Web Desk

കോഴിക്കോട്

August 01, 2021, 10:07 pm

ടെക്നീഷ്യന്മാരുടെ നിയമനം വൈകുന്നു; കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകൾ നോക്കുകുത്തികളാകുന്നു

Janayugom Online

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലാബ് ടെക്നീഷ്യന്മാരുടെ നിയമനം വൈകുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തിരിച്ചടിയാകുന്നു.

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ആർടിപിസിആർ ടെസ്റ്റുകളും ആന്റിജൻ ടെസ്റ്റുകളും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോൾ ആരോഗ്യ കേന്ദ്രങ്ങളിൽ ടെക്നീഷ്യന്മാർ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലാബ് ടെക്നീഷ്യൻമാരുടെ സ്ഥിരം നിയമനത്തിന് ആവശ്യമായ തസ്തിക ഒരുക്കാത്തതാണ് പ്രശ്നം. പകരം ആശുപത്രി വികസന സമിതികൾ താൽക്കാലികമായി ടെക്നീഷ്യന്മാരെ നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന പലരും മറ്റു ജോലികൾ കിട്ടിയാൽ താൽക്കാലിക ജോലി ഉപേക്ഷിക്കും. ഇതോടെ ടെക്നീഷ്യന്മാർ ഇല്ലാതെ ലാബുകൾ നോക്കുകുത്തി ആകുന്ന അവസ്ഥയാണുള്ളത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ലാബുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്തെ മുന്നൂറിൽ പരം വരുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഭൂരിഭാഗത്തിലും ലാബ് ടെക്നീഷ്യന്മാരില്ല.

കോഴിക്കോട് ജില്ലയിൽ അഴിയൂർ, ചോറോട്, മണിയൂർ, പുറമേരി, വേളം, കുണ്ടുതോട്, തൂണേരി, പെരുവണ്ണാമുഴി, ചങ്ങരോത്ത്, കൂരാച്ചുണ്ട്, കായണ്ണ, അത്തോളി, പനങ്ങാട്, കക്കയം, നടുവണ്ണൂർ, വയലട, എരമംഗലം, ചൂലൂർ, പെരുവയൽ, കിഴക്കോത്ത്, മാവൂർ, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, തിരുവമ്പാടി, കാക്കൂർ, കുരുവട്ടൂർ, കൊളത്തൂർ, ചാലിയം, നല്ലളം, എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലാബ് ടെക്നീഷ്യന്മാരെ നിയമിച്ചിട്ടില്ല.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പലയിടത്തും ഇല്ല. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ താലൂക്ക് ആശുപത്രികളിലുമായി 1445 ലാബ് ടെക്നീഷ്യൻമാർ മാത്രമാണുള്ളത്. പുതുതായി 1200 തസ്തിക സൃഷ്ടിക്കാൻ തീരുമാനമായെങ്കിലും ഒന്നും നടന്നില്ല. ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി സ്ഥാപിച്ചെങ്കിലും ടെക്നീഷ്യന്മാർ ഇല്ലാത്തതിനാൽ വെറുതെ കിടക്കുകയാണ്.

Eng­lish Sum­ma­ry: Hir­ing of tech­ni­cians delayed; The labs at the Fam­i­ly Health Cen­ters are become unused

You may like this video also