8 February 2025, Saturday
KSFE Galaxy Chits Banner 2

ഹിന്ദുത്വ ഫാസിസത്തെ അറിയാൻ സമഗ്ര പാഠപുസ്തകം

കെ വി പത്മേഷ് 
February 2, 2025 8:15 am

ഹിന്ദുത്വം, ഫാസിസം എന്നീ രണ്ടു വാക്കുകൾ ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായി അലയടിച്ചു തുടങ്ങിയത് 1992ലെ ബാബ്റി മസ്ജിദ് തകർച്ചക്കുശേഷമാണ്. സമൂഹത്തിലെ വളരെ ന്യൂനപക്ഷമായ വായന സമൂഹത്തിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും അപൂർവം ചിലരിലും മാത്രം ആഴത്തിൽ മനസിലാക്കപ്പെട്ട പേരുകളാണിവ. ജനാധിപത്യത്തിനും നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും എത്രത്തോളം ഭീഷണിയാണ് ഈ പദങ്ങളാൽ ആരോപിക്കപ്പെടുന്നവരുടെ അധികാര ലബ്ധി എന്ന് സാധാരണ ജനങ്ങൾക്കോ രാഷ്ട്രീയ പ്രവർത്തകർക്കോ അറിയില്ല. ഈ കാരണങ്ങൾകൊണ്ട് തന്നെ ഈ പദങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണംഎത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല. ഈ വാക്കുകൾ എത്രകാലം ഇന്ത്യൻ തെരഞ്ഞെടുപ്പ് മണ്ഡലത്തിൽ പ്രയോഗിച്ചുവോ അത്രയും അവർ അധികാരത്തിൽ കൂടുതൽ കരുത്തോടെ വരുന്നുവെന്നും ഹിന്ദുത്വം അപകടത്തിലാണെന്നും ഹിന്ദുക്കളെ രക്ഷിക്കാൻ ബിജെപിയും ആർഎസ്എസും മാത്രമേയുള്ളൂവെന്നുമുള്ള പ്രചരണം അടിസ്ഥാന ഹിന്ദുമത വിശ്വാസികളുടെ ഹൃദയത്തിൽ തട്ടുന്നു.
എന്നാൽ അവരുടെ പ്രത്യയ ശാസ്ത്രമാണെങ്കിൽ ഇന്ത്യയിലെ 80 ശതമാനം ഹിന്ദുമത വിശ്വാസികളിൽ 10ശതമാനത്തെ മാത്രം പ്രതിനിധാനം ചെയ്യുകയും അവരുടെ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്നു. 20 ശതമാനം വരുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളുടെ താൽപര്യം മാത്രമല്ല ഹിന്ദുമതത്തിലെ 90 ശതമാനത്തിന്റെ അവകാശങ്ങൾ കൂടിയാണ് ഹിന്ദുത്വ വിരുദ്ധർ ലക്ഷ്യംവെക്കുന്നത് എന്നത് തമസ്കരിക്കപ്പെടുന്നു. കൂടുതൽ ഊന്നിപറഞ്ഞാൽ ന്യൂനപക്ഷ താൽപര്യത്തേക്കാൾ അടിസ്ഥാന ജനവിഭാഗത്തെയാണ് മതനിരപേക്ഷശക്തികൾ ലക്ഷ്യംവയ്ക്കുന്നത്. അത് മനസിലാകണമെങ്കിൽ ഹിന്ദുത്വത്തെക്കുറിച്ച്, അതിന്റെ ചരിത്രത്തെ ക്കുറിച്ച്, അതിന്റെ വ്യാജ നിർമിതിയെക്കുറിച്ച് സാധാരണക്കാരന് മനസിലാകണം. അതിനു പര്യപ്തമായ പാഠപുസ്തകത്തിന്റെ അഭാവം പരിഹരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അവതാരികയോടെ പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഇന്ത്യ സ്വസ്തികയുടെ നിഴലിൽ എന്ന പുസ്തകം. 

ഹിന്ദുത്വം അതിന്റെ ഉത്ഭവത്തിൽ തുടങ്ങി വികാസത്തിലുടെ അധികാരത്തിലെത്തിയത്തിന്റെ രാഷ്ട്രീയ പരിണാമം ഈ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. സവർണ താൽപര്യമാണ് ആർഎസ്എസ് സംരക്ഷിക്കുന്നത് എന്ന പതിവു രാഷ്ട്രീയവാദങ്ങളെ ചരിത്രത്തിന്റെ രേഖകൾ ഉപയോഗിച്ച് അടിസ്ഥാനപ്പെടുത്തുകയാണിവിടെ. മറാത്തയിൽ അധികാരം നഷ്ടപ്പെട്ട ചിത്പാവൻ വംശീയ ബ്രാഹ്മണർ മറാത്തലെ ബ്രാഹ്മണ ദേശീയ രാഷ്ട്രമായി തിരിച്ചുപിടിക്കാൻനടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് മുസ്‍ലിങ്ങളെയും ദളിതരെയും നേരിടാൻ ഗുണ്ടാസംഘം രൂപീകരിക്കുന്നത്. ആ ഗുണ്ടാസംഘമാണ് ആർഎസ്എസ് എന്ന് ആർഎസ്എസിന്റെ പുസ്തകങ്ങൾ ഉപയോഗിച്ച് അത്ഭുതകരമായി സമർഥിക്കുന്നു. 

