Saturday
16 Feb 2019

ഹിമശൈലസൗന്ദര്യമായ്

By: Web Desk | Sunday 10 February 2019 7:16 AM IST

ഡോ. എം ഡി മനോജ്

ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്റെ ദൃശ്യാവതരണ രീതിയുടെ മുഖ്യതലം എക്കാലവും തികച്ചും കാവ്യാത്മകമായിരുന്നു. ദേശകാലങ്ങളെയും ജീവിത പശ്ചാത്തലങ്ങളെയും ചലച്ചിത്രഭാഷയില്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രം എന്ന ജനുസ്സിലേക്ക് സവിശേഷമായ സാംസ്‌കാരിക സ്വത്വങ്ങള്‍ എന്ന നിലയിലായിരുന്നു അദ്ദേഹം വിവിധ കലകളെ സ്വാംശീകരിച്ചത്. ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ഗാനകലയായിരുന്നുവെന്നത് തികച്ചും സ്വാഭാവികമായിരുന്നുവെന്ന് മാത്രം. സാംസ്‌കാരിക അഭിസംക്രമണങ്ങള്‍ എന്ന പ്രതിനിധാനങ്ങളില്‍ ചലച്ചിത്രകലയിലെ സംഗീതത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയത്. സംഗീതത്തെ തൊട്ടുനില്‍ക്കുന്ന ഒരു പാഠാന്തരീയത ലെനിന്‍ സിനിമകളില്‍ ഭിന്ന ഋതുക്കള്‍പോല്‍ കടന്നുവരുന്നു. ആദ്യസിനിമയായ ‘വേനല്‍’ മുതല്‍ അവസാന സിനിമയായ ” ഇടവപ്പാതി” വരെ ഈ ആഭിമുഖ്യം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. സംഗീതപരവും സാഹിത്യപരവും കാവ്യപരവുമായ ദൃശ്യസംസ്‌കാര സാധ്യതകള്‍ ഈ സിനിമകളില്‍ പടര്‍ന്നുകിടന്നു. പാട്ടിന്റെയും കവിതയുടെയും സംസ്‌കൃതികള്‍ മിക്ക സിനിമകളുടെയും ഭാവരൂപങ്ങളെ (മഴ,സ്വാതിരുനാള്‍, മകരമഞ്ഞ്,ഇടവപ്പാതി,ചില്ല്,രാത്രിമഴ)നിര്‍ണ്ണയിച്ചു. സംഗീതത്തിന്റെ സൗന്ദര്യബോധങ്ങളില്‍ ജന്മമെടുത്ത സിനിമകള്‍. വൈവിധ്യമാര്‍ന്ന സംഗീതത്തിന്റെ സാംസ്‌കാരികമായ കെട്ടുകള്‍ ആണ് (രൗഹൗേൃമഹ സിീെേ ) ലെനിന്‍ സിനിമകളില്‍ ദൃശ്യവിചാരങ്ങളെ നിര്‍വചിച്ചത്. ലെനിന്റെ കാവ്യപ്രണയത്തെ മാറ്റി നിര്‍ത്താനാവില്ലതന്നെ. വേനല്‍ എന്ന സിനിമയിലെ എം ബി ശ്രീനിവാസന്റെ സംഗീതത്തില്‍ അയ്യപ്പപണിക്കാരുടെ ‘ചിറകറ്റ പക്ഷിക്ക്’ എന്ന കവിത നെടുമുടിവേണുവിന്റെ ആലാപനത്തില്‍ ശ്രദ്ധേയമായി. ‘കാന്തമൃദുലസ്‌മേര’ എന്നു തുടങ്ങുന്ന ജാനകിയുടെ ആലാപനത്തില്‍ കാവാലത്തിന്റെ കാവ്യസുഗന്ധിയായ വരികള്‍ സുന്ദരമായിത്തീര്‍ന്നു.
