Saturday
14 Dec 2019

ചരിത്രത്തിലേക്ക് നടന്നുകയറിയ ജാഥ

By: Web Desk | Monday 21 January 2019 10:48 PM IST


ജയന്‍ മഠത്തില്‍

ചരിത്രപാഠങ്ങള്‍ മറന്നുപോയ മലയാളിയെ അത് ഓര്‍മ്മിപ്പിക്കുകയായിരുന്നു യുവകലാസാഹിതിയുടെ സാംസ്‌കാരിക ജാഥ. വര്‍ത്തമാനകാലത്തെ അറിയണമെങ്കില്‍ ഇന്നലെകളുടെ ചരിത്രത്താളുകളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. ”നിങ്ങള്‍ വാക്കുകളെ ഭയക്കുന്നു. വാക്കുകളെ ഭയക്കുന്നവര്‍ മനുഷ്യരക്തത്തില്‍ അഭിരമിക്കുന്നു. എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ക്കായേക്കും. പക്ഷേ സത്യത്തെ നിശബ്ദമാക്കാനാകില്ല. എന്നെന്നേക്കുമായി അവഗണിക്കാനാവാത്തതാണ് സത്യവും അഗ്നിയും. അവ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് ജ്വലിച്ചുകൊണ്ടേയിരിക്കും” എന്ന് സ്വന്തം ചോരകൊണ്ടെഴുതി ചരിത്രമായി മാറിയ എം എം കല്‍ബുര്‍ഗിയുടെ അക്ഷരങ്ങളെ നെഞ്ചേറ്റിക്കൊണ്ടാണ് യുവകലാസാഹിതി സംസ്ഥാനപ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സാംസ്‌കാരിക യാത്ര വിപ്ലവത്തിന്റേയും നവോത്ഥാന മൂല്യങ്ങളുടെയും ഊര്‍ജ്ജം പേറുന്ന കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. ‘ജാതിയല്ല, മതമല്ല മനുഷ്യനാണ് പ്രധാനം’ എന്ന സന്ദേശം ജില്ലയില്‍ നടന്ന ഏഴ് സ്വീകരണ യോഗങ്ങളിലും പങ്കെടുത്ത ആയിരക്കണക്കിന് ജനഹൃദയങ്ങളിലേക്ക് മുദ്രണം ചെയ്തുകൊണ്ട് ജാഥ ചാത്തന്നൂരില്‍ സമാപിച്ചു.
കാലം കൊത്തിവച്ച നവോത്ഥാനമൂല്യങ്ങളെ പുനഃസൃഷ്ടിക്കാനും ഓര്‍മ്മപ്പെടുത്താനുമാണ് ജാഥാംഗങ്ങളും കലാകാരന്മാരും ശ്രമിച്ചത്. അവയ്ക്ക് ഒരുണര്‍ത്തുപാട്ടിന്റെ ഈണമുണ്ടായിരുന്നു. ഉയിര്‍ത്തെഴുന്നേല്പിന്റെ കരുത്തുണ്ടായിരുന്നു. പാരമ്പര്യമൂല്യങ്ങള്‍ ആവാഹിച്ച് ഭാവിയിലേക്ക് കുതിക്കുന്ന പുരോഗമന കാഴ്ചപ്പാടിന്റെ നിലാവെട്ടമുണ്ടായിരുന്നു.
വിപ്ലവത്തിന്റെ ചൂടും ചൂരും ഏറ്റെടുത്ത് രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തില്‍ ആഴത്തിലടയാളപ്പെടുത്തിയ കടയ്ക്കല്‍ വിപ്ലവത്തിന്റെ നാട്ടിലായിരുന്നു ആദ്യസ്വീകരണം. കടയ്ക്കല്‍ ടാക്‌സി സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന സ്വീകരണത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. നവോത്ഥാനമൂല്യങ്ങളെ അടയാളപ്പെടുത്തുന്ന കലാപരിപാടികളും ജാഥയിലുടനീളം അരങ്ങേറി. എം എം സജീന്ദ്രന്‍ രചനയും മനോജ് സംവിധാനവും ചെയ്ത ‘ഇന്നലെ ചെയ്‌തൊരബദ്ധം’ എന്ന നാടകം തിരിച്ചറിവാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത് എന്ന ആശയത്തെ പ്രേക്ഷക മനസ്സിലേക്ക് പ്രവഹിപ്പിച്ചു. വിപ്ലവത്തിന്റെ തീത്തലപ്പുകൊണ്ട് ചരിത്രം രചിച്ച ശൂരനാട് രക്തസാക്ഷികളുടെ നാട്ടിലൂടെയാണ് സാംസ്‌കാരിക യാത്ര സഞ്ചരിച്ചത്.
