ഹിന്ദിവാദം ഭിന്നിപ്പിക്കാനും കലാപത്തിനുമുള്ള ആഹ്വാനം

Web Desk
Posted on September 15, 2019, 10:47 pm

നരേന്ദ്രമോഡി സര്‍ക്കാര്‍ മറ്റൊരു വിവാദം കുത്തിപ്പൊക്കിയിരിക്കുന്നു. ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ എന്നെ വിസ്മരിച്ച ഹിന്ദിവാദമാണ് ഇത്തവണ ആയുധമാക്കിയിരിക്കുന്നത്. ദേശീയ ഹിന്ദി ദിവസാചരണത്തിന്റെ ഭാഗമായാണ് മോഡി സര്‍ക്കാരിലെ സര്‍വശക്തനായ ആഭ്യന്തര മന്ത്രി അമിത്ഷാ ‘ഒരു രാഷ്ട്രം, ഒരു ഭാഷ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരിക്കുന്നത്. നരേന്ദ്രമോഡിയും അമിത്ഷായും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. മോഡി എന്ത് ചിന്തിക്കുന്നുവൊ അത് പ്രാവര്‍ത്തികമാക്കുക എന്നതാണ് ആ കൂട്ടുകെട്ടിന്റെ പൊരുത്തം. ഏത് കുത്സിത പദ്ധതികളും കൃത്യതയോടെ നിര്‍വഹിക്കുന്ന ആലിബാബയെയും നാല്‍പത് കള്ളന്‍മാരെയും അലാവുദ്ദീനെയും അത്ഭുത വിളക്കിനെയും ഭൂതത്തേയുമൊക്കെയാണ് മോഡിയും ഭരണവും അമിത്ഷായും പ്രതിനിധാനം ചെയ്യുന്നത്. മോഡിയുടെ സാഹസവൃത്തികള്‍ ഓരോന്നും പ്രതീക്ഷിച്ചതിനെക്കാള്‍ ഉഗ്രതയോടെ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് അമിത്ഷാ. ഇരകളാക്കപ്പെടുന്നതാവട്ടെ ജനങ്ങളും. ജനാധിപത്യ സംവിധാനങ്ങള്‍ക്കും ഭരണഘടനക്കും അഖണ്ഡതക്കും ജനതയുടെ ഐക്യത്തിനും സന്മനോഭാവത്തിനും കനത്ത പ്രഹരമായി മാറുകയാണ് ജമ്മു-കശ്മീര്‍ സാഹസം. അവിടെ അടുത്തൊന്നും സമാധാനമോ അനുഛേദം 370 റദ്ദാക്കും മുമ്പുള്ള അവസ്ഥയൊ തിരിച്ചുപിടിക്കാനാവില്ലെന്ന് വ്യക്തമാണ്. ഇന്ത്യാ-പാക് ബന്ധത്തില്‍ അത് വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയാണ്. രാഷ്ട്ര സമ്പദ്ഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്. സാമ്പത്തിക ദുരിതക്കയത്തിലകപ്പെട്ട ജനങ്ങളുടെ ഐക്യവും ജനകീയ ചെറുത്തുനില്‍പ്പ് വളര്‍ന്നുവരാനുമുള്ള സാധ്യതയെയും നന്നായി തിരിച്ചറിയുന്നത് ഭരണകൂടമാണ്.

ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തിയെടുത്തേ തങ്ങള്‍ക്ക് അധികാരം നിലനിര്‍ത്താനാവൂ എന്ന് മോഡി പ്രഭൃതികള്‍ തിരിച്ചറിയുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ, ആകാശത്തുനിന്നും പൊട്ടിവീണതെന്ന പോലെ, ഒരു രാഷ്ട്രം, ഒരു ഭാഷ എന്ന പുതിയ മുദ്രാവാക്യത്തിന്റെയും തന്ത്രത്തിന്റെയും പ്രഭവകേന്ദ്രം അതാണ്. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്,’ ‘ഒരു രാഷ്ട്രം, ഒരു നികുതി’ തുടങ്ങി ‘ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്’ വരെ എത്തി നില്‍ക്കുന്ന ദേശീയ ഐക്യ നിര്‍മാണ പരമ്പരയിലെ പുതിയ ഇനമാണ് ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന വിധ്വംസക വാദം. ഇന്ത്യയെപോലെ വൈവിധ്യ പൂര്‍ണമായ രാജ്യത്ത് ജനങ്ങള്‍ക്ക് ആകെ സ്വീകാര്യമായ പൊതു ഭാഷ അഭികാമ്യം തന്നെ. അത് രാജ്യത്തെ മറ്റേതെങ്കിലും ഭാഷയുടെയൊ, ജനതയുടെയൊ മേലുള്ള അധീശത്വത്തിനുള്ള ഉപകരണമായിക്കൂട. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഭാഷയെ ഇംഗ്ലീഷിനൊപ്പം ഭാരത സര്‍ക്കാരിന്റെ ഔദേ്യാഗിക ഭാഷയായി അംഗീകരിക്കുമ്പോള്‍ തന്നെ അതിനെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മറ്റ് 21 ഭാഷകള്‍ക്കൊപ്പം മാത്രം പട്ടികയില്‍ ഉള്‍പ്പെടുത്തി നിലനിര്‍ത്തിയത്. ഹിന്ദി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടന്ന എല്ലാ ശ്രമങ്ങള്‍ക്കും കടുത്ത ചെറുത്തുനില്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. 1937 മുതല്‍ 1967 വരെ പഴയ മദ്രാസില്‍ നടന്ന ഹിന്ദി വിരുദ്ധ സമരം രാജ്യത്തിന്റെ ചരിത്രഗതിയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നു പോന്ന വിവേകപൂര്‍ണവും സഹിഷ്ണുവുമായ ഭാഷാ സമീപനം ഹിന്ദിയുടെയും ഇതര ഇന്ത്യന്‍ ഭാഷകളുടെയും വളര്‍ച്ചക്കും വികാസത്തിനും കാരണമായി. ഹിന്ദി പ്രക്ഷോഭം കൊടുമ്പിരികൊണ്ട തമിഴ്‌നാട് പാഠ്യപദ്ധതിക്ക് പുറത്ത് ഏറ്റവും അധികം പേര്‍ ഹിന്ദി പഠിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി മാറുക പോലുമുണ്ടായി. എന്നാല്‍ അത് ആവശ്യത്തില്‍ അധിഷ്ഠിതമായ അനിവാര്യതയില്‍ നിന്നും ഉടലെടുത്ത താല്‍പര്യമാണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം.

ഹിന്ദിയെ ഇന്ത്യന്‍ ജനതയുടെ ഐക്യം ഉറപ്പിക്കാനുള്ള ഉപാധിയായും ഇന്ത്യക്കാരുടെ സ്വത്വപ്രതീകവുമായി കാണാന്‍ നടത്തുന്ന ശ്രമം ദുരുദ്ദേശപരവും ദുരുപദിഷ്ടവുമാണ്. ഇന്ത്യന്‍ സ്വത്വത്തിന്റെ ഉറവിടം നാടുവാഴിത്തത്തില്‍ നിന്നും കോളനിവാഴ്ചയില്‍ നിന്നും ഒരു വിശാല ഭൂപ്രദേശത്തിനും ജനതക്കും സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രീയമാണ്. വൈവിധ്യത്തിലും ബഹുസ്വരതയിലും മാനവികതയിലും നീതിബോധത്തിലും അധിഷ്ഠിതമായ ആ സ്വാതന്ത്ര്യം നിരാകരിക്കലാണ് മോഡി-അമിത്ഷാ കൂട്ടുകെട്ടും പരിവാരങ്ങളും മുന്നോട്ടുവയ്ക്കുന്ന ഹിന്ദിവാദ രാഷ്ട്രീയം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നിരാകരിക്കുകയും ബ്രിട്ടീഷ് കോളനി മേധാവികള്‍ക്ക് വിടുപണി ചെയ്യുകയും മാത്രം പൈതൃകമായുള്ള ഒരു പ്രസ്ഥാനം ആംഗലഭാഷയെ അടിമഭാഷ മാത്രമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. മഹാഭൂരിപക്ഷം ഭാരതീയ ഭാഷകളെയും ക്രമവല്‍ക്കരിക്കുകയും ആധുനീകരിക്കുകയും ചെയ്തതില്‍ ഇംഗ്ലീഷുകാരടക്കം വിദേശികള്‍ക്കുള്ള പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക? ബ്രിട്ടീഷുകാരുടെ തീവണ്ടി മുതല്‍ മോഡിയുടെ അഭിമാന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ വരെയുള്ളവ ആ രാഷ്ട്രങ്ങളുടെ പ്രതിലോമകരമായ ചരിത്ര പാരമ്പര്യത്തിന്റെ പേരില്‍ വേണ്ടെന്ന് വയ്ക്കുമോ? അമിത്ഷായടക്കം പ്രതിലോമ തീവ്ര ഹിന്ദുത്വ ശക്തികള്‍ ഹിന്ദിവാദം ഉയര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കാനും കലാപത്തിലേക്ക് നയിക്കാനുമാണ് ശ്രമിക്കുന്നത്.