ഹിന്ദി നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ പിന്‍വലിക്കണം: സിപിഐ

ന്യൂഡല്‍ഹി: ബിരുദത്തിന് താഴെയുള്ള എല്ലാ കോഴ്സുകള്‍ക്കും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കിയുള്ള യുജിസി സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഹിന്ദി നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്നാക്കം പോയെങ്കിലും യുജിസിയുടെ പുതിയ സര്‍ക്കുലറിലൂടെ ഇത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. രാജാവിനെക്കാള്‍ രാജഭക്തികാണിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ യുജിസി സ്വീകരിക്കുന്നത്.
യുജിസിയുടെ പുതിയ സര്‍ക്കുലര്‍ വിവിധ ഭാഷാ വിഭാഗങ്ങള്‍ക്കിടയില്‍ അസന്തുഷ്ടി സൃഷ്ടിക്കും. ഭാഷ, സംസ്കാരം എന്നിവയുടെ കാര്യത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്ത് ഒരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കും. രാജ്യത്ത് ആകെയുള്ള 29 സംസ്ഥാനങ്ങളില്‍ പത്തിടത്ത് മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് തനതായ ഭാഷകളുണ്ട്.
ഇന്ത്യ ഒരു ബഹുഭാഷാ രാജ്യമാണ്. ഭാഷാ അധ്യാപനത്തിന്റെ കാര്യത്തില്‍ അഭിപ്രായ ഐക്യവും സ്വീകാര്യതയുമുള്ള നയം ഉണ്ടാകണം. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജനവിഭാഗങ്ങളും യുജിസി ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാരിന്റെ മേല്‍ ചെലുത്തണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.