീക്ഷയോടെ കാതോര്‍ത്തിരിക്കെയാണ് വിഭിന്ന വിധി വന്നത്. വ്യത്യസ്ത നിരീക്ഷണത്താല്‍ സംശയിച്ച് മാറ്റിനിര്‍ത്തേണ്ടുന്ന ഒന്നല്ല ഇന്ത്യയുടെ ഉന്നതമായ സംസ്കാരവും സ്വാതന്ത്ര്യവും. എങ്കിലും വിഷയത്തിലുണ്ടായ അഭിപ്രായ ഭിന്നത അതിന്റെ തീര്‍പ്പുവരെ പ്രതീക്ഷ പകരുന്നുണ്ട്. ഫാസിസ്റ്റ് ഭരണകൂടം അയിത്തം കല്പിച്ച് മാറ്റിവയ്ക്കാന്‍ ശ്രമിക്കുന്ന ഭരണഘടനയ്ക്കും അതിന്റെ മൂല്യത്തിനും വിലകല്പിച്ചുകൊണ്ടായിരിക്കും സുപ്രീം കോടതിയുടെ വിശാലബെഞ്ച് വിഭിന്ന വിധിയെ സമീപിക്കുക എന്ന് പ്രത്യാശിക്കാം. മതന്യൂനപക്ഷങ്ങള്‍ക്കുമേല്‍, പ്രത്യേകിച്ച് മുസ്‌ലിം ജനവിഭാഗത്തോട് ആര്‍എസ്എസിനും ബിജെപിക്കും ഉള്ള എതിര്‍പ്പുകള്‍ രാജ്യത്തുണ്ടാക്കുന്ന ദോഷങ്ങള്‍ ചെറുതല്ല.

കര്‍ണാടക സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരെ തുരത്തിയോടിക്കാനാണ് നിരന്തരം ശ്രമിക്കുന്നത്. ഹിജാബ് നിരോധനം കര്‍ണാടകയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യവാരം തുടങ്ങിയ വാദപ്രതിവാദങ്ങള്‍ക്കിടെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്കായി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയെ ധരിപ്പിച്ചത് 17,000 കുട്ടികള്‍ക്ക് ഹിജാബ് നിരോധനത്തിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിഞ്ഞി ല്ലെന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടുമ്പോള്‍ പോലും കോടതിയുടെ ഇടപെടല്‍ ആശ്ചര്യമുണ്ടാക്കുന്നതായിരുന്നു. ഹിജാബ് വിലക്കുമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥിനികളുടെ ഗണ്യമായ കൊഴിഞ്ഞുപോക്ക് ഉണ്ടായെന്നും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചിരുന്നു. കൊഴിഞ്ഞുപോയവരുടെ കൃത്യമായ കണക്കുണ്ടോ എന്നായിരുന്നു കോടതി അപ്പോള്‍ ആരാഞ്ഞത്. ഇരുപത് പേരാണോ, അതോ മുപ്പതോ അമ്പതോ, എന്നെല്ലാം ആയിരുന്നു ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാംശു ധുലിയ എന്നിവരുടെ ബെഞ്ച് അന്ന് തിരിച്ചുചോദിച്ചത്. ഇന്നലെ കര്‍ണാടകയിലെ ഹിജാബ് വിലക്ക് ജസ്റ്റിസ് ഗുപ്ത ശരിവയ്ക്കുകയായിരുന്നു. അപ്പീലുകള്‍ തള്ളിക്കളയാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.


ഇതുകൂടി വായിക്കൂ: വര്‍ഗീയ ആയുധമാക്കുന്ന വസ്ത്രധാരണം


അതേസമയം, ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജസ്റ്റിസ് ധുലിയ വിധിച്ചത്. ഹൈക്കോടതിയുടേത് തെറ്റായ വഴിയാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ഒരേ നിയമത്തിനു മുന്നില്‍ രണ്ട് ന്യായം നിരത്തുന്നതിനെയാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. ഇത്രമേല്‍ ഗൗരവപ്പെട്ട വിഷയത്തെ കോടതി ബെഞ്ചുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആരെങ്കിലും സംശയിച്ചുപോയാല്‍ തെറ്റുപറയാനാവില്ല. വിദ്യാര്‍ത്ഥിനികളുടെ മാത്രമല്ല, ശിരോവസ്ത്രമണിഞ്ഞെത്തുന്ന അധ്യാപികമാരുടെയും പ്രശ്നങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിസന്ധികളും ആശയ സംഘര്‍ഷങ്ങളും നേര്‍ക്കുനേര്‍ സംഘട്ടനങ്ങളും സാമൂഹികമായുണ്ടാക്കുന്ന ഭീതി കര്‍ണാടക ഹൈക്കോടതിക്ക് ബോധ്യമുണ്ടായിട്ടും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയതാണ് ബിജെപി സര്‍ക്കാരിന് തുണയായത്. ഹിജാബിന് പിറകെ മുസ്‌ലിം മതവിവിശ്വാസികളുടെ കച്ചവടസ്ഥാപനങ്ങള്‍ക്കുനേരെയും കര്‍ണാടക സര്‍ക്കാര്‍ തിരിഞ്ഞു. കലാപത്തിന് തിരികൊളുത്തുവാനുള്ള സംഘ്പരിവാറിന്റെ ആസൂത്രിത നീക്കമാണിത്. അത് അനുവദിക്കപ്പെടരുത്. ഹിജാബ് പൊലീസിന്റെ ക്രൂരതയ്ക്കിരയായ ഇറാനിയന്‍ യുവതി മഹ്സ ആമിനിയുടെ ചിത്രം നമ്മുടെ മുന്നിലുണ്ട്. ഹിജാബ് നിരോധനത്തിലൂടെ ഇന്ത്യയുടെ മതേതരത്വം ചോദ്യം ചെയ്യപ്പെടരുത്. പരമോന്നത കോടതിയുടെ വിശാല ബെഞ്ചില്‍ നിന്ന് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത് അതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.