ദേശീയ പ്രസ്ഥാനത്തെ ഉപേക്ഷിച്ചുണ്ടാക്കിയ ആർഎസ്എസ് പിന്നിട് മുസോളിനിയുമായി ചേർന്ന് ഫാസിസത്തെ ആവേശിക്കുന്നതിന്റെ രേഖകൾ ഇവിടെ ഹാജരാക്കപ്പെടുന്നു. നിസഹകരണ പ്രസ്ഥാനം, സിവിൽ നിയമ ലംഘന പ്രസ്ഥാനം, ക്വിറ്റിന്ത്യ പ്രസ്ഥാനം എന്നിവ​യെ ഒറ്റുകൊടുത്ത ആർഎസ്എസ്, ഹിന്ദുമഹാസഭ എന്നിവ ബ്രിട്ടീഷുകാരമായി ചേർന്ന് ദേശീയ പ്രസ്ഥാനത്തെ ഒറ്റിയതും വാജ്പേയി മാപ്പ് എഴുതി കൊടുത്തതും വിശദമായി പ്രതിപാദിക്കുന്നു. 1992ൽ മാത്രം ഇന്ത്യൻ ജനത അനുഭവിച്ചു തുടങ്ങിയ ഹിന്ദുത്വ ഫാഷിസം 1930കളിൽ വേരൂന്നിയതിന്റെ ചരിത്രം ഈപുസ്തകത്തിൽ വിവരിക്കുന്നു. അവതാരികയിൽ ബിനോയ് വിശ്വം പറയുന്നതുപോലെ നമ്മുടെ നാടിന്റെ ഭാവിയെ കുറിച്ച് നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിക്കാനും ഉത്തരം കണ്ടെത്താനുമുള്ള അന്വേഷണത്തിെന്റെ ഫലമാണ് ‘ഇന്ത്യ: സ്വസ്തികയുടെ നിഴലിൽ’ പുസ്തകം. ‘ഹിന്ദുത്വ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ യഥാർഥ ഉള്ളുകള്ളികളെക്കുറിച്ച് രവീന്ദ്രൻ രാവണേശ്വരം വായനക്കാരെ അറിയിക്കുന്നുണ്ട്. കേവലമായ അറിയിക്കലുകൾക്കപ്പുറം അനിവാര്യമായി ഉണ്ടാകേണ്ടുന്ന ജാഗ്രതപ്പെടുത്തലാണ് ഈപുസ്തം.
മതനിരപേക്ഷതയും മതരാഷ്ട്രവാദവും തമ്മിലുള്ള സംഘർഷത്തിൽ താൻ നിലകൊള്ളേണ്ടുന്ന ചേരിയെക്കുറിച്ച് ഇളകാത്ത കാഴ്ചപ്പാടുള്ള അഭിമാനിയായ ഇന്ത്യക്കാരന്റെ ശബ്ദം നിങ്ങൾക്ക് ഈ പുസ്തകത്തിൽ കേൾക്കാനാകും. മതേതരത്വം ജീവിച്ചാൽ ഇന്ത്യക്കാർ മരിക്കില്ലെന്നും മതേതരത്വം മരിച്ചാൽ ഇന്ത്യക്കാർ മരിക്കുമെന്നുമുള്ള നെഹ്റുവിന്റെ പ്രസ്താവനയിലെ സത്യം മറ്റേത് കാലത്തേക്കാളും കൂടുതൽ ഇന്ത്യക്ക് ബോധ്യമാകേണ്ട ചരിത്രഘട്ടമാണിത്. അത്തരമൊരു ജീവിതാവസ്ഥയോട് പ്രത്യയശാസ്ത്ര കാഴ്ചപ്പാടും ചരിത്രബോധവുമുള്ള പരിണിതപ്രജ്ഞനായ ഒരു മാധ്യമപ്രവർത്തകന്റെ സർഗാത്മകമായ പ്രതികരണമെന്ന് ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. 

ഇന്ത്യ സ്വസ്തികയുടെ നിഴലിൽ
(പഠനം)
രവീന്ദ്രൻ രാവണേശ്വരന്‍
പ്രഭാത് ബുക്ഹൗസ്
വില: 700 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.