തുടര്‍ന്ന് ‘ ചില്ലിലും’ എം ബി ശ്രീനിവാസന്‍ തന്നെയായിരുന്നു സംഗീത സംവിധായകന്‍. ഒഎന്‍വിയും ‘ഒരു വട്ടംകൂടിയും’ പോക്കുവെയില്‍ പൊന്നുരുകി’യും മലയാളിയെ ഗൃഹാതുരബോധത്തിന്റെ മറ്റൊരു സംഗീതലോകത്തേക്ക് ആനയിച്ചു. ചില്ലില്‍ അയ്യപ്പപണിക്കരുടെ ‘മണ്ണ്’, ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ എന്നിവ സ്ഥാനംപിടിച്ചു. ഒഎന്‍വി യുടെ ‘മോഹം’ എന്ന കവിതയാണ് ‘ഒരു വട്ടം കൂടി’ യായി മാറിയത്. ‘ചൈത്രം ചായം ചാലിച്ചു ‘ എന്ന മനോഹരഗീതി മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ സംഗീതമായിത്തീര്‍ന്നു. ‘ മീനമാസത്തിലെ സൂര്യനിലേക്ക്’ വരുമ്പോള്‍ ഏഴാച്ചേരിയുടെയും ഒഎന്‍വിയുടെയും കാവ്യഭംഗിയുള്ള വരികള്‍ക്ക് പതിവുപോലെ എംബിഎസ് തന്റെ പൊയറ്റിക് കമ്പോസിങ്ങിന്റെ അനുഗൃഹീത കരസ്പര്‍ശം നാമറിയുകയുണ്ടായി. ‘ മാരിക്കാര്‍ മേയുന്ന’ എന്ന പാട്ടില്‍ കയ്യൂരിന്റെ ഭൂപ്രകൃതിത്തുടിപ്പുകള്‍ മുഴുവന്‍ സംഗീതത്തിലേക്ക് സ്വാംശീകരിക്കപ്പെട്ടു. ‘ഇതാണ് കയ്യൂര്‍’ എന്ന കവിതയും ‘ ഇരുട്ടിനെതിരെ’ എന്ന മറ്റൊരു കവിതയും ഈ സിനിമയില്‍ വിപ്ലവഗീതികളായി.
സ്വാതിതിരുനാള്‍ മലയാളത്തിലെ സംഗീതസിനിമകളില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നു. സ്വാതിതിരുനാളിന്റെ ജീവിതമാവിഷ്‌കരിച്ച സിനിമയില്‍ ത്യാഗരാജന്റെയും ഇരയിമ്മന്‍ തമ്പിയുടെയും കൃതികള്‍ ഔചിത്യപൂര്‍വ്വം ലെനിന്‍ രാജേന്ദ്രന്‍ ഇണക്കിച്ചേര്‍ത്തു. എംബിഎസിന്റെ സംഗീത നോട്ടത്തിലായിരുന്നു കീര്‍ത്തനങ്ങളുടെ മുഴുവന്‍ ആവിഷ്‌കാരങ്ങള്‍. ബാലമുരളീകൃഷ്ണ, നെയ്യാറ്റിന്‍കര വാസുദേവന്‍, യേശുദാസ്, ചിത്ര, എസ് പി ബാലസുബ്രഹ്മണ്യം, ബി അരുന്ധതി എന്നിവരെല്ലാം സിനിമയില്‍ കീര്‍ത്തനങ്ങള്‍ ആലപിക്കുകയുണ്ടായി. സ്വാതിതിരുനാള്‍ എഴുതിയ കൃതികള്‍ക്കായിരുന്നു സ്വാഭാവികമായും മുന്‍തൂക്കം. അലര്‍ശര പരിതാപം, ചലിയേ കുഞ്ജനമോ, ജമുനാകിനാരെ,മാമവസദാ, സുമസായക-ഇങ്ങനെ കീര്‍ത്തനങ്ങളുടെ നീണ്ടനിര.
