മറ്റൊരാളുടെ ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ടതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ, ഭർത്താവും പ്രതിയുമായ കുഞ്ഞുമോൻ്റെ മൊഴി പുറത്ത്. കറുത്ത ചരട് കഴുത്തിൽ മുറുക്കിയാണ് ദിവ്യയെ കൊലപ്പെടുത്തിയതെന്ന് കുഞ്ഞുമോൻ വെളിപ്പെടുത്തി. തെളിവെടുപ്പിനിടെ തൊട്ടടുത്ത കുളത്തിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കറുത്ത ചരട് പൊലീസ് കണ്ടെടുത്തു.
പീച്ചി കണ്ണാറ സ്വദേശി തെങ്ങലാൻ വീട്ടിൽ കുഞ്ഞുമോനെ വരന്തരപ്പിള്ളി ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടിൽ ദിവ്യയാണ്(35) കൊല്ലപ്പെട്ടത്. ദിവ്യ മരിച്ചുകിടക്കുന്നത് കണ്ടതായി അമ്മൂമ്മ ശാന്ത പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വരന്തരപ്പിള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ദിവ്യയുടെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തിയപ്പോൾ കഴുത്തിൽ സംശയാസ്പദമായ കറുത്ത പാട് കണ്ടെത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സയൻ്റിഫിക് ഓഫീസർ ലക്ഷ്മി നടത്തിയ പരിശോധനയിൽ ദിവ്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. ഇതിന് പിന്നാലെ ദിവ്യയുടെ ഭർത്താവ് കുഞ്ഞുമോനെ ചോദ്യം ചെയ്യുകയായിരുന്നു. കൂടാതെ ദിവ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും മരണം കൊലപാതകമാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ സ്ഥിരീകരിച്ചു.
കുഞ്ഞുമോനെ വിശദമായി ചോദ്യം ചെയ്തപ്പോൾ, ദിവ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടോ എന്ന സംശയത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വെളിപ്പെടുത്തി. കറുത്ത ചരട് ഉപയോഗിച്ചാണ് താൻ കൊലപാതകം നടത്തിയതെന്നും കുഞ്ഞുമോൻ കുറ്റസമ്മതിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കുഞ്ഞുമോനെ കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.