February 9, 2023 Thursday

Related news

February 5, 2023
February 2, 2023
February 2, 2023
February 1, 2023
January 31, 2023
January 31, 2023
January 30, 2023
January 29, 2023
January 27, 2023
January 26, 2023

എച്ച്ഐഎല്ലിന് താഴ് വീഴുന്നു

ഷാജി ഇടപ്പള്ളി
കൊച്ചി
July 26, 2020 10:29 pm

കേന്ദ്ര സർക്കാർ നയങ്ങളുടെ തുടർച്ചയായി കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎൽ) എന്ന വ്യവസായ സ്ഥാപനത്തിന് ഉടൻ താഴ് വീഴും.
കേന്ദ്ര പൊതുമേഖലയിൽ ഏക കീടനാശിനി ഉല്പാദക യൂണിറ്റായി 1954 ൽ ഡൽഹിയിലാണ് എച്ച്ഐഎൽ പ്രവർത്തനം ആരംഭിച്ചത്. 1958 ലാണ് ഏലൂർ ഉദ്യോഗമണ്ഡലിൽ യൂണിറ്റ് തുടങ്ങിയത്. സമീപ കാലങ്ങളിൽ കീടനാശിനിക്കെതിരായ കോടതി വിധികളും നിരോധനവും നിമിത്തം കമ്പനിയിലെ പ്രധാന കീടനാശിനി ഉല്പാദനം നിർത്തിവെക്കേണ്ടിവന്നതും മറ്റു ഉത്പന്നങ്ങൾക്ക് വിപണി കുറഞ്ഞതുമാണ് ഈ സ്ഥാപനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.

പിന്നീട് ഉല്പാദന വൈവിധ്യ വത്കരണത്തിന്റെ ഭാഗമായി ജൈവ ഉല്പന്ന നിർമ്മാണത്തിലേക്ക് വഴിമാറി. കമ്പനിയുടെ പേരുപോലും 2018 ൽ ഹിൽ (ഇന്ത്യ) ലിമിറ്റഡ് എന്ന് പുനർ നാമകരണവും നടത്തിയിരുന്നു. എന്നിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല നടപടികൾ ഇല്ലാതെ പോയതിനാൽ തുടർച്ചയായ സാമ്പത്തിക നഷ്ടം മറയാക്കിയാണ് ഇപ്പോൾ ഏലൂർ യുണിറ്റ് അടച്ചുപൂട്ടാനുള്ള നീക്കം നടക്കുന്നത്.

മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഡിഡിടിയാണ് ആദ്യം ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്. പിന്നീടാണ് എൻഡോസൾഫാൻ, ബെൻസിൻ ഹെക്സോ ക്ലോറൈഡ് എന്നിവയുടെ ഉല്പാദനം ആരംഭിച്ചത്. വിദേശവിപണിയിലായിരുന്നു എൻഡോസൾഫാൻ ഉല്പാദനത്തിന്റെ ബഹുഭൂരിപക്ഷവും വിറ്റഴിച്ചിരുന്നത്. ക്ലോറിൻ, ബെൻസിൻ എന്നിവയിലധിഷ്ഠിതമായ കീടനാശിനികൾ 1996 ൽ ലോകാരോഗ്യ സംഘടന നിരോധിച്ചു.

പരിസ്ഥിതി വിഷയം ഉയർന്നുവന്നതോടെ 2008 ൽ സംസ്ഥാനത്ത് എൻഡോസൾഫാൻ നിരോധിക്കുകയും 2011 ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ എൻഡോസൾഫാൻ പ്ലാന്റും അടച്ചു. 2017ൽ ഏലൂരിലെ ഡിഡിടി ഉല്പാദനവും നിർത്തുകയുണ്ടായി. ഇതോടുകൂടി കടുത്ത പ്രതിസന്ധിയിലായതോടെയാണ് ജൈവ ഉല്പന്നമായ മാംഗോസെബ് ഉല്പാദനത്തിലേക്ക് കടന്നത്. ആയിരം ടണ്ണിലേറെ ഉല്പാദനമുണ്ടായിരുന്നത് വിപണി കുറഞ്ഞതോടെ ഇപ്പോൾ 250 ടൺമാത്രമായി ചുരുങ്ങി. ഈ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടാനുള്ള ആലോചനകൾ തകൃതിയായി നടക്കുന്നത്.

അടച്ചുപൂട്ടുന്നതിന് മുന്നോടിയായി ജീവനക്കാരെ മഹാരാഷ്ട്രയിലെ രസായണി യൂണിറ്റിലേക്കും പഞ്ചാബിലെ ഭട്ടിൻഡ യൂണിറ്റിലേക്കും സ്ഥലം മാറ്റാനുള്ള ആലോചനകളാണ് നടക്കുന്നത്. 55 വയസ്സ് കഴിഞ്ഞവർക്ക് സ്വയം വിരമിക്കാനുള്ള അവസരവും നൽകും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 35 കോടിയോളം രൂപ നഷ്ടത്തിലായ ഏലൂർ യൂണിറ്റ് അടച്ചുപൂട്ടിയാൽ 25 കോടിയിലേറെ പ്രതിവർഷ ലാഭമുണ്ടാക്കാമെന്നാണ് ഉന്നതതല മാനേജ്മെന്റ് സമിതിയുടെ നിഗമനം.

ഫാക്‌ടുമായി ലയിപ്പിക്കണം

ഏലൂർ യൂണിറ്റിൽ 107 സ്ഥിരം ജീവനക്കാരാണുള്ളത്. മാസങ്ങളായി ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കുന്നില്ല. കമ്പനി അടച്ചുപൂട്ടിയാൽ കോടികണക്കിന് രൂപ വിലയുള്ള ഭൂമി വില്പന നടത്താനാകും എന്നാണ് ഉന്നതങ്ങളിൽ ആലോചന. അതിനാൽ സംസ്ഥാന സർക്കാർ വ്യാവസായിക ആവശ്യത്തിനായി ഏറ്റെടുത്തു നൽകിയ ഭൂമി സംരക്ഷിക്കണമെന്നും ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി രാസവള നിർമ്മാണ വ്യവസായ സ്ഥാപനമായ ഫാക്ടിലേക്ക് ജൈവ കീടനാശിനി ഉല്പാദന യൂണിറ്റായ എച്ച്ഐഎല്ലിനെ ലയിപ്പിക്കണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. രാസവളം മന്ത്രാലയത്തിന് കീഴിലാണ് രണ്ടു സ്ഥാപനങ്ങളുമെന്നതിനാൽ ലയന പ്രക്രിയ എളുപ്പത്തിലാക്കാനാകുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.

ENGLISH SUMMARY:HIL is locking
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.