‘പുരാവൃത്ത’ത്തില്‍ ഡി വിനയചന്ദ്രന്റെ ‘~ഒന്നാനാം മലമുകളില്‍’ എന്ന കവിത ആലപിക്കുന്നത് ബി അരുന്ധതിയാണ്. ചിത്രത്തിലെ മറ്റ് രണ്ട് ഗാനങ്ങളില്‍ കാവാലത്തിന്റെ ഫോക്‌സ്പര്‍ശമുള്ള വരികള്‍ക്ക് അദ്ദേഹത്തിന്റെ തന്നെ സംഗീതാശ്ലേഷം. ‘വചന’ത്തില്‍ മൂന്ന് പരമ്പരാഗത ഗാനങ്ങള്‍ക്കൊപ്പം ഒഎന്‍വിയുടെ ‘നീള്‍മിഴിപ്പീലിയില്‍’ എന്ന മോഹന്‍സിതാര ഗാനം കവിതയ്ക്കും ഗീതത്തിനുമിടയ്ക്കുള്ള അതിരുകള്‍ എന്നെന്നേക്കുമായി മായ്ച്ചുകളഞ്ഞു. നെയ്യാറ്റിന്‍കര വാസുദേവന്‍ ആലപിച്ച ശ്രീജാത വീധരം എന്ന കീര്‍ത്തനം വചനത്തെ മറ്റൊരര്‍ത്ഥത്തില്‍ സനാതനമാക്കുന്നു.
‘ദൈവത്തിന്റെ വികൃതികളില്‍’ മധുസൂദനന്‍ നായര്‍ എഴുതി മോഹന്‍ സിതാര ശിവരഞ്ജിനിയില്‍ ചിട്ടപ്പെടുത്തിയ ഇരുളിന്‍ മഹാനിദ്രയില്‍’ എന്ന എക്കാലത്തെയും മനോഹരമായ കവിത മധുസൂദനനന്‍ നായര്‍ ആലപിച്ചപ്പോഴാണ് അതിന് എങ്ങുമില്ലാത്ത മികവ് കൈവന്നത്. ‘ഓഫന്റിസ് എത്‌നിസിറ്റിഎന്ന് വിശദീകരിക്കുന്ന ഒരു അദൃശ്യബന്ധം അല്‍ഫോന്‍സാച്ചന് മയ്യഴിയുമായി ഉണ്ടായിരുന്നു. അയാളുടെ ഏകാന്തതയും നിസ്സഹായതയും നിരാലംബതയുമെല്ലാം ഈ പാട്ടിനെ വലിയ തോതില്‍ ആര്‍ദ്രമാക്കി. ഈ കവിത, സിനിമയുടെ ആത്മാവിനെ കാട്ടിത്തരുന്നു. ഒഎന്‍വിയുടെ വരികള്‍ ‘ഇനിയൊരു ഗാനം’ എന്ന കവിതയും അതിന്റെ പ്രാധാന്യത്തോടെ ലെനിന്‍ ഈ സിനിമയില്‍ ആവിഷ്‌കരിക്കുകയുണ്ടായി.
‘കുലം’ എന്ന ചിത്രത്തില്‍ മധുസൂദനന്‍നായരുടെ വരികള്‍ക്ക് എം ജി രാധാകൃഷ്ണനായിരുന്നു സംഗീതം. ‘എന്തമ്മേ ചുണ്ടത്ത്’ എന്ന പാട്ട് ഹിറ്റായിമാറി. മധുസൂദനന്‍ നായരുടെ ‘അഗ്നി സന്ധ്യകള്‍ക്ക്’ എന്ന കവിത അദ്ദേഹത്തെക്കൊണ്ട് പാടിച്ച് ലെനിന്‍ സിനിമയില്‍ ഉള്‍പ്പെടുത്തി തന്റെ കാവ്യപ്രണയത്തിന് ഉള്‍ബലം നല്‍കുകയായിരുന്നു.
