ഗോവ ലോ കോളജ് അധ്യാപികയെ നിരന്തരം വേട്ടയാടി ഹിന്ദു സംഘടനകൾ. മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് എബിവിപി സംഘടന അധ്യാപികയ്ക്കെതിരെ കോളജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ പരാതി തള്ളി. ഇതിനു പിന്നാലെയാണ് ഹിന്ദു യുവ വാഹിനി സംഘടന പരാതിയുമായി രംഗത്തെത്തിയത്. ഹിന്ദു യുവ വാഹിനി ഗോവ യൂണിറ്റ് നേതാവ് രാജീവ് ഝായാണ് ഗോവ ലാ കോളജ് രാഷ്ട്രതന്ത്ര വിഭാഗം അസി. പ്രൊഫസര്‍ ശില്പ സിങ്ങിനെതിരെ പരാതി നൽകിയത്. തുടർന്ന് ഇവർക്കെതിരെ ഗോവ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു.
താലിമാലയെ പുരുഷമേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന ചങ്ങലയുമായി താരതമ്യം ചെയ്തു എന്നാരോപിച്ചായിരുന്നു എബിവിപി ശില്പ സിങ്ങിനെതിരെ പരാതി നൽകിയത്. ശില്പ സിങ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. ഈ കുറിപ്പ് ഉദ്ധരിച്ചാണ് ഝാ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അധ്യാപികയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഇതിനെതിരെ അധ്യാപികയും പൊലീസിനെ സമീപിച്ചു. എബിവിപി നൽകിയ പരാതിയിന്മേൽ നടപടിയെടുക്കാനാകില്ലെന്നും അധ്യാപികയെ പുറത്താക്കാനാവില്ലെന്നും കോളജ് നിലപാടെടുത്തത് ഹിന്ദുത്വ സംഘടനകളെ പ്രകോപിച്ചു. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിനെതിരേ യുവവാഹിനി നേതാവ് പൊലീസിനെ സമീപിച്ചത്.
ഝാക്കെതിരെയും അധ്യാപികയ്ക്കെതിരെയും കേസെടുത്തതായി നോര്‍ത്ത് ഗോവ എസ് പി ഉത്കൃഷ്ട് പ്രസൂണ്‍ പറഞ്ഞു. ഭീഷണി (ഐപിസി 506), സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐപിസി 509) എന്നീ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. തനിക്കെതിരെ നടക്കുന്നത് കൂട്ടായ ആക്രമണമാണെന്ന് അധ്യാപിക പരാതിപ്പെട്ടു. അധ്യയനം എന്നാൽ വെറുതെ പാഠഭാഗങ്ങള്‍ പറഞ്ഞുപോകലല്ലെന്നും ഒരു സാമൂഹിക പഠന വിഷയമെന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ പാഠ്യപദ്ധതിയെ വിശകലാത്മകമായി സമീപിക്കാൻ പരിശീലിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. അതിനാവശ്യമായ ഉപാധികള്‍ അവരെ പരിചയപ്പെടുത്തേണ്ടിയും വരും. അതുകൊണ്ടുതന്നെ തന്റെ കടമയാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. ഗോവയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ശില്പയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.
ENGLISH SUMMARY: HINDU EXTREMIST CONSTANTLY HARASSED TEACHER
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.