Web Desk

മുക്കം

January 30, 2020, 8:01 pm

മതത്തിന്റെ പേരിൽ മനുഷ്യരെ പുറത്താക്കുന്നത് ഹൈന്ദവ വിരുദ്ധം: ഉപവാസവുമായി ഹിന്ദു ധർമ സംരക്ഷണ സമിതി

Janayugom Online

ഇന്ത്യയെ മതപരമായി വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരവുമായി ഹിന്ദു ധർമ സംരക്ഷണ സമിതി. ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ സമിതിയുടെ നേതൃത്വത്തിൽ മുക്കത്ത് ഉപവാസവും ബഹുസ്വര സംഗമവും സംഘടിപ്പിക്കുമെന്ന് ചെയർമാൻ കപ്യേടത്ത് ചന്ദ്രൻ, കൺവീനർ ടി കെ ഗോപി എന്നിവർ അറിയിച്ചു. ഭാരതീയ സംസ്കാരത്തിന്റെ ജീവാത്മാവായ നാനാത്വത്തിൽ ഏകത്വമെന്ന ദർശനത്തെ നിരാകരിക്കുന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി. വർഷങ്ങളായി ജാതി, മത, ഭാഷ, സംസ്കാര വ്യത്യാസമില്ലാതെ മനുഷ്യരെ സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളത്.

ഈശ്വരനെയും പ്രപഞ്ചത്തെയും മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങളെയും ഒന്നാണെന്ന് പഠിപ്പിക്കുന്ന അദ്വൈത സിദ്ധാന്ത പ്രകാരം ഹൈന്ദവന് എല്ലാ മതസ്ഥരും ആത്മ സഹോദരന്മാരാണ്. ഇതുപ്രകാരം മതത്തിന്റെ പേരിൽ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. അതിനാൽ പൗരത്വം നൽകുന്നതിന് മനുഷ്യന്റെ മതം മാനദണ്ഡമാക്കുന്നതും മതത്തിന്റെ പേരിൽ മനുഷ്യരെ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണ്. ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം സഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത വിധം ശക്തമായ സാമൂഹിക ബന്ധം നിലനിർത്തി വരുന്നവരാണ്. ഈ സൗഹൃദത്തിനും പരസ്പര സഹായത്തിനും പോറൽ ഏൽപ്പിക്കാൻ ആരെയും അനുവദിക്കുകയില്ലെന്നും ജനങ്ങളിൽ മതപരമായ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായതുമായ പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും പൂർണമായി ഉപേക്ഷിക്കണമെന്നും ഹിന്ദുധർമ സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Hin­du Dhar­ma Sam­rak­shana samithi con­tect protest against caa

You may also like this video