September 26, 2022 Monday

യുപിയില്‍ ഹിന്ദുത്വ ഫാസിസം മറനീക്കി അഴിഞ്ഞാടുന്നു

Janayugom Webdesk
September 16, 2020 4:57 am

രാജ്യത്ത് ജനസംഖ്യയിലും ജനപ്രാതിനിധ്യത്തിലും ഭൂവിസ്തൃതിയിലും വിഭവശേഷിയിലും ഒന്നാംസ്ഥാനം അലങ്കരിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ആ സംസ്ഥാനത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ സവിശേഷതകളും സമാനതകള്‍ ഇല്ലാത്തതാണ്. പക്ഷെ സമീപകാലത്തായി അവിടെനിന്നും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആരെയും അമ്പരിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നവയുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം വാരണാസി ഉള്‍ക്കൊള്ളുന്ന യുപി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് പരീക്ഷണശാലയായി മാറിയിരിക്കുന്നു.

ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനും അംഗീകരിക്കാനാവാത്ത അത്യന്തം പ്രാകൃതമായ ഭരണനയങ്ങള്‍ ഉത്തര്‍പ്രദേശിനെ ഒരു മധ്യകാല കിരാതസമൂഹമാക്കിയിരിക്കുന്നു. നിയമവാഴ്ചക്കും മനുഷ്യാവകാശങ്ങള്‍ക്കും തെല്ലും സ്ഥാനമില്ലാത്ത അവിടെ സാമൂഹിക അരാജകത്വവും ഭരണകൂട ഭീകരതയും കെെകോര്‍ത്ത് ജനജീവിതം ദുസ്സഹവും ദാരുണവുമായി മാറ്റപ്പെട്ടിരിക്കുന്നു. ഭരണകൂട ഒത്താശയോടെ അരങ്ങുതകര്‍ക്കുന്ന വര്‍ഗീയ ഫാസിസം ദളിതര്‍, ആദിവാസികള്‍, മതന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി ജീവിക്കാനുള്ള എല്ലാ അവസരങ്ങളും നിഷേധിക്കുന്നു.

അവര്‍ സ്വതന്ത്രപരമാധികാര ഇന്ത്യയില്‍ രണ്ടാംകിട പൗരന്മാരായി മാറ്റപ്പെട്ടിരിക്കുന്നു. ജാതിവ്യവസ്ഥയുടെ അന്തര്‍ധാരയായി എക്കാലവും വര്‍ത്തിച്ചുപോന്ന പുരുഷാധിപത്യത്തിന്റെ അഴിഞ്ഞാട്ടം ക്രൂരബലാല്‍സംഗങ്ങളും ലെെംഗിക കൊലപാതകങ്ങളും ആ സമൂഹത്തില്‍ നിത്യസംഭവങ്ങളാക്കിയിരിക്കുന്നു. ‘കുറ്റകൃത്യങ്ങള്‍ക്കെതിരായ യുദ്ധ’ത്തിന്റെ പേരില്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്ത് എല്ലാ മനുഷ്യാവകാശങ്ങളെയും കാറ്റില്‍പറത്തി പൊലീസ് നടത്തുന്ന അരുംകൊലകള്‍ക്ക് ഭരണകൂടം കുടപിടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ അത്തരം നൂറില്‍പരം കൊലപാതകങ്ങളാണ് അരങ്ങേറിയത്. 5178 പൊലീസ് ഏറ്റുമുട്ടലുകളിലായി 1859 പേര്‍ ജീവച്ഛവങ്ങളായി മാറിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും പിന്നിടുമ്പോള്‍ കൂടുതല്‍ ഭീകര നിയമങ്ങളും അവ നടപ്പാക്കാനുതകുന്ന പ്രാകൃത പൊലീസ് സംവിധാനങ്ങളും നിലവില്‍ വരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അത്തരത്തില്‍ ഒരു പൊലീസ് സേനയുടെ രൂപീകരണം പ്രഖ്യാപിക്കുകയുണ്ടായി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതി എന്ന പേരില്‍ പ്രഖ്യാപിതമായ പുതിയ പൊലീസ് സേനയുടെ രൂപീകരണം അലഹബാദ് ഹെെക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണത്രെ. ബിജ്നോര്‍ കോടതിയില്‍ ഉണ്ടായ ഒരു വെടിവയ്പിന്റെ പേരില്‍ ഹെെക്കോടതി യുപി ഗവണ്‍മെന്റിനെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഉത്തര്‍പ്രദേശ് പൊലീസിന്റെ കഴിവുകേടിനെയാണ് കോടതി വിമര്‍ശിച്ചത്.

കോടതികള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും ഹെെക്കോടതി നിര്‍ദേശിച്ചു. അതാണത്രെ യാതൊരു വാറന്റും കൂടാതെ തിരച്ചില്‍ നടത്താനും മജിസ്ട്രേറ്റിന്റെ ഉത്തരവുകൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും അധികാരമുള്ള പ്രത്യേക പൊലീസ് സംവിധാനത്തിന് പ്രേരകമായത്. മതിയായ പ്രൊഫഷനിലിസമില്ലാത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശനവിധേയമായ യുപി പൊലീസിനെ യൂണിഫോം ധരിച്ച നിയമലംഘകരും കൊലയാളി സംഘങ്ങളുമാക്കി മാറ്റുന്നതിനുള്ള മറ്റൊരു കാല്‍വയ്പിനാണ് ആദിത്യനാഥ് മുതിര്‍ന്നിരിക്കുന്നത്. യുപി പൊലീസ് സേന എക്കാലത്തും അവരുടെ വര്‍ഗീയവും ജാതീയവുമായ പക്ഷപാതത്തിന് കുപ്രസിദ്ധമാണ്.

പ്രൊവന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി (പിഎസി) പോലെയുള്ള സായുധ പൊലീസ് സേനയാകട്ടെ കലാപമുഖങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിത് ആദിവാസി ജനവിഭാഗങ്ങള്‍ക്കും എതിരെ വര്‍ഗീയ ശക്തികള്‍ക്ക് ഒപ്പം അണിചേര്‍ന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നിരത്താനാവും. ഇപ്പോള്‍ യുപി പൊലീസിന് മുഖ്യമന്ത്രി ആദിത്യനാഥ് നല്‍കിയിരിക്കുന്ന നിര്‍ദേശം മുസ്‌ലിം ഹിന്ദു മതേതര വിവാഹങ്ങള്‍ എല്ലാം അന്വേഷണ വിധേയമാക്കാനാണ്. ലൗജിഹാദിന്റെ പേരില്‍ നടക്കുന്ന അത്തരം അന്വേഷണങ്ങള്‍ ഭരണഘടനയ്ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നു മാത്രമല്ല അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിതെളിക്കുമെന്ന ആശങ്കയും ശക്തമാണ്.

പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും മാത്രമല്ല എല്ലാത്തരം ഭരണഘടനാ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി അസ്ഥിരീകരിക്കുകയും ദുരുപയോഗം ചെയ്യുകയുമെന്നത് മോഡി ഭരണകൂടത്തിന്റെ പ്രഖ്യാപിത അജണ്ടയാണ്. ഉത്തര്‍പ്രദേശിനെ ഹിന്ദുത്വ ഫാസിസ്റ്റ് പരീക്ഷണശാലയാക്കി മാറ്റാനാണ് ആദിത്യനാഥിനു കീഴില്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നിരകളിലെ അനെെക്യവും ഇടതുപക്ഷ പുരോഗമനശക്തികളുടെ ദൗര്‍ബല്യവും സംഘപരിവാര്‍ അജണ്ടക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിനല്‍കുന്നു. ഭരണഘടനയ്ക്കും ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും നിരക്കാത്ത അത്തരം ഫാസിസ്റ്റ് കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ വിപുലമായ പ്രതിപക്ഷ പ്രവര്‍ത്തന ഏകോപനം അനിവാര്യമായിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.