Web Desk

കൊച്ചി

December 31, 2020, 9:10 am

‘മോഡി ബേക്കറി‘യിലെ ഹലാല്‍ ബോര്‍ഡ്; നീക്കം ചെയ്യണമെന്ന് ഭീഷണിയുമായി ഹിന്ദു ഐക്യവേദി

Janayugom Online

ഉൽപ്പന്നങ്ങളിൽ നിന്നു ‘ഹലാൽ’ സ്റ്റിക്കർ ഒഴിവാക്കണമെന്നും അല്ലെങ്കിൽ ബഹിഷ്‌കരണവും പ്രക്ഷോഭവും ഉൾപ്പെടെയുള്ളവ സ്ഥാപനങ്ങളിലേക്ക് ഉണ്ടാവുമെന്ന് വ്യാപകരികൾക്ക് ഭീഷണിയുമായി ഹിന്ദു ഐക്യവേദി. എറണാകുളം ജില്ലയിലെ പാറക്കടവ് കുറുമശ്ശേരിയിലെ കുറുമശ്ശേരിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച മോഡി ബേക്കറിക്കെതിരെയാണ് ഭീഷണി. ബേക്കറിയില്‍ പതിപ്പിച്ചിരിക്കുന്ന ഹലാല്‍ ബോര്‍ഡ് നീക്കം ചെയ്തില്ലെങ്കില്‍ പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നാണ് ഹിന്ദു ഐക്യവേദി ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ ആലുവ പാറക്കടവ് പഞ്ചായത്ത് സമിതിയാണ് കത്ത് നൽകിയത്.

സ്ഥാപനത്തില്‍ ഹലാല്‍ എന്ന സ്റ്റിക്കര്‍ പതിപ്പിക്കുകയും അതുവഴി ഹലാല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാണ് എന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേര്‍തിരിവ് അയിത്താചരണവും കുറ്റകരവുമാണ്. അതുകൊണ്ട് ഈ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മേല്‍പ്പറഞ്ഞ ഹലാല്‍ നോട്ടിഫിക്കേഷന്‍ സ്ഥാപനത്തില്‍നിന്നും നീക്കം ചെയ്യണമെന്നാണ് ഹിന്ദു ഐക്യവേദി നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏഴ് ദിവസത്തിനകം ഹലാല്‍ സ്റ്റിക്കര്‍ നീക്കംചെയ്യാത്ത പക്ഷം സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് നീങ്ങാന്‍ ഹിന്ദു ഐക്യവേദിയെ നിര്‍ബന്ധിതരാക്കുമെന്നും നോട്ടീസില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഹിന്ദു ഐക്യവേദിയുടെ പാറക്കടവ് പഞ്ചായത്ത് സമിതിയുടെ ലെറ്റര്‍ ഹെഡ്ഡിലാണ് നോട്ടീസ് അടിച്ചിരിക്കുന്നത്. പ്രസിഡന്റ് അരുൺ അരവിന്ദിന്റെയും ജനറൽ സെക്രട്ടറി ധനേഷ് പ്രഭാകരന്റെയും നമ്പറും നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ , ക്രിസ്തുമസിന് കേരളത്തിലെ ക്രൈസ്തവർ ഹലാൽ മാംസം ബഹിഷ്‌കരിക്കുന്നുവെന്ന് കാണിച്ച് ഒരു വ്യാജവാർത്തയും പുറത്തുവിട്ടിരുന്നു. ഒരു ക്രൈസ്തവ സംഘടനയുടെ പേരിലാണ് വ്യാജ ബഹിഷ്‌കരണ ആഹ്വാനം പുറത്തിറക്കിയത്. ഇത് ഒരു ഇംഗ്ലീഷ് ദിനപത്രം വാർത്തയാക്കുകയും ചെയ്തു. എന്നാൽ, വിഷയം ശ്രദ്ധയിൽപ്പെട്ട ക്രൈസ്തവ സംഘടന തങ്ങളുടെ വെബ്‌സൈറ്റിലീടെ ഇത് വ്യാജവാർത്തയാണെന്നു വ്യക്തമാക്കുകയും ബീഫ് ഉലത്തിയതിന്റെ ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry: hind­hu Aikya ved­hi let­ter to bak­ery owner

You may also like this video: