ഹിന്ദി പഠിപ്പിക്കും സാറെന്നു കേൾക്കുമ്പോൾ…

Web Desk
Posted on October 15, 2019, 8:47 pm
kureeppuzha

ഹിന്ദി വിരോധം ആർക്കാണ്? അത് നിരാലയും മുക്തിബോധും കേദാർനാഥ് സിങ്ങും അരുൺ കമലും മുൻഷി പ്രേംചന്ദും മുൽക്കുരാജ് ആനന്ദും ഭീഷ്മ സാഹ്നയും ഒക്കെ എഴുതിയ ഭാഷയാണ്. നല്ല കഥകളും കവിതകളും സിനിമാപ്പാട്ടുകളും ഉള്ളഭാഷ. ആ ഭാഷയോട് ആർക്കും ഒരു വിരോധവും ഇല്ല. ഇംഗ്ലീഷിനോട് ഒരു വിരോധവും ഇല്ലാത്തതു പോലെ.
ദേശീയസ്വാതന്ത്ര്യ സമരകാലത്ത് സഖാവ് കൃഷ്ണപിള്ള പോലും ഹിന്ദി പഠിപ്പിക്കാൻ താൽപ്പര്യം കാണിച്ചു. ചങ്ങമ്പുഴ ഒരു സ്വകാര്യകവിതയിൽ ഹിന്ദി പഠിപ്പിക്കുന്ന മാഷിനോടുള്ള വിദ്യാർഥിനിയുടെ താൽപ്പര്യം പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി പഠിപ്പിക്കും സാറെന്നും കേൾക്കുമ്പോൾ ഇന്ദുമതിയുടെ പാരവശ്യം എന്നാണു ചങ്ങമ്പുഴ എഴുതിയത്.
ഡൽഹി വഴി സഞ്ചരിച്ചിട്ടുള്ള എല്ലാ മലയാളികളും പിന്നീട് എന്തു പറ‍ഞ്ഞാലും ‘അച്ഛേ’ എന്ന് മന്ത്രം പോലെ ഉരുവിടാറുമുണ്ട്. ദീർഘകാലം ഇന്ദ്രപ്രസ്ഥത്തിൽ കഴിഞ്ഞിട്ടും ‘അച്ഛേ’ എന്ന് അറിയാതെ പോലും പറയാത്ത ഒ വി വിജയനെ പോലുള്ള എഴുത്തുകാരും ഉണ്ട്.
പ്രശ്നം ഭാഷാവിരോധമേയല്ല. പിന്നെയോ ഒരു ഭാഷ പൊതുസമൂഹത്തെ അടിച്ചേൽപ്പിക്കാനുള്ള കുടിലതന്ത്രത്തോടുള്ള വിയോജിപ്പ് മാത്രം. അധികാരിക്ക് പ്രജകളുടെ ഭാഷ അറിയില്ലെങ്കിൽ അധികാരിക്ക് അറിയാവുന്ന ഭാഷ പ്രജകൾപഠിക്കണമെന്നുള്ള ധാർഷ്ട്യത്തോടുളള എതിർപ്പു മാത്രം. അത് കേവലം ഒരു ഭാഷാപ്രശ്നമല്ല. സ്വാഭിമാനത്തിന്റെ അഗ്നിവിഷയമാണ്. ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നത് അപഹാസ്യമായ ഒരു വാദമാണ്. ഭാഷാപരമായ വൈവിധ്യം ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതയാണ്.
ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളെ കൂടാതെ ലിപിയുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിനു ഭാഷകളുള്ള ഉപഭൂഖണ്ഡമാണ് ഇന്ത്യ. മലയാളനാട്ടിലെ ഗോത്രഭാഷകളിൽ, മലയാളം ലിപി ഉപയോഗിച്ചു കവിതയെഴുതുന്നവർ ഇപ്പോൾ ധാരാളമായി ഉണ്ട്. അവരടക്കം ഇന്ത്യയിലെ ഗോത്രഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെ അഭിമാനത്തെ കേന്ദ്രസർക്കാർ മാനിക്കേണ്ടതായിട്ടുണ്ട്.
ഭൂരിപക്ഷത്തിന്റെ സംസാരഭാഷ എന്ന പുകമറ സൃഷ്ടിച്ചു ഭരണാധികാരികൾ താലോലിക്കുന്ന ഒരു ഭാഷയായ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് മിതമായ ഭാഷയിൽ ജനാധിപത്യ വിരുദ്ധമാണ്. തമിഴ് നാട്ടിലെ മുന്‍ മുഖ്യമന്ത്രി സി എൻ അണ്ണാദുരെ ഇതിനു നൽകിയ മറുപടി ഇന്നും പ്രസക്തമാണ്. ഇന്ത്യയുടെ ദേശീയ മൃഗം കടുവ ആണല്ലോ. (കടുവയുടെ തമിഴ് പുലിയെന്നാണ്. വിടുതലൈ പുലികളുടെ പരിഭാഷ ലിബറേഷൻ ടൈഗേഴ്സ് എന്നാണല്ലോ.) കടുവ, മൃഗങ്ങളുടെ കൂട്ടത്തിൽ ന്യൂനപക്ഷമാണ്. ഭൂരിപക്ഷം വരുന്ന ജീവി എലിയാണ്. കടുവയ്ക്കു പകരം എലിയെ ദേശീയ മൃഗമാക്കുമോ എന്നാണു അദ്ദേഹം ചോദിച്ചത്. തമിഴ്‍നാട്ടില്‍ ഹിന്ദിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തി. സ്കൂളുകളിൽ നിന്നും ഹിന്ദിയെ തുരിത്തി. ഇന്ത്യയിലെ എല്ലാ റേഡിയോ സ്റ്റേഷനുകളും ആകാശവാണി എന്നുപയോഗിക്കുംമ്പോൾ തമിഴ് ജനത വാനൊലിനിലയം എന്നുപയോഗിച്ചു.
കേരളീയരുടെ സ്ഥിതി അതല്ല. ഇവിടെ ഹിന്ദി പഠിപ്പിക്കുന്നുണ്ട്. സ്കൂളിൽ പോയവർക്കെല്ലാം ഹിന്ദി വായിക്കാനറിയാം. സ്കൂളിൽ പോകാത്തവർ കേരളത്തിൽ ഇല്ലാതാനും. എന്നാൽ ഹിന്ദിയിൽ എഴുത്തുകുത്തുകൾ നടത്താനുള്ള കഴിവ് നമുക്കില്ല. അതിന്റെ ആവശ്യവും ഇല്ല.
ഒരു ദേശം ഒരു ഭാഷ എന്ന് പറയുന്നവർ സോവിയറ്റ് യൂണിയന്റെ തകർച്ച പാഠമാക്കേണ്ടതാണ്. വിവിധ ചെറുരാജ്യങ്ങളുടെ ഏകീകൃത രൂപമായിരുന്നു സോവിയറ്റ് യൂണിയൻ. ഒറ്റപ്പത്രം പ്രവ്ദ, ഒറ്റഭാഷ റഷ്യൻ. ഓരോ ചെറുരാജ്യവും അവരുടെ ഭാഷയും സംസ്ക്കാരവും സംരക്ഷിച്ചുകൊണ്ട് പുറത്തുപോയി. ഭാഷാപരമായ കടുംപിടുത്തം തുടങ്ങിയാൽ പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റുമൊക്കെ ഇന്ത്യയിലും ചർച്ച ചെയ്യപ്പെട്ടേക്കാം.

ഇപ്പോൾ തന്നെ നാഗാകലാപകാരികൾ പറയുന്നത് അവർക്ക് പ്രത്യേക ഭരണഘടനയും പതാകയും വേണമെന്നാണ്. തമിഴ്‍നാടിനും കർണ്ണാടകത്തിനും പ്രത്യേക സംസ്ഥാന ഗീതങ്ങൾ ഉണ്ട്. കർണ്ണാടകത്തിനു ചുവപ്പും മഞ്ഞയും നിറമുള്ള പതാകയും ഉണ്ട്. കൂടുതൽ കുഴപ്പങ്ങൾക്ക് വഴി വയ്ക്കാനേ ഭാഷാധിപത്യഭ്രാന്ത് ഉപകരിക്കൂ.
നമ്മുടെ ദേശീയഗാനം മിക്ക പ്രവിശ്യകളെയും സ്പർശിക്കുന്നതാണ്. അത് ഹിന്ദിഗാനവുമല്ല. കർണാടകത്തിലെ ബിജെപി മുഖ്യമന്ത്രി തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഹിന്ദിവാദം തള്ളിക്കളഞ്ഞിരിക്കുകയാണ്.

സൂക്ഷ്മതയും ശ്രദ്ധയുമുള്ള, സജീവമായി പ്രവർത്തിക്കുന്ന പരിഭാഷാവകുപ്പുകൾ ഉണ്ടെങ്കിൽ പ്രശ്നം ലളിതമായി പരിഹരിക്കാവുന്നതല്ലേയുള്ളൂ. അതിനു പകരം എനിക്കറിയാവുന്ന ഭാഷ നിങ്ങളെല്ലാം പഠിക്കണം എന്നു നിർബ്ബന്ധിക്കുന്നത് ശരിയല്ല.
നോക്കൂ. കേരളത്തിന്റെ നവോത്ഥാനനായകരാരും തന്നെ ഹിന്ദിയോ ഇംഗ്ലീഷോ അറിയാവുന്നവർ ആയിരുന്നില്ല. അതുകൊണ്ട് കേരളത്തിന് ഒരു കുഴപ്പവും സംഭവിച്ചില്ല. ഭാഷാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മിതമായ ആവശ്യം അവരുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കണം എന്നുള്ളതാണ്.
ശക്തമായ ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്നു പഴയ കോൺഗ്രസ് സർക്കാർ വടക്കോട്ട് എടുത്തെറിഞ്ഞ പഴങ്കഞ്ഞിയാണ് ഇപ്പോൾ വിളമ്പാൻ ശ്രമിക്കുന്ന ഹിന്ദിവിഭവം.