കുന്നത്തൂരില്‍ ജാഥയ്ക്ക് ഉജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ശാസ്താംകോട്ട ജംഗ്ഷനില്‍ തീര്‍ത്ത അമ്പത് മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ നൂറുകണക്കിന് കോളജ് വിദ്യാര്‍ത്ഥികളും യാത്രക്കാരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. സാമൂഹികരംഗം കലാപകലുഷിതമാക്കിയ വര്‍ഗീയ ശക്തികള്‍ക്കെതിരേയാണ് നിറങ്ങള്‍ കൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും അവര്‍ പ്രതിരോധം തീര്‍ത്തത്. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും നാടന്‍ പാട്ടുകാരനുമായ പി എസ് ബാനര്‍ജി വരയരങ്ങ് ഉദ്ഘാടനം ചെയ്തു. ശാരദമോഹന്‍, ഗീത നസീര്‍, ആര്‍ട്ടിസ്റ്റ് കുട്ടന്‍, ആന്റേഴ്‌സണ്‍, എഡ്വേര്‍ഡ്, പ്രകാശ് കുട്ടന്‍, ആര്‍ട്ടിസ്റ്റ് അമ്പിളി തുടങ്ങിയവര്‍ വരകള്‍ കൊണ്ട് പ്രതിഷേധിച്ചു.
പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയുടെ അശാസ്ത്രീയമായ കരിമണല്‍ ഖനനം കൊണ്ട് ഒരു നാടാകെ കടലെടുക്കുമ്പോള്‍ സമരം കൊണ്ട് പ്രതിരോധം തീര്‍ത്ത ആലപ്പാട്ടെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാഥാംഗങ്ങള്‍ എത്തി. ജാഥാക്യാപ്റ്റനെ സമരസമിതി ചെയര്‍മാന്‍ ചന്ദ്രദാസ് പൊന്നാടയണിയിച്ച് സ്വീകരിച്ചു. ജാഥാക്യാപ്റ്റന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശന്‍, ഗീത നസീര്‍, ശാരദ മോഹന്‍ തുടങ്ങിയവര്‍ സമരക്കാരെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു.25 വര്‍ഷം മുമ്പ് നടന്ന പരിസ്ഥിതി ജലയാത്രയില്‍ ഉയര്‍ത്തിയ മുദ്രാവാക്യം തന്നെയാണ് ഇന്നും യുവകലാസാഹിതിയ്ക്കുള്ളതെന്നും അതിന് പിന്മടക്കമില്ലാത്ത പോരാട്ടത്തിന്റെ ഐക്യപ്പെടലാണെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ദേശീയത, മാനവികത, ബഹുസ്വരത എന്നിവയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു സാംസ്‌കാരിക യാത്ര. കല്ലുമാല സമരം നടത്തി നവോത്ഥാന പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന കൊല്ലത്ത് ജാഥയ്ക്ക് വന്‍വരവേല്‍പ് നല്‍കി. സ്വീകരണത്തിന് മുന്നോടിയായി യുവകലാസാഹിതിയിലെ കലാകാരന്മാരും കലാകാരികളും അണിനിരന്ന നാടന്‍പാട്ട് ഉണ്ടായിരുന്നു. ”പാട്ടും വരുന്തക്കെട്ടും ഞാന്‍ പണ്ടേ മറന്നേ… കൊട്ടും കുരവയും ഞാന്‍ പണ്ടേ കളഞ്ഞേ…” നാടന്‍ പാട്ടിന്റെ ശീലില്‍ എട്ടോളം ചിത്രകാരന്മാര്‍ ഫാസിസത്തിനും നവോത്ഥാന മൂല്യസംരക്ഷണത്തിനും 20 മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചു. ബിനു കൊട്ടാരക്കര, ശൈലേന്ദ്രബാബു, പി എസ് ആസാദ്, പ്രകാശ്, ബിജുകൃഷ്ണന്‍ നിറക്കൂട്ട്, ജയപ്രകാശ് പഴയിടം, സലിംബാബു, ശ്യാംലാല്‍ ഐവര്‍കാല എന്നിവര്‍ ചിത്രരചനയില്‍ പങ്കെടുത്തു. നവോത്ഥാനമൂല്യങ്ങളെ ഇല്ലാതാക്കി കേരള ചരിത്രത്തെ പിറകോട്ടടിക്കുന്നവര്‍ക്കെതിരേയുള്ള പ്രതിഷേധമായിരുന്നു ഇവരുടെ ബ്രഷുകളുടെ ഓരോ സ്‌ട്രോക്കും.
ചിന്നക്കട ബസ്‌ബേയില്‍ നടന്ന സ്വീകരണ യോഗം സിപിഐ സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. ചരിത്രത്ത പിറകോട്ട് നടത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ യുവകലാസാഹിതിയുടെ സാംസ്‌കാരിക യാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സാംസ്‌കാരിക ഫാസിസം നമ്മുടെ ബഹുസ്വരതയെ അട്ടിമറിക്കുകയാണെന്ന് സ്വീകരണം ഏറ്റുവാങ്ങി ജാഥാക്യാപ്റ്റന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. അധികാരം ഉപയോഗിച്ച് ഇവിടെ സാംസ്‌കാരിക ഭീകരത ഉണ്ടാക്കുകയാണ്. അതിനെ എതിര്‍ക്കുന്നവരെ നിഷ്ഠുരമായി ഇല്ലാതാക്കുന്നു. നിശബ്ദത ഒരു ക്രിമിനല്‍ കുറ്റമായി മാറുകയാണ്. ജാഗ്രതയോടുകൂടി ഉണരേണ്ട ഒരു കാലമാണിത്. പല സംഘടനകളും നിശബ്ദരായിരിക്കുന്ന കാലത്താണ് ചെറിയൊരു ചലനമെങ്കിലും ഉണ്ടാക്കാന്‍ യുവകലാസാഹിതി ജാഥയുമായി കേരളീയ സമൂഹത്തിലേക്ക് യാത്രയായത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നടന്ന സാംസ്‌കാരിക മുന്നേറ്റങ്ങള്‍ ഓര്‍മ്മയില്ലാതിരിക്കുകയും അയ്യായിരം കൊല്ലം മുമ്പ് നടന്ന ഒരാളിന്റെ ജന്മഭൂമി അടയാളപ്പെടുത്തുകയും ചെയ്യുന്ന കാലമാണിത്. ഭക്ഷണത്തില്‍ വിവേചനം ഉണ്ടാക്കുന്നു. എഴുത്തുകാര്‍ക്ക് എഴുത്ത് നിര്‍ത്തേണ്ടിവരുന്നു. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സുപ്രീംകോടതി വിധി പോലും നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവിടെയുണ്ടാക്കിയ അരാജകത്വം കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയണമെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞുനിര്‍ത്തി.
കൊല്ലം ജില്ലയില്‍ അഞ്ചല്‍, കടയ്ക്കല്‍, കൊട്ടാരക്കര, ഭരണിക്കാവ്, കരുനാഗപ്പള്ളി, ചിന്നക്കട എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചാത്തന്നൂരില്‍ സമാപിച്ചു. സാംസ്‌കാരിക ജാഥ ഇന്ന് തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന് ശേഷം സമാപിക്കും.

Related News