ഹിന്ദി ഭാഷാവാദം; പ്രതിഷേധം രൂക്ഷം

Web Desk
Posted on September 14, 2019, 11:15 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബഹുഭാഷാ രാഷ്ട്രമായ ഇന്ത്യയുടെമേല്‍ ദേശീയ ഭാഷയായി ഹിന്ദിയെ അടിച്ചേല്‍പ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയ ഹിന്ദി ദിവസ് ആചരണത്തിന്റെ ഭാഗമായി ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ‘ഒരു രാഷ്ട്രം ഒരു ഭാഷ’ എന്ന ആശയം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ മുന്നോട്ടുവച്ചത്. അമിത് ഷായുടെ പ്രഖ്യാപനം രാഷ്ട്രീയവൃത്തങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
2019ലെ നവവിദ്യാഭ്യാസ നയത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ട ‘ത്രിഭാഷാ പദ്ധതി‘യെ ഒഴിവാക്കി ‘ദ്വിഭാഷാ പദ്ധതി’ കുത്തിതിരുകിയതിന്റെ ചുവടുപിടിച്ചാണ് ഹിന്ദി രാജ്യത്തെ പ്രഥമ ഭാഷയാക്കി മാറ്റാനുള്ള ശ്രമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അമിത് ഷായുടെ പ്രഖ്യാപനം തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷപ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ഈ നീക്കത്തെ ഒരു പ്രസ്താവനയില്‍ നിശിതമായി വിമര്‍ശിച്ചു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് വിലയിരുത്തി. എല്ലാ ഭാഷകളെയും ഒരുപോലെ ബഹുമാനിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അമിത് ഷായെ ഓര്‍മ്മിപ്പിച്ചു. എല്ലാ ഭാഷകളും വളരണം, എന്നാല്‍ മാതൃഭാഷയെ മറക്കാനാവില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
വേണ്ടിവന്നാല്‍ ഭാഷാ സമരത്തിന് തയ്യാറാണെന്നായിരുന്നു ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ പ്രതികരണം. അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാര വൈവിധ്യത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. ഹിന്ദിയേക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വത്തിനെക്കാളും വലുതാണ് ഇന്ത്യയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.
ഇന്ത്യ രാജ്യഭാഷയെന്ന പദവി ഒരു ഭാഷയ്ക്കും നല്‍കിയിട്ടില്ല. നിലവില്‍ ഹിന്ദി ഔദ്യോഗികഭാഷയും ഇംഗ്ലീഷ് ഔദ്യോഗിക ഉപഭാഷയുമായാണ് ദേശീയതലത്തില്‍ ഉപയോഗിച്ചുവരുന്നത്. മലയാളമടക്കം 22 ഭാഷകളെ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.