Monday
25 Mar 2019

കേരളം കരുതണം: ഈ മഹാമാരി പടരുന്നു

By: Web Desk | Thursday 10 January 2019 11:00 AM IST


സംസ്ഥാനം ഈ മഹാമാരിയ്ക്കായി കരുതൽ എടുക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ തന്നെ രോഗം കണ്ടെത്തിയവരില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 14 പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായതിനെത്തുടര്‍ന്നാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.

പുതിയതായി കണ്ടെത്തിയ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാടാണ്. ഇവിടെ 50പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറത്ത് 25 ഉം തൃശൂരില്‍ 15 ഉം കണ്ണൂരില്‍ 14ഉം എറണാകുളത്തും തിരുവനന്തപുരത്തും10 പേര്‍ക്ക് വീതവും കോഴിക്കോട് ഏഴും കാസര്‍കോഡ് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മൈക്കോബാക്ടീരിയം ലെപ്രേ, മൈക്കോബാക്ടീരിയം ലെപ്രോമാറ്റോസിസ് എന്നീ ഇനങ്ങളിൽ പെട്ട ബാക്ടീരിയ വഴി ഉണ്ടാകുന്ന ഒരു കഠിനരോഗമാണ് കുഷ്ഠം. രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന വൈദ്യന്റെ പേരു പിന്തുടർന്ന് “ഹാൻസന്റെ രോഗം” എന്ന പേരിലും ഇതറിയപ്പെടുന്നു.

പൂർണമായി ചികിത്സിച്ചു മാറ്റാം; പ്രധാനം മുൻകരുതൽ

രോഗബാധിതരിൽ നിന്നു വായുവിലൂടെയാണു രോഗാണുക്കൾ മറ്റുള്ളവരിലേക്കെത്തുക. രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കൾ അന്തരീക്ഷത്തിലേക്കു പടരാം. രോഗികൾ എത്രയും വേഗം ചികിത്സ തേടുകയാണു പ്രധാനം.

∙ പരമാവധി മൂന്നാഴ്ചത്തെ ചികിത്സ കൊണ്ടു രോഗം മറ്റുള്ളവരിലേക്കു പടരുന്ന സാധ്യത കുറയ്ക്കാൻ കഴിയും. ചികിത്സയിലൂടെ രോഗം പൂർണമായി ഭേദമാക്കാനും കഴിയും.

∙ ഹിസ്റ്റോയ്ഡ് ഹാൻസൻ എന്നറിയപ്പെടുന്ന തീവ്രാവസ്ഥയിലുള്ള രോഗത്തിനു സാധാരണ കുഷ്ഠരോഗത്തിന്റെ ചികിത്സാമാർഗങ്ങൾ തന്നെയാണുള്ളത്.

∙ സാധാരണ കുഷ്ഠരോഗത്തിനു സ്പർശനശേഷി നഷ്ടപ്പെടൽ, ശരീരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടൽ തുടങ്ങിയ ലക്ഷണങ്ങളാണെങ്കിൽ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗത്തിനു കുരുക്കൾ പ്രത്യക്ഷപ്പെടലാണു പ്രധാന ലക്ഷണം. അതുകൊണ്ടുതന്നെ തിരിച്ചറിയാൻ വൈകും.

∙ ശരീരത്തിലെ തണുപ്പുള്ള ഭാഗങ്ങളിലാണു കുരുക്കൾ പ്രത്യക്ഷപ്പെടുക. കൈമടക്കുകൾ പോലെ ചൂടുള്ള ഭാഗങ്ങളിൽ ഇവയുണ്ടാകില്ല.