‘മഴയില്‍ ഭാരതിയാരുടെ വരികള്‍ക്ക് പുറമേ യൂസഫലി കേച്ചേരി, കെ ജയകുമാര്‍, കൈതപ്രം, ഒ വി ഉഷ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് രവീന്ദ്രന്റെ രമണീയമായ സംഗീതസ്പര്‍ശം ഉണര്‍വ്വ് പകര്‍ന്നു. ‘ആരാദ്യം പറയും’ എന്ന ഒ വി ഉഷയുടെ കവിത മനോഹരമായി ആലപിച്ച ആശാ ജി മേനോന്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. യൂസഫലിയുടെ ‘ഗേയം ഹരിനാമധേയം’ (ഗാനരചനക്കുള്ള ദേശീയ അവാര്‍ഡ്), ജയകുമാറിന്റെ ‘ഇത്രമേല്‍ മണമുള്ള’ കൈതപ്രത്തിന്റെ ‘ഹിമ ശൈലസൗന്ദര്യമായ്’ എന്നിങ്ങനെ സിനിമയില്‍ അനുരാഗ മഴയുടെ ആലാപനങ്ങള്‍, ‘ആഷാഡം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദ നൃത്തമാടുകയായിരുന്നു. ‘ രാത്രിമഴ’ എന്ന സിനിമയില്‍ സുഗതകുമാരിയുടെ അതേപേരിലുള്ള കവിതയാണ് പ്രയോജനപ്പെടുത്തിയത്. ‘ഭാസുരി ഭാസുരി’ എന്ന ഗാനത്തില്‍ രമേഷ് നാരായണന്റെ സംഗീതമികവ് മുഴുവന്‍ ആവാഹിച്ച സിനിമ കൂടിയാണ് ‘രാത്രിമഴ’.
രാജാരവിവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘മകരമഞ്ഞില്‍’ കാവാലവും ജയകുമാറും ചന്ദ്രന്‍നായരുമായിരുന്നു പാട്ടെഴുതിയത.് രമേഷ് നാരായണന്റെ ചാരുതയാര്‍ന്ന സംഗീതാവിഷ്‌കാരം. ‘കാണുവാനേറെ വൈകി’ എന്ന ഗാനം ഗസലിന്റെ എല്ലാ ഭംഗിയും ഒത്തിണങ്ങിയതാണ്. ‘മഞ്ഞില്‍ മെല്ലെ ചായം തൂവി’ എന്ന പാട്ടില്‍ ലളിതഗാന സംസ്‌കൃതികള്‍ മുഴുവന്‍ ചാലിച്ചു വച്ചിരിക്കുന്നു. രമേഷ് നാരായണന്റെ ഹിന്ദുസ്ഥാനി ബന്ധിഷ്ഠകള്‍ ആയിരുന്നു ചിത്രത്തിലെ പ്രധാന ആകര്‍ഷണം. സംഗീതത്തിന്റെ മകരമഞ്ഞ് പൊഴിയുകയാണിവിടെ. റോസ് മേരിയുടെ കവിത ‘ഇടവപ്പാതി’ എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്, ലെനിന്‍ രാജേന്ദ്രന്‍. ജയദേവന്റെ അഷ്ടപദിയുടെ വശ്യസൗന്ദര്യം പാട്ടായി മാറി ഈ സിനിമയില്‍. ഇങ്ങനെ സിനിമകളില്‍ പ്രസിദ്ധകവികളുടെ കവിതയെ ആവിഷ്‌കരിക്കല്‍, ഒന്നിലധികം സംഗീതസംവിധായകരെ ഒരേ സിനിമയില്‍ പ്രയോജനപ്പെടുത്തല്‍ എന്നിവയെല്ലാം ലെനിന്‍ രാജേന്ദ്രന്‍ സര്‍ഗാത്മകമായി വിനിയോഗിക്കുകയുണ്ടായി. ഒരു സംഗീതാരാധകന്റെ മുഴുവന്‍ ജീവിതം സിനിമയിലൂടെ സാക്ഷാത്കരിച്ചു വിജയിച്ച ആളാണ് അദ്ദേഹമെന്ന് പറയേണ്ടിവരും. സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ എക്സ്റ്റന്‍ഷനായിരുന്നു ആ സിനിമകളൊക്കെയും, ഗാനകലയെയും കാവ്യകലയെയും ഇത്രമേല്‍ നെഞ്ചേറ്റിയ മറ്റൊരു സംവിധായകന്‍ ഇനി മലയാളത്തിലില്ലല്ലോ എന്നത് ഖേദമുണര്‍ത്തുന്നു.