Monday
18 Feb 2019

ഹിന്ദുജാ ബിസിനസ് സാമ്രാജ്യ തലസ്ഥാനം യുഎഇയിലേക്ക്

By: Web Desk | Monday 10 September 2018 10:15 PM IST

  • സിംഗപ്പൂരിലേക്ക് പോയാലും ലണ്ടനില്‍ നിന്നും തകരുന്ന ഇന്ത്യയിലേക്കില്ല

പ്രത്യേക ലേഖകന്‍

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ഹിന്ദുജ ഗ്രൂപ്പ് തങ്ങളുടെ തലസ്ഥാനം ലണ്ടനില്‍നിന്നും യുഎഇയിലേക്ക് മാറ്റുന്നു. 2.59 ലക്ഷം കോടി രൂപ പ്രതിവര്‍ഷ വരുമാനമുള്ള ഹിന്ദുജ സാമ്രാജ്യത്തിന്റെ തലസ്ഥാന മാറ്റം ഗ്രൂപ്പിന്റെ ഉടമകളും സഹോദരന്മാരുമായ ഗോപിചന്ദ് പി ഹിന്ദുജയും അശോക് പി ഹിന്ദുജയുമാണ് വെളിപ്പെടുത്തിയത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറിയ ബ്രക്‌സിറ്റ് തീരുമാനത്തെത്തുടര്‍ന്ന് അലങ്കോലമായ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ ഭാഗമായി തുടരുന്നത് ദോഷകരമാവുമെന്ന നിഗമനത്തിലാണ് തലസ്ഥാന മാറ്റം. ബിസിനസിന് ഇത്ര അനുയോജ്യമായ മറ്റൊരു സ്ഥാനം ലോകത്തില്ലെന്നാണ് ‘ഗ്രൂപ്പി’ന്റ കോ-ചെയര്‍മാനായ ഗോപിചന്ദിന്റെ അഭിപ്രായം. യുഎഇയിലല്ലെങ്കില്‍ സിംഗപ്പൂരില്‍ പോലുമായാലും ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റുന്നത് അജന്‍ഡയിലില്ലെന്ന് ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കി. യുഎഇക്ക് ഇന്ത്യയുമായി നല്ല ബന്ധമുള്ളതിനാലാണ് തങ്ങള്‍ യുഎഇയിലേക്ക് ആസ്ഥാനം മാറ്റുന്നതും അവിടെ വന്‍നിക്ഷേപത്തിനൊരുങ്ങുന്നതെന്നുമുള്ള ഹിന്ദുജ ഗ്രൂപ്പ് (ഇന്ത്യ)യുടെ ചെയര്‍മാനായ് അശോക് പി ഹിന്ദുജയുടെ വാക്കുകളില്‍ നിന്നും മോഡിഭരണത്തിന്‍കീഴില്‍ ഇന്ത്യന്‍ വ്യവസായസാമ്രാജ്യങ്ങള്‍പോലും ഇന്ത്യയില്‍ രക്ഷയില്ലെന്ന സൂചന വായിച്ചെടുക്കാവുന്നതാണെന്ന് ഇവിടത്തെ ബിസിനസ് വൃത്തങ്ങള്‍ പറയുന്നു.

രാജീവ്ഗാന്ധിയുടെ കാലത്തെ ബൊഫോഴ്‌സ് തോക്കിടപാടില്‍ സോണിയാഗാന്ധിയുടെ ബന്ധുവും ഇറ്റലിക്കാരനുമായ ക്വത്തറോച്ചിയോടൊപ്പം ഹിന്ദുജ സഹോദരന്മാരും ഇടനിലക്കാരെന്ന നിലയില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു. ഇതോടെയാണ് ഹിന്ദുജ ഗ്രൂപ്പ് ലണ്ടനില്‍ ആസ്ഥാനമുറപ്പിച്ചത്. ശാന്തമായ ബിസിനസ് സാഹചര്യമുള്ളതുകൊണ്ടാണ് യുഎഇയിലേക്ക് ചേക്കേറുന്നതെന്ന ഗോപിചന്ദ് ഹിന്ദുജയുടെ വിശദീകരണത്തിനു പിന്നാലെ യുഎഇയിലെ ചില ബാങ്കുകള്‍ സ്വന്തമായി ബാങ്കിങ് ബിസിനസ് വിപുലമാക്കാനുള്ള നീക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോകത്തെ ആദ്യത്തേതും ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളതുമായ പ്രവാസി ബാങ്കായ മൗറിഷ്യസ് ആസ്ഥാനമായ ഇന്‍ഡസ് ഇന്‍ഡ് ഇന്റര്‍ നാഷണല്‍ ഹോള്‍ഡിങ് ബാങ്ക്.
ലോകത്തെ ഏറ്റവും വലിയ ട്രക്ക്-ബസ് നിര്‍മാണക്കമ്പനിയായ അശോക് ലെയ്‌ലന്റ് ഗ്രൂപ്പിന്

ഇപ്പോള്‍ത്തന്നെ ഇന്ത്യയ്ക്ക് പുറമേ യുഎഇയിലെ റാസല്‍ഖൈമയില്‍ ഒരു വന്‍കിട ഫാക്ടറിയുണ്ട്. ഇവിടെത്തന്നെ ഇതിനുപുറമെ പെട്രോകെമിക്കല്‍സ്, ധനകാര്യം, പണമിടപാട് തുടങ്ങി നിരവധി മേഖലകളില്‍ കൂറ്റന്‍ നിക്ഷേപമുള്ള ഹിന്ദുജ ഗ്രൂപ്പിന് വൈവിധ്യവല്‍ക്കരണത്തിനു കൂടിയാണ് യുഎഇ യിലേക്ക് കാലൂന്നുന്നതെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. നക്ഷത്ര ആശുപത്രികള്‍, ഹോട്ടല്‍ ശൃംഖല, വിനോദസഞ്ചാരം, ബാങ്കിങ്, സൈബര്‍സുരക്ഷ, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളിലേക്ക് പടര്‍ന്നുകയറുമെന്നും സൂചനയുണ്ട്. റാസല്‍ഖൈമയിലെ അശോക് ലൈലന്റാണ് ഗള്‍ഫ് രാജ്യങ്ങളിലാകെ സ്‌കൂള്‍ ബസുകളും ട്രക്കുകളും നല്‍കുന്നതില്‍ ഏകദേശം കുത്തകാധിപത്യം സ്ഥാപിച്ചിരിക്കുന്നത്. തലസ്ഥാനമാറ്റത്തോടെ ഹിന്ദുജാ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളിലായി പതിനായിരങ്ങള്‍ക്കു നേരിട്ടും അല്ലാതെയും പണി ലഭിക്കുമെങ്കിലും ഇവരില്‍ എത്ര ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടാവുമെന്ന് കണ്ടുതന്നെ അറിയണം